കാഞ്ഞിരംപോലെ കയ്‌പ്പുള്ള കഥകൾ


: കാഞ്ഞിരക്കൂട്ടം എന്നർഥം വരുന്ന 'കുസിരക്കോട്' എന്ന കന്നഡ വാക്കിൽനിന്നാണ് ജില്ലയ്ക്ക് കാസർകോട് എന്ന പേര് ലഭിച്ചതെന്നാണ് പറയപ്പെടുന്നത്. സ്വർണക്കടത്ത്-ഹവാല ഇടപാടുകളുടെ ഭാഗമായി കാഞ്ഞിരംപോലെ കയ്പുള്ള ഒട്ടേറെ അനുഭവങ്ങളും കടത്തുകാരായും ഇടനിലക്കാരായും പ്രവർത്തിച്ചവർക്ക് പറയാനുണ്ട്. കാലത്തിന്റെ പെരുവെള്ളപ്പാച്ചിലിൽ പെട്ട് നിയോഗംപോലെ ഒഴുകിയെത്തി ഈ മാഫിയയുടെ ചുഴിയിൽ പെട്ട് അപ്രത്യക്ഷമായവരും രക്തസാക്ഷികളായവരുമായി നിരവധി പേരുണ്ട്. എല്ലാം നിർത്തണമെന്നും സ്വസ്ഥമായൊരു ജീവിതത്തിലേക്ക് മടങ്ങിവരണമെന്നും ആഗ്രഹിച്ചിട്ടും കഴിയാതെ മാഫിയക്കുരുക്കിൽനിന്ന് പുറത്തുകടക്കാനാകാതെ ജീവിതം ഹോമിക്കപ്പെട്ടവരുമായ എത്ര ജന്മങ്ങൾ. കയ്‌പ്പേറിയ അനുഭവത്തോടൊപ്പം ചിരിപടർത്തുന്ന മണ്ടത്തരങ്ങളും കഷ്ടകാലംകൊണ്ടോ ഭാഗ്യംകൊണ്ടോ ഒക്കെ അധികൃതരുടെ കൈയിൽനിന്ന്‌ വഴുതിപ്പോയ കഥകളുമുണ്ട്.

പതിനാറുവർഷം മുൻപ്‌ നടന്നതാണ്. സ്വന്തം കൂടപ്പിറപ്പിനെ രക്ഷിക്കാനായി ചെയ്തത് കുടുംബത്തെ അപകടത്തിലാക്കിയ ഒരു വീട്ടമ്മയുടെ അനുഭവം. ബേക്കലിനടുത്ത് താമസിക്കുന്ന കുടുംബത്തിന്റെ പൂർവികർ കോഴിക്കോട് കൊടുവള്ളിക്കാരാണ്. ഈ കുടുംബത്തിലെ ഏറ്റവും ഇളയ മകൻ വിദൂര വിദ്യാഭ്യാസം വഴി പ്ലസ്ടുവും അക്കൗണ്ടിങ്ങും കഴിഞ്ഞ് തൊഴിലന്വേഷിച്ച്‌ നടക്കുന്ന കാലം.

വലിയ ശമ്പളവും കുടുംബത്തിലെ ബാധ്യതകളും പെട്ടെന്ന് തീർക്കാനുള്ള എളുപ്പവഴി എന്ന നിലയിൽ വിദേശത്തേക്ക് പോകാനുള്ള ശ്രമമായിരുന്നു പ്രധാനം. ഒടുവിൽ ഒരു വിസ ഒത്തുകിട്ടി. കടം വാങ്ങിയും പെങ്ങളുടെയും ഉമ്മയുടെയും സ്വർണം ബാങ്കിൽ പണയപ്പെടുത്തിയും ടിക്കറ്റെടുക്കാനും യാത്രച്ചെലവിനുമുള്ള പണം കണ്ടെത്തി. വിദേശത്ത് എത്തിയ യുവാവ് രണ്ടുമാസം കഴിഞ്ഞപ്പോൾ ആദ്യത്തെ കത്തയച്ചു. ഹോട്ടലിൽ അക്കൗണ്ടന്റായ താൻ ഇവിടെ ഒഴിവ് സമയങ്ങളിൽ മറ്റു തൊഴിലുകൾ ചെയ്യാറുണ്ടെന്നും തന്റെ ചെലവിനുള്ള പണം അതിലൂടെ കണ്ടെത്തുന്നുണ്ടെന്നും വീട്ടുകാർക്കെഴുതി.

നാലുവർഷത്തിനിടയിൽ മൂന്നുതവണ ഇയാൾ അവധിക്ക് നാട്ടിൽ വന്നു. കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ കുടുംബത്തിന്റെ ബാധ്യതകളെല്ലാം തീർത്തു. വീട്ടുകാർക്കും ബന്ധുക്കൾക്കും സന്തോഷമായി. ഇതിനിടയിൽ ഇയാൾക്കുള്ള കല്യാണ ആലോചനകളും നടന്നു. മൂന്നാമത്തെ വരവിൽ പെണ്ണ് കണ്ട് ഇഷ്ടപ്പെട്ട് വാക്കാൽ ഉറപ്പിച്ച് ഗൾഫിലേക്ക് വീണ്ടും പോയി. ആറുമാസം കഴിഞ്ഞ് അവധിക്ക് വരുമ്പോൾ കല്യാണം നടത്താമെന്നും ഇരു കുടുംബക്കാരും തീരുമാനിച്ചു. പെട്ടെന്നാണ് എല്ലാം തകിടം മറിച്ച് യുവാവിനെ വിദേശത്ത് കാണാതാകുന്നത്.

