വയനാട്ടുകുലവൻ വരവായി; മുന്നൊരുക്കങ്ങളുമായി തറവാടുകൾ


തൃക്കണ്ണാട് കൊളത്തുങ്കാൽ വയനാട്ടുകുലവൻ തറവാട്ടിൽ തെയ്യംകെട്ടിന് മുന്നോടിയായി തിങ്കളാഴ്ച ചേർന്നയോഗത്തിൽ ചെയർമാൻ സി.എച്ച്.നാരായണൻ സംസാരിക്കുന്നു

പാലക്കുന്ന് : കോവിഡ് മഹാമാരിയെത്തുടർന്ന് 2020 മുതൽ നിർത്തിവെച്ച വിവിധ വയനാട്ടുകുലവൻ തറവാടുകളിലെ തെയ്യംകെട്ട് ഉത്സവങ്ങൾ 2023-ൽ നടത്താനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. 2020-ൽ 13 തറവാടുകളിൽ തെയ്യംകെട്ടുത്സവങ്ങൾക്ക് തീയതി നിശ്ചയിച്ചിരുന്നു. അന്നത്തെ സർക്കാർ നിബന്ധനകൾ മാനിച്ച് പത്തിടത്തും അത് മാറ്റിവെച്ചിരുന്നു.

വെള്ളിക്കോത്ത് വയനാട്ടുകുലവൻ ദേവസ്ഥാനമടക്കം, ഏതാനുമിടങ്ങളിൽ തെയ്യംകെട്ടിന് മുന്നോടിയായുള്ള 'കൂവം അളക്കൽ' ചടങ്ങ് നടന്നെങ്കിലും ഉത്സവം ഉപേക്ഷിക്കുകയായിരുന്നു. പ്രാരംഭ പ്രവർത്തനങ്ങൾക്ക് അന്ന് മുടക്കിയ ലക്ഷങ്ങൾ പാഴാകുകയും ചെയ്തു. ജില്ലയിൽ ചെറുവത്തൂർ-മയ്യിച്ച മുതൽ തലപ്പാടിവരെയുള്ള വയനാട്ടുകുലവൻ തറവാടുകളിലാണ് അതത് തറവാടുകളുടെ തീരുമാനമനുസരിച്ച് തെയ്യംകെട്ടുത്സവങ്ങൾ നടത്തുന്നത്.

പാലക്കുന്ന് കഴകത്തിൽ വർഷത്തിൽ രണ്ട്‌ തറവാടുകൾക്ക് തെയ്യംകെട്ടിന് അനുമതി നൽകിയിരുന്നത് 2021 മുതൽ ഒന്നായി ചുരുക്കാൻ ക്ഷേത്ര മഹാസഭ മുൻപ് തീരുമാനമെടുത്തിരുന്നുവെങ്കിലും കോവിഡ് കാലത്തെ അനിശ്ചിതത്വംമൂലം ആ തീരുമാനം നടപ്പാക്കാൻ സാധിച്ചിട്ടില്ല.

മാറ്റിവെക്കേണ്ടിവന്ന തൃക്കണ്ണാട് കൊളത്തുങ്കാൽ, പാക്കം പള്ളിപ്പുഴ പുലിക്കോടൻ തറവാടുകളിൽ 2023-ൽ തെയ്യംകെട്ട് നടത്താൻ പാലക്കുന്ന് കഴകം അനുമതി നൽകി. ഇതേത്തുടർന്ന് കൊളത്തുങ്കാൽ തറവാട്ടിൽ തിങ്കളാഴ്ച ചേർന്ന യോഗം 2019-ൽ തിരഞ്ഞെടുക്കപ്പെട്ട ആഘോഷക്കമ്മിറ്റി തുടരാനും അടുത്ത ഏപ്രിൽ 30, മേയ്‌ ഒന്ന്, രണ്ട് തീയതികളിൽ തെയ്യംകെട്ടുത്സവം നടത്താനും തീരുമാനിച്ചു. ചെയർമാൻ സി.എച്ച്.നാരായണൻ അധ്യക്ഷനായി. പാലക്കുന്ന് ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് ഉദയമംഗലം സുകുമാരൻ, സുനീഷ് പൂജാരി, കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താർ, ജനറൽ സെക്രട്ടറി പി.പി.ചന്ദ്രശേഖരൻ, ഉത്തരമലബാർ തീയ്യസമുദായ ക്ഷേത്രസംരക്ഷണ സമിതി പ്രസിഡന്റ് രാജൻ പെരിയ, കുഞ്ഞികൃഷ്ണൻ കോട്ടിക്കുളം, പാലക്കുന്നിൽ കുട്ടി, സുകുമാരൻ പൂച്ചക്കാട് എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..