യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ്:ക്വട്ടേഷൻ നൽകിയ സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ


Caption

കാസർകോട് : ക്വട്ടേഷൻ സംഘത്തിന്റെ തടങ്കലിൽ സീതാംഗോളി മുഗുറോഡിലെ അബൂബക്കർ സിദ്ദിഖ് കൊല്ലപ്പെട്ട കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം ഉദ്യാവർ ജെ.എം.റോഡിൽ കണ്ണപ്പബാക്ക് ഹൗസിൽ അബ്ദുൾ അസീസ് (36), ഉദ്യാവർ ജെ.എം.റോഡിൽ റൗഫ് റഹീം മൻസിലിൽ അബ്ദുൾ റഹീം (41) എന്നിവരെയാണ് കാസർകോട് ഡിവൈ.എസ്.പി. പി.ബാലകൃഷ്ണൻ നായരും സംഘവും ബുധനാഴ്ച അറസ്റ്റ് ചെയ്തത്.

സിദ്ദിഖിനെ തടങ്കലിലാക്കുന്നതിന് ക്വട്ടേഷൻ നൽകിയ മഞ്ചേശ്വരം സംഘത്തിലെ അംഗങ്ങളാണ് പിടിയിലായവർ. പൈവളിഗെയിലെ തടങ്കലിൽനിന്ന് സിദ്ദിഖിനെ ആസ്പത്രിയിലെത്തിച്ച രണ്ടുപേരിലൊരാളാണ് അസീസ്. ക്വട്ടേഷൻ നൽകിയ സംഘത്തെ സംഭവത്തിനുശേഷം രക്ഷപ്പെടാൻ സഹായിച്ചതാണ് അബ്ദുൾ റഹീമിനെതിരെ ചുമത്തിയ കുറ്റം.

കേസിലുൾപ്പെട്ട അഞ്ച് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. തട്ടിക്കൊണ്ടുപോകാനും സിദ്ദിഖിന്റെ മൃതദേഹം ആസ്പത്രിയിലെത്തിക്കാനും പ്രതികൾ രക്ഷപ്പെടാനും ഉപയോഗിച്ച വാഹനങ്ങളാണ് പിടിച്ചെടുത്തത്. ഒരു പ്രതിയുടെ വീട്ടിൽനിന്ന് ക്വട്ടേഷൻ ഏറ്റെടുത്ത വകയിൽ മുൻകൂറായി വാങ്ങിയ നാലരലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്.

അടിച്ചവരെയും ക്വട്ടേഷൻ നൽകിയവരെയും സഹായിച്ചവരെയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞതായി ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന പറഞ്ഞു. ക്വട്ടേഷൻ നൽകിയവരും അത് ഏറ്റെടുത്തവരുമായി കേസിൽ നിലവിൽ ഒൻപത് പ്രതികളുണ്ട്. ദക്ഷിണേന്ത്യയിലെ മുഴുവൻ കേന്ദ്രങ്ങളിലേക്കും പോലീസ് പ്രത്യേക സംഘത്തെ അന്വേഷണത്തിനായി അയച്ചിട്ടുണ്ടെന്നും പ്രതികൾ രാജ്യം വിടാതിരിക്കാൻ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതായും അദ്ദേഹം പറഞ്ഞു. കേസ് കുമ്പളയിൽനിന്ന് മഞ്ചേശ്വരത്തേക്ക് മാറ്റി. കൊലപാതകം നടന്ന സ്ഥലം മഞ്ചേശ്വരം സ്റ്റേഷൻ പരിധിയിലെ പൈവളിഗെ ആയതിനാലാണിത്.

എവിടെ ആ 40 ലക്ഷം?

കുമ്പള : അബൂബക്കർ സിദ്ദിഖിന്റെ മരണത്തിനിടയാക്കിയ ക്വട്ടേഷൻ ആക്രമണത്തിന് വഴിവെച്ചത് സ്വർണം വാങ്ങാൻ ഗൾഫിലേക്ക് കടത്തിയ 40 ലക്ഷം രൂപയുടെ ഡോളർ കാണാതായത്. ഗൾഫിലെത്തിക്കുന്നതിന് ഉപ്പളയിലെ റിയാസിൽനിന്ന് പണമടങ്ങിയ ബാഗ് കൈപ്പറ്റിയത് സിദ്ദിഖിന്റെ ജ്യേഷ്ഠൻ അൻവറാണ്. അൻവർ അത് സുഹൃത്ത് അൻസാരിക്ക് കൈമാറി. കോഴിക്കോട് വിമാനത്താവളം വഴിയാണ് അൻസാരി ഗൾഫിലെത്തിത്. അവിടെവെച്ച് സിദ്ദിഖിന് ബാഗ് കൈമാറിയതായി അൻസാരി പറയുന്നു. സിദ്ദിഖ് അത് മംഗളൂരു സ്വദേശി റസീന് നൽകി. ബാഗിൽ പണമില്ലെന്ന് പറഞ്ഞ് റസീൻ ഒരുമണിക്കൂറിനുള്ളിൽ സിദ്ദിഖിനെ ബന്ധപ്പെട്ടു. എന്നാൽ, ബാഗ് കൈമാറുക മാത്രമാണ് താൻ ചെയ്തതെന്ന് സിദ്ദിഖ് പറഞ്ഞു. അതോടെയാണ് കടലിനിക്കരെ ക്വട്ടേഷൻ സംഘത്തിന്റെ കൈകളിലേക്ക് കാര്യങ്ങൾ നീങ്ങിയത്.

ജൂൺ 22-ന് അൻസാരി നാട്ടിൽ തിരിച്ചെത്തി. രണ്ടാംദിവസം രാവിലെ പൈവളിഗെയിൽനിന്നുള്ള ക്വട്ടേഷൻ സംഘാംഗം അൻസാരിയെ ഫോണിൽ വിളിച്ച് പൈവളിഗെയിലെത്താൻ ആവശ്യപ്പെട്ടു. സുഹൃത്തിന്റെ കാറിൽ പോയ അൻസാരിയെയും അൻവറിനെയും മറ്റൊരു വാഹനത്തിൽ കയറ്റി സംഘം പൈവളിഗെ നുച്ചിലയിലെ വീട്ടിലെത്തിച്ചു. അവിടെ അപ്പോൾ ഗൾഫിൽ ബാഗ് കൈപ്പറ്റിയ റസീനും പണമടങ്ങിയ ബാഗ് അൻവറിന് കൈമാറിയ ഉപ്പള സ്വദേശി റിയാസും ഉണ്ടായിരുന്നു. പൈവളിഗെയിൽനിന്നുള്ള ക്വട്ടേഷൻ സംഘത്തലവൻ എത്തിയതോടെയാണ് മർദനം തുടങ്ങിയത്. അതിനിടെ ഫോണിൽ ബന്ധപ്പെട്ട് സിദ്ദിഖിനോട് നാട്ടിലെത്താൻ ആവശ്യപ്പെട്ടു. ഞായറാഴ്ച എത്തിയ സിദ്ദിഖ് ക്വട്ടേഷൻ സംഘത്തിന്റെ തടങ്കലിലായതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..