• പൊട്ടിപ്പൊളിഞ്ഞ നീലേശ്വരം-എടത്തോട് റോഡ്
നീലേശ്വരം : നീലേശ്വരം-എടത്തോട് റോഡ് മെക്കാഡം പ്രവർത്തി പൂർത്തീകരിക്കാൻ കരാറുകാരന് കേരളാ റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി.) കൂടുതലായി അനുവദിച്ച സമയം വ്യാഴാഴ്ചയോടെ തീരും. ഇപ്പോഴും നാലുവർഷം മുൻപ് ആരംഭിച്ച പണി എങ്ങുമെത്താതെ നീളുകയാണ്.
മഴയെത്തിയതോടെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതം ചെറുതല്ല. പണി പൂർത്തീകരിക്കുന്നതിൽ ആവർത്തിച്ച് വീഴ്ചവരുത്തിയിട്ടും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കരാറുകാരനോട് മൃദുസമീപനം കാട്ടുന്നുവെന്ന ആക്ഷേപവും ശക്തമാണ്. ഇനി റോഡുപണിയുടെ ഭാവി എന്താകുമെന്നാണ് നാട്ടുകാരുടെ ചോദ്യം.
വർഷങ്ങളായിട്ടും പൂർത്തിയാക്കാത്ത റോഡുപണിയിൽ കരാറുകാരന്റെ അനാസ്ഥയുണ്ടെന്ന് കണ്ടെത്തിയ കിഫ്ബി സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. പിന്നീട് കരാറുകാരൻ മാപ്പപേക്ഷ നൽകിയതിനെത്തുടർന്നാണ് കിഫ്ബി നിർദേശപ്രകാരം കെ.ആർ.എഫ്.ബി. 2022 ജൂൺ 30-നകം പണി പൂർത്തിയാക്കാൻ സമയം നീട്ടിനൽകി ഉത്തരവിറക്കിയത്.
ഇതിനിടെ നരിമാളം മുതൽ പാലാത്തടംവരെയുള്ള ഭാഗത്തെ ഒന്നാംഘട്ട ടാറിടൽ പൂർത്തീകരിച്ചു. നിലവിൽ ഇവിടുത്തെ ഓവുചാലിന്റെ പണി പുരോഗമിക്കുന്നുണ്ട്.
ഇനി പ്രധാനമായും പാലാത്തടം മുതൽ നീലേശ്വരം പാലംവരെയുള്ള ഭാഗമാണ് പൂർത്തീകരിക്കാനുള്ളത്. ചോയ്യങ്കോടിന് കിഴക്കുവശത്തും രണ്ടാംഘട്ട ടാറിങ് ബാക്കിയുണ്ട്. ഇതുവഴിയുള്ള നിരവധി വൈദ്യുതത്തൂണുകളും മാറ്റിസ്ഥാപിക്കേണ്ടതുണ്ട്.
പറഞ്ഞ കാലാവധിക്കകം വള്ളിക്കുന്ന് വരെയുള്ള ഭാഗത്തെ പ്രവൃത്തി പൂർത്തിയാക്കാമെന്നായിരുന്നു വ്യവസ്ഥ. വള്ളിക്കുന്ന് മുതൽ നീലേശ്വരം പാലംവരെയുള്ള സ്ഥലം ഏറ്റെടുത്തശേഷം ചെയ്യുമെന്നായിരുന്നു പറഞ്ഞിരുന്നത്. ഭൂമിയേറ്റെടുപ്പിന് മാത്രം 10.80 കോടി രൂപ ഉൾപ്പടെ 42.10 കോടി രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ളതാണ് പദ്ധതി. റോഡിലെ കുഴിപോലും അടയ്ക്കാത്തതിനാൽ വാഹനയാത്രക്കാർ അപകടഭീക്ഷണിയിലാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..