ആരോഗ്യമന്ത്രി തുറന്നുപറഞ്ഞുഉദ്ഘാടനം ചെയ്ത അമ്മയും കുഞ്ഞും ആസ്പത്രിക്ക്‌ കെട്ടിട നമ്പറുൾപ്പെടെ കിട്ടിയിട്ടില്ലെന്ന്


മന്ത്രിയുടെ വിശദീകരണംനിയമസഭയിൽ

കാഞ്ഞങ്ങാട് : ഒന്നേകാൽവർഷം മുൻപ്‌ അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്ത കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആസ്പത്രിയെക്കുറിച്ച് ഇപ്പോഴത്തെ ആരോഗ്യമന്ത്രി വീണാ ജോർജ് നിയമസഭയിൽ നൽകിയ വിശദീകരണം ഇങ്ങനെ: 'കെട്ടിടത്തിന് നമ്പർ കിട്ടിയില്ല. അപേക്ഷ നൽകിയിട്ടുണ്ട്. അഗ്നിരക്ഷാസേനയുടെ സാക്ഷ്യപത്രം കിട്ടിയിട്ടില്ല. വൈദ്യുതി കണക്ഷൻ കിട്ടണം. അതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി. കെട്ടിടത്തിന്റെ ടെറസിനു മുകളിൽ ഷീറ്റ് പതിക്കുന്ന പണി നടക്കുന്നു. ആധുനിക ശസ്ത്രക്രിയാ മുറി, മെഡിക്കൽ ഗ്യാസ് പൈപ്പ് ലൈൻ എന്നിവയുടെ പണി നടക്കുന്നതേയുള്ളൂ. ലിഫ്റ്റിന്റെ പണി തുടങ്ങിയിട്ടേയില്ല. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കും പൂർത്തീകരിക്കാനുണ്ട്. മെഡിക്കൽ ഉപകരണം വാങ്ങിയില്ല. 1.60 കോടി രൂപയുടെ ഉപകരണങ്ങളാണ് വാങ്ങേണ്ടത്. അതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയായിട്ടുണ്ട്. 15 ഡോക്ടർമാർ ഉൾപ്പെടെ 37 സ്ഥിരം ജീവനക്കാരെ നിയമിക്കാനുള്ള ശ്രമം നടത്തുന്നു. ഏഴ്‌ സ്റ്റാഫ് നഴ്‌സ്, രണ്ട്‌ ഫാർമസിസ്റ്റ്, രണ്ട്‌ ക്ലാർക്ക്, ഒരു ഓഫീസ് അറ്റൻഡർ എന്നിങ്ങനെയുള്ള തസ്തികകൾ നേരത്തെ അനുവദിച്ചിട്ടുണ്ട്.'

അതേസമയം എത്രയും പെട്ടെന്ന് ഈ ആസ്പത്രിയുടെ പ്രവർത്തനം തുടങ്ങുമെന്ന ഉറപ്പും മന്ത്രി നൽകുന്നു. ഇ. ചന്ദ്രശേഖരൻ എം.എൽ.എ.യുടെ സബ് മിഷനുള്ള മറുപടിയിലാണ് മന്ത്രിയുടെ കൃത്യമായ വിശദീകരണം. പ്രസവമുറി, ശസ്ത്രക്രിയ വിഭാഗം, തീവ്രപരിചരണ വിഭാഗം തുടങ്ങിയ സംവിധാനങ്ങളോടുള്ള കെട്ടിടമാണ് പൂർത്തിയാക്കിയതെന്നും മന്ത്രിയുടെ മറുപടിയിലുണ്ട്.

2021 ഫെബ്രുവരി എട്ടിനാണ് അന്നത്തെ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ അമ്മയും കുഞ്ഞും ആസ്പത്രി ഉദ്ഘാടനം ചെയ്തത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതിന്‌ തൊട്ടുമുൻപുള്ള ഉദ്ഘാടന മാമാങ്കം. ആസ്പത്രിക്ക് കെട്ടിടം ഉയർന്നുവെന്ന് മാത്രമേയുള്ളൂ. അനുബന്ധ സൗകര്യങ്ങളൊന്നുമായിട്ടില്ലെന്ന് ജില്ലാ ആരോഗ്യവകുപ്പുദ്യോഗസ്ഥരുടെ റിപ്പോർട്ടുകളൊന്നും പരിഗണിക്കാതെയായിരുന്നു ഉദ്ഘാടനം. അധികം വൈകാതെ ഇവിടെ കിടത്തിച്ചികിത്സ തുടങ്ങുമെന്ന് ഉദ്ഘാടനപ്രസംഗത്തിൽ മന്ത്രി വ്യക്തമാക്കുകയും ചെയ്തു. ഒന്നേകാൽ വർഷം കഴിഞ്ഞു. ഇനിയും പൂർത്തിയാക്കേണ്ട പ്രവൃത്തിയുടെ നീളുന്ന പട്ടികയെക്കുറിച്ചാണ് ഇപ്പോഴും സർക്കാർ പറയുന്നത്. കോൺഗ്രസും യൂത്ത്‌ കോൺഗ്രസും ബി.ജെ.പി.യുമെല്ലാം എത്രയോ സമരം നടത്തി. ആസ്പത്രി തുറന്നില്ല. ഒരുമാസത്തിനുള്ളിൽ ആസ്പത്രി തുറന്നില്ലെങ്കിൽ അനിശ്ചിതകാല നിരാഹാരസമരം പ്രഖ്യാപിച്ചിരിക്കുകയാണ് യൂത്ത്‌ കോൺഗ്രസ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..