കഥകൾ പലതും പ്രചരിച്ചു. വിദേശത്ത് കല്യാണം കഴിഞ്ഞെന്നും ഇനിയൊരു മടക്കമില്ലെന്നും കൂട്ടുകാർ തമ്മിലുണ്ടായ തർക്കത്തിൽ കൊല്ലപ്പെട്ടുവെന്നും തരത്തിലുള്ള പ്രചരണങ്ങൾ. രണ്ട് മാസം കഴിഞ്ഞപ്പോൾ യുവാവിന്റെ കത്ത് വന്നു. തന്റെ ജീവൻ അപകടത്തിലാണെന്നും രക്ഷപ്പെടണമെങ്കിൽ രണ്ടുകോടിയോളം രൂപ വേണമെന്നുമാണ്‌ അതിലുണ്ടായിരുന്നത്.

ഒഴിവുസമയത്തെ ‘തൊഴിൽ’

വീട്ടുകാർ പോലീസിനെ അറിയിച്ചു. പോലീസ് അന്വേഷണത്തിൽ ആദ്യ കത്തിലുണ്ടായിരുന്ന ഒഴിവുസമയങ്ങളിലെ 'തൊഴിൽ' കള്ളക്കടത്ത് സംഘത്തിനെ സഹായിക്കുകയാണെന്നു വ്യക്തമായി. ഇടപാടുകാർ തമ്മിലുണ്ടായ തർക്കമാണ് ഇദ്ദേഹത്തിന്റെ തിരോധാനത്തിലേക്ക് നയിച്ചതെന്നും പോലീസ് കണ്ടെത്തി. നാലുവർഷത്തിനിടയിലെ മൂന്ന് വരവിലായി ലക്ഷക്കണക്കിനു രൂപയുടെ സ്വർണമാണ് ഇയാൾ നാട്ടിലെത്തിച്ചത്. നാലാമത്തെ കടത്തിനായി മാഫിയ സമീപിച്ചപ്പോൾ തനിക്ക് താത്പര്യമില്ലെന്നും താൻ ഇനി ഇത്തരം ജോലി ചെയ്യില്ലെന്നും അറിയിച്ചു. ഇഷ്ടത്തോടെയല്ല ഈ തൊഴിലെടുത്തതെന്നും തനിക്ക് മനസ്സമാധനമില്ലെന്നും ഇയാൾ എല്ലാ കാര്യങ്ങളും പങ്കുവയ്ക്കുന്ന സ്വന്തം പെങ്ങളെ അറിയിച്ചിരുന്നു. കല്യാണം കഴിക്കുമ്പോൾ താൻ പുതിയ മനുഷ്യനായിരിക്കുമെന്നും വാക്കുനൽകിയിരുന്നു. പെങ്ങളാണ് പോലീസിനോട് രഹസ്യമായി ഈ കഥകൾ പറഞ്ഞത്. തങ്ങളോട് സഹകരിക്കാത്ത ഇയാളുടെ പെരുമാറ്റത്തിൽ ദുരൂഹത തോന്നിയ മാഫിയ ഇയാളെ തടവിൽ പാർപ്പിച്ചിരിക്കുകയായിരുന്നു.

വീട്ടുകാർ പോലീസിൽ പരാതിപ്പെട്ടതും ഇയാളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചതും അറിഞ്ഞതോടെ മാഫിയക്കാർ അടങ്ങിയിരുന്നില്ല. അടുത്ത ദിവസം തന്നെ ഇരുട്ടിന്റെ മറവിൽ വീടിനു നേരേ അക്രമം നടന്നു. ഒപ്പം ഒരു ഊമക്കത്തും. സഹോദരന്റെ മയ്യത്തിനായി കാത്തിരിക്കേണ്ടെന്നും കടലിലെ മീനുകൾക്ക് ഭക്ഷണമായെന്നുമായിരുന്നു അതിലെ ഉള്ളടക്കം. കുടുംബത്തിന് ഇനി മനസ്സമാധനമായി കഴിയാൻ സാധിക്കില്ലെന്നും ഇതിലുണ്ടായിരുന്നു. അങ്ങനെ കുടുംബം ഇവിടെനിന്ന്‌ താമസം മാറി. കൊടുവള്ളിയിലെ തറവാട് വീടിനോട് ചേർന്ന വാടകക്കെട്ടിടത്തിലേക്ക്. ഒന്നര ദശാബ്ദം പിന്നിട്ടു. കുടുംബം പോറ്റാൻ ഗൾഫിൽ പോയ സഹോദരൻ ജീവനോടെയുണ്ടോ എന്നുപോലുമറിയില്ലെങ്കിലും കാത്തിരിക്കുകയാണ് ഈ സഹോദരിയും കുടുംബവും.

(തുടരും)

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..