ഒടുവിൽ ആന വീട്ടിലുമെത്തി


ഭയന്നുവിറച്ച് തീർഥക്കര ഗ്രാമം

തീർഥക്കരയിലെ ഋഷികേശിന്റെ വീട്ടിനുമുന്നിലുള്ള പ്ലാവിൽനിന്ന്‌ ആന ചക്ക പറിച്ചുതിന്നുന്നു(അടയാളമിട്ട സ്ഥാനത്ത്)

ബേത്തൂർപാറ : ആനക്കൂട്ടം കൃഷി നശിപ്പിക്കുന്നത് തീർഥക്കരക്കാർ ഒട്ടേറെ തവണ കണ്ടിട്ടുണ്ടെങ്കിലും ഇതുവരെ വീടുകയറി അക്രമിച്ചിട്ടില്ല. എന്നാൽ ചൊവ്വാഴ്ച രാത്രി അതും സംഭവിച്ചു. തീർഥക്കരയിലെ ഋഷികേശിന്റെ വീട്ടിലേക്കാണ് ആന പാഞ്ഞടുത്തത്. ഋഷികേശ് വീട്ടിൽ ഒറ്റയ്ക്കാണ് താമസം. അച്ഛനും അമ്മയും സഹോദരനും അണിഞ്ഞയിലുള്ള അച്ഛന്റെ വീട്ടിലാണ്. അമ്മയുടെ വീടായ തീർഥക്കരയിലെ കൃഷി നോക്കിനടത്താനാണ് ഋഷികേശ് ഇവിടെ താമസിക്കുന്നത്.

ചൊവ്വാഴ്ച രാത്രി പുറത്ത് ശബ്ദം കേട്ട് ടോർച്ചുമായി പുറത്തിറങ്ങിയ ഋഷികേശ് കണ്ടത് 10 മീറ്റർ മാത്രമകലെ വേലിക്കരികിലുള്ള പ്ലാവിൽനിന്ന്‌ ചക്ക പറിച്ചുതിന്നുന്ന ഒറ്റയാനെയാണ്. ടോർച്ച് വെളിച്ചം കണ്ടതോടെ ആന ഋഷികേശിനുനേരെ പാഞ്ഞടുത്തു. ജീവനുംകൊണ്ട് വീട്ടിനകത്തേക്ക് ഓടിക്കയറുമ്പോഴേക്കും വേലിയും വീട്ടുമുറ്റത്തെ പന്തലും ആന തകർത്തിരുന്നു. വീട്ടിനകത്തുനിന്ന്‌ പടക്കം കത്തിച്ച് പുറത്തേക്കിട്ടതോടെ ആന പിന്മാറി. വീടിന്റെ കോലായിലാണ് പടക്കം പൊട്ടിയത്.

പടക്കം പൊട്ടിയില്ലായിരുന്നുവെങ്കിൽ ഓടുമേഞ്ഞ വീട് ആന തകർത്ത്‌ തന്നെ കൊന്നേനെയെന്ന് ഭീതിയോടെ ഋഷികേശ് പറഞ്ഞു. നേരത്തെ പുലിയുടെ അക്രമവുമുണ്ടായിട്ടുണ്ട്.

ഏഴ് തവണ പുലിയെ നേരിട്ട് കണ്ടിട്ടുണ്ട്. രണ്ട് ആടുകളെയും അഞ്ച് നായകളെയും പുലി കൊണ്ടുപോയി. ആന വന്ന് സകലതും നശിപ്പിച്ചു. പലതവണ നഷ്ടപരിഹാരത്തിന്‌ അപേക്ഷ നൽകിയെങ്കിലും ഒന്നും സർക്കാരിൽനിന്ന് കിട്ടിയില്ലെന്നും ഋഷികേശ് കുറ്റപ്പെടുത്തി. വനംവകുപ്പ് ജീവനും സ്വത്തിനും സംരക്ഷണം നൽകിയില്ലെങ്കിൽ പോംവഴിയില്ലെന്ന് ഈ ചെറുപ്പക്കാരൻ വിലപിക്കുന്നു.

ദ്രുതകർമസേന വന്നില്ല

:ആനയുടെ ആക്രമണമുണ്ടായപ്പോൾത്തന്നെ പാണ്ടിയിലുള്ള വനം വകുപ്പ് ഓഫീസിലേക്ക് വിളിച്ചുവെങ്കിലും വാഹനമില്ലാത്തതിനാൽ വരാൻപറ്റില്ലെന്ന മറുപടിയാണ് കിട്ടിയതെന്ന് തീർഥക്കരയിലെ കെ.കുഞ്ഞിരാമൻ പറഞ്ഞു. വീട് ആക്രമിച്ചതറിഞ്ഞ് നാട്ടുകാർ ഓടിക്കൂടിയെങ്കിലും രണ്ടുതവണ കൂടി ഒറ്റയാന്റെ അക്രമണമുണ്ടായെന്ന് നാട്ടുകാർ പറഞ്ഞു.

ദ്രുതകർമസേന കൃത്യസമയത്ത് വരാത്തതിനാൽ വലിയ കൃഷിനാശമാണ് ബുധനാഴ്ച പുലർച്ചയോടെ തീർഥക്കരയിലുണ്ടായത്. ഈ സംഭവത്തോടെ വനാതിർത്തിയിലുള്ള കുടുംബങ്ങൾ പുറത്തിറങ്ങാനാവാതെ ഭയത്തിലാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..