തളങ്കര : ആളില്ലാത്ത വീട്ടിൽനിന്ന് സ്വർണവും പണവും കവർന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ യുവാവിനെ നാട്ടുകാർ ചേർന്ന് പിടിച്ചു. കണ്ണൂർ മട്ടന്നൂർ സ്വദേശി വിജേഷ് (26) ആണ് കാസർകോട്ട് പിടിയിലായത്. തളങ്കര പള്ളിക്കാൽ റെയിൽവേട്രാക്കിന് സമീപത്തെ ശിഹാബ് തങ്ങളുടെ വീട്ടിൽനിന്ന് സ്വർണവും പണവും കവർന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് ഇയാളെ നാട്ടുകാർ പിടിച്ച് പോലീസിലേൽപ്പിച്ചത്. വീട്ടുകാർ പുറത്തുപോയ സമയത്ത് വീട് കുത്തിത്തുറന്ന് ആറുപവന്റെ ആഭണവും കുട്ടികൾ ഭണ്ഡാരത്തിൽ സൂക്ഷിച്ചിരുന്ന പണവുമാണ് ഇയാൾ കവർന്നത്.
പുതിയ വീടിന്റെ പണി നടക്കുന്നതിനാൽ ശിഹാബും കുടുംബവും അവിടെപോയി തിരിച്ചുവരുമ്പോൾ വീട്ടിൽനിന്ന് രണ്ടുപേർ ഓടിപ്പോകുന്നത് കണ്ടു. ശിഹാബ് ഇവരെ തടയാൻ ശ്രമിച്ചെങ്കിലും രണ്ടുപേരും രക്ഷപ്പെട്ടു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ സമീപത്തെ വീടിന്റെ മട്ടുപ്പാവിൽനിന്നാണ് വിജേഷിനെ കണ്ടെത്തിയത്. രണ്ടുപേർ ചേർന്നാണ് മോഷണം നടത്തിയതെങ്കിലും ഒരാളെമാത്രമേ നാട്ടുകാർക്ക് പിടിക്കാൻ സാധിച്ചുള്ളൂ. തുടർന്ന് പോലീസെത്തി നടത്തിയ ചോദ്യംചെയ്യലിൽ പിടിയിലായ യുവാവ് കുറ്റം സമ്മതിച്ചു. കവർന്ന സ്വർണവും പണവും ഓടിരക്ഷപ്പെട്ടയാളുടെ കൈയിലാണെന്നാണ് ഇയാൾ പോലീസിന് നൽകിയ മൊഴി. അയാളെ തിരിച്ചറിഞ്ഞതായി കാസർകോട് ടൗൺ എസ്.ഐ. വിഷ്ണുപ്രസാദ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..