തിരിച്ചെത്തുന്നുണ്ട് കോവിഡ്


Caption

കാഞ്ഞങ്ങാട് : പനിച്ചെത്തുന്നവരിൽ പകുതിപ്പേർക്കും കോവിഡാണെന്ന് ഡോക്ടർമാർ പറയുന്നു. നാലോ അഞ്ചോ ദിവസം കൊണ്ട് പനി മാറുന്നു. അതുകൊണ്ട് കോവിഡെന്ന കാര്യം അറിയുകയോ സംശയമുണ്ടെങ്കിൽപ്പോലും അതു ഗൗനിക്കാതിരിക്കുകയും ചെയ്യുന്നു. ചുമയും ശ്വാസംമുട്ടലും കഫക്കെട്ടും മുതൽ പതിവ് മഴക്കാലരോഗങ്ങൾ പടർന്നുപിടിക്കുന്നു. ആസ്പത്രികളിൽ നിന്നുതിരിയാനിടമില്ലാത്തവിധം തിരക്ക്. കോവിഡ് കാലത്താണ് മഴക്കാലരോഗങ്ങൾ പടരുന്നതെന്ന കാര്യം ഓർത്തുവേണം ചികിത്സയും ആരോഗ്യസംരക്ഷണവുമെന്നും അതിനാൽ ജാഗ്രത കൂട്ടണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. മാസ്ക് നിർബന്ധമാക്കിയെങ്കിലും പലരും അത്‌ ചെവിക്കൊണ്ടിട്ടില്ല. ധരിക്കുന്നവർ മിക്കവരും താടിയിലേക്ക്‌ മാറ്റുകയും ചെയ്യുന്നു.

നിർബന്ധ പരിശോധനയില്ല

കോവിഡ് പരിശോധന എവിടെയും കാര്യമായി നടക്കുന്നില്ല. നിർബന്ധ പരിശോധനയില്ല. പനിപിടിപെട്ടവർപോലും സ്വയം പരിശോധിക്കുകയോ ഡോക്ടർമാർ അവരോട് പരിശോധിക്കാൻ പറയുകയോ ചെയ്യുന്നില്ല. 20 ശതമാനത്തിൽ താഴെ മാത്രമാണ് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം. ജില്ലാ-ജനറൽ ആസ്പത്രികളിലും താലൂക്ക് ആസ്പത്രികളിലും കോവിഡ് പരിശോധനാ സംവിധാനമുണ്ട്. എന്നിട്ടും നാമമാത്ര ആളുകളേ പരിശോധനയ്ക്കെത്തുന്നുള്ളൂ. ഒരാഴ്ചത്തെ കണക്കെടുത്താൽ 1500-ൽ താഴെപ്പേരാണ് പരിശോധിച്ചത്.

കുട്ടികളുടെ കുത്തിവെപ്പ് 44 ശതമാനം മാത്രം

-നും 14-നും ഇടയിൽ പ്രായമുള്ള കുട്ടികളുടെ കുത്തിവെപ്പ് പ്രതീക്ഷിച്ചത്ര വിജയം കണ്ടില്ല. ഈ പ്രായത്തിലുള്ള 60,825 കുട്ടികളാണ് ജില്ലയിലുള്ളത്. ഇവരിൽ 26,916 പേർക്കാണ് കുത്തിവച്ചത്. 44 ശതമാനം. 9642 പേരാണ് രണ്ടാം ഡോസ് എടുത്തത്. ഇവർക്കുള്ള കോർബെ വാക്സിൻ 4500 ഡോസ് മാത്രമാണ് സ്റ്റോക്കുള്ളത്. സ്കൂളിൽ കാമ്പയിൻ നടത്തി പ്രതിരോധം നൽകണമെങ്കിൽ ഒരേസമയം പതിനായിരത്തിൽ കൂടുതൽ ഡോസ് സ്റ്റോക്കുണ്ടാകണം.

അടുത്തയാഴ്ച കൂടുതൽ ഡോസ് എത്തുമെന്ന് അധികൃതർ പറയുന്നു. 15 മുതൽ 17 വരെ പ്രായമുള്ള കുട്ടികൾ 60,496 പേരാണ് ജില്ലയിലുള്ളത്. ഇവരിൽ 52,019(86ശതമാനം) പേർ ഒന്നാം ഡോസും 34,583 (66ശതമാനം) പേർ രണ്ടാം ഡോസുമെടുത്തു. 18-44 പ്രായക്കാർ 5,56,876 പേരുണ്ട്. ഇവരിൽ 5,01,892 (90ശതമാനം) പേർ ഒന്നാം ഡോസും 4,11,656 (66 ശതമാനം) പേർ രണ്ടാം ഡോസുമെടുത്തു. 45-59 പ്രായക്കാരായ 2,53,984 പേരിൽ 2,52,273 (99 ശതമാനം) പേർ ഒന്നാം ഡോസും 2,24,184 (89 ശതമാനം) പേർ ഒന്നാം ഡോസുമെടുത്തു. 60 വയസ്സിനു മുകളിലുള്ളവരുടെ പ്രതിരോധ കുത്തിവെപ്പ് നൂറുശതമാനമായെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അരലക്ഷം ഡോസ് കോവിഷീൽഡും 5000 ഡോസ് കൊവാക്സിനും സ്റ്റോക്കുണ്ട്.

കരുതൽ വേണം

:കോവിഡ് കൂടുന്നുണ്ട്. കരുതലില്ലെങ്കിൽ വലിയ ബുദ്ധിമുട്ടുണ്ടാക്കും. നേരിയ പനിയുള്ളവർപോലും പുറത്തിറങ്ങാതെ വീട്ടിൽ വിശ്രമിക്കണം. കോവിഡ് വൈറസുഉള്ളവരിൽനിന്ന് അത്‌ നിത്യ രോഗമുള്ളവരിലേക്കാണ് പടർന്നുപിടിക്കുന്നതെങ്കിൽ ജീവഹാനി വരെ സംഭവിക്കാൻ സാധ്യതയുണ്ട്. കുട്ടികൾക്ക് ജലദോഷമുണ്ടെങ്കിൽ പോലും സ്കൂളിലേക്കു പറഞ്ഞയക്കരുത്.

ഡോ. എ.വി.രാംദാസ്, ജില്ലാ മെഡിക്കൽ ഓഫീസർ

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..