തീവണ്ടി തട്ടി യുവാവിന് സാരമായ പരിക്ക്


കൃഷ്ണൻ മാസ്റ്ററെ സോഫയിലേക്ക് തള്ളിയിട്ടു. ഭാര്യ മുൻ അധ്യാപിക പി.വി. ജാനകിയുടെയും കൈകൾ കെട്ടി.

പള്ളിക്കര : പാർക്ക് കാണനെത്തിയ യുവാവിന് തീവണ്ടി തട്ടി സാരമായ പരിക്ക്. ഒടയംചാൽ സ്വദേശി ഡോയി(40)യെ ആണ് മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ഏഴരയോടെയാണ് സംഭവം. കുടുംബവുമൊന്നിച്ച് പള്ളിക്കര ബീച്ചിൽ വന്ന ഡോയി വീട്ടുകാരെ ബീച്ചിലാക്കി പള്ളിക്കര കവലയിലേക്ക് പോയിരുന്നു. തിരികെ വരുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. മംഗളൂരൂ ഭാഗത്തേക്ക് പോകുന്ന തീവണ്ടിയാണ് തട്ടിയത്. ഇടത് കൈപ്പത്തി പൂർണമായും ഒടിഞ്ഞുതൂങ്ങിയ നിലയിലാണ്. ഇടതുകാൽ മുട്ടിനും അതേഭാഗത്ത് തലയ്ക്കും പരിക്കേറ്റ് പാളത്തിനരികിൽ വീണ യുവാവിനെ പള്ളിക്കര പഞ്ചായത്ത് ഡിസാസ്റ്റർ മാനേജ്മെന്റ് കമ്മിറ്റി അംഗം മുഹമ്മദ് യൂസഫ്, തീരദേശ പോലീസിലെ രമേശൻ, പ്രശാന്ത് എന്നിവർ ചേർന്ന് പ്രഥമശുശ്രൂഷ നൽകി. തുടർന്ന് ഇവർതന്നെ കാഞ്ഞങ്ങാട് സിറ്റി ആസ്പത്രിയിലെത്തിച്ചുവെങ്കിലും പരിക്ക് സാരമുള്ളതിനാൽ രാത്രിതന്നെ മംഗളൂരുവിലേക്ക് മാറ്റി. രക്ഷാപ്രവർത്തകർ വിവരമറിയിച്ചതിനെ തുടർന്ന് ഡോയിയുടെ സഹോദരനും കുടുംബാംഗങ്ങളും എത്തി യുവാവിനൊപ്പം പോയിട്ടുണ്ട്.

മുസ്‌ലിം ലീഗ് സുഹൃദ്‌സംഗമവും പ്രവർത്തക കൺവെൻഷനും

കാസർകോട് : മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നയിക്കുന്ന ജില്ലാതല സുഹൃദ്‌സംഗമവും പ്രവർത്തക കൺവെൻഷനും ജൂൺ രണ്ടിന് ആരംഭിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

രാവിലെ 10-ന് കാസർകോട് കൊല്ലങ്കാനം ട്രിബ്യൂൺ റിസോർട്ടിൽ നടക്കുന്ന ചടങ്ങിൽ പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ വിവിധ മേഖലകളിലെ പ്രമുഖരെ കാണും. ഉച്ചയ്ക്ക് രണ്ടിന് കാസർകോട് മുനിസിപ്പൽ ടൗൺ ഹാളിൽ പ്രവർത്തക കൺവെൻഷൻ നടത്തും.

കാസർകോട്ടുനിന്ന് ആരംഭിക്കുന്ന പരിപാടി എല്ലാ ജില്ലകളിലും നടത്തി ജൂൺ 23-ന് കോഴിക്കോട് സമാപിക്കും. ഓരോ ജില്ലയിലും മത-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖർ, കലാകായിക രംഗത്തെ മുൻനിരക്കാർ തുടങ്ങിയവരെ പ്രത്യേകം ക്ഷണിച്ച് ആശയവിനിമയം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

പത്രസമ്മേളനത്തിൽ മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദ് അലി, ജില്ലാ പ്രസിഡന്റ് ടി.ഇ. അബ്ദുള്ള, ജനറൽ സെക്രട്ടറി എ. അബ്ദുൾ റഹ്മാൻ, ട്രഷറർ കല്ലട്ര മാഹിൻ ഹാജി, എ.കെ.എം. അഷ്‌റഫ് എം.എൽ.എ. എന്നിവർ സംബന്ധിച്ചു.

റോഡ് സുരക്ഷയ്ക്ക് നിർദേശം

കാസർകോട് : കാസർകോട് -കാഞ്ഞങ്ങാട് സംസ്ഥാനപാതയിൽ തുടർച്ചയായി നടക്കുന്ന അപകടങ്ങൾ കുറയ്ക്കുന്നതിനായി പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യുട്ടീവ് എൻജിനിയർ തയ്യാറാക്കിയ 60 ലക്ഷം രൂപയുടെ പദ്ധതി നിർദേശം റോഡ് സേഫ്റ്റി കമ്മിഷണർക്ക് സമർപ്പിച്ചതായി കളക്ടർ സ്വാഗത് ആർ. ഭണ്ഡാരി അറിയച്ചു.

ദേലംപാടി പഞ്ചായത്തിലെ പള്ളങ്കോട്-പുഴക്കര-ബദന റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് തയ്യാറാക്കിയ 40,88,067 രൂപയുടെ പദ്ധതിയും അയച്ചിട്ടുണ്ട്. കാസർകോട്-കാഞ്ഞങ്ങാട് സംസ്ഥാനപാതയിൽ കാസർകോട് പ്രസ്‌ക്ലബ്ബ്, മേൽപ്പറമ്പ്, കോട്ടച്ചേരി എന്നീ മൂന്ന്‌ ജങ്‌ഷനുകളിൽ ട്രാഫിക് സിഗ്‌നൽ സംവിധാനം സ്ഥാപിക്കുന്നതിനും കളനാട്, പാലക്കുന്ന്, ബേക്കൽ, പള്ളിക്കര, ബേക്കൽ പാലം എന്നിവിടങ്ങളിൽ മുന്നറിയിപ്പ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനുള്ള നിർദേശങ്ങളുമാണ് നടപടികൾക്കായി റോഡ് സേഫ്റ്റി കമ്മിഷണർക്ക് അയച്ചിട്ടുള്ളത്.

ആസ്പത്രി പരിസരം ശുചീകരിച്ചു

വെള്ളരിക്കുണ്ട് : സി.ഐ.ടി.യു. സ്ഥാപകദിനത്തിന്റെ ഭാഗമായി ആശാ വർക്കർമാരുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് കുടുംബാരോഗ്യകേന്ദ്ര പരിസരത്ത് ശുചീകരണം നടത്തി. സി.ഐ.ടി.യു. ബളാൽ പഞ്ചായത്ത് സെക്രട്ടറി ടി.വി.തമ്പാൻ, സണ്ണി മങ്കയം, ഷേർലി ജോൺസൺ, ലളിത ദാമോദരൻ, ആലീസ് സ്കറിയ, എം.സുലോചന എന്നിവർ നേതൃത്വം നൽകി.

അധ്യാപകർക്ക്വേതനം നൽകണം

തൃക്കരിപ്പൂർ : എസ്.എസ്.എൽ.സി. ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്തിയ അധ്യാപകർക്ക് യഥാസമയം വേതനം അനുവദിക്കണമെന്ന് കെ.പി.എസ്.ടി.എ. ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പ്രശാന്ത് കാനത്തൂർ അധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി ജി.കെ.ഗിരിജ, നിർവാഹകസമിതി അംഗങ്ങളായ പി.ശശിധരൻ, എ.വി.ഗിരീശൻ, ജി.കെ.ഗിരീഷ്, കെ.അനിൽകുമാർ, ജില്ലാ സെക്രട്ടറി കെ.ശ്രീനിവാസൻ, കെ.വി.വാസുദേവൻ നമ്പൂതിരി, ജോർജ് തോമസ്, ഷീല ചാക്കോ, അശോകൻ കോടോത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

റെയിൽവേ ഗേറ്റ് അടച്ചിടും

ഉദിനൂർ : നടക്കാവ്-പടന്ന റോഡിൽ 267-ാം നമ്പർ റെയിൽവേ ഗേറ്റ് ബുധനാഴ്ച രാവിലെ എട്ടുമുതൽ മൂന്നിന് വൈകീട്ട് അഞ്ചുവരെ അടച്ചിടുമെന്ന് റെയിൽവേ സീനിയർ സെക്‌ഷൻ എൻജിനിയർ അറിയിച്ചു.

വര: വിജേഷ് വിശ്വം

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..