'മാസ്, ക്ലാസ്‌' ഷൂട്ടേഴ്‌സ് പടന്ന


Caption

കാസർകോട്: ഇവർ ബൂട്ട് കെട്ടി മൈതാനത്തിറങ്ങിയാൽ എതിരാളികൾ ഒന്ന് വിറയ്ക്കും. ഗാലറികൾ ആവേശത്തിമിർപ്പിലാകും. ആരാധകർ ആർത്തുവിളിക്കും. അതാണ് ഷൂട്ടേഴ്‌സ് പടന്ന. 14 വർഷത്തിനിപ്പുറം ജില്ലാ ലീഗ് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗത്തിൽ കിരീടത്തിൽ മുത്തമിട്ടതും ഷൂട്ടേഴ്‌സിന്റെ ചുണക്കുട്ടികളാണ്. ഇതിന് മുൻപ് 2008-ൽ വിന്നറും 2010-ൽ റണ്ണറപ്പുമായിരുന്നു ഇവർ. കണ്ണൂർ, കാസർകോട് ജില്ലയിലെ ഓൾ ഇന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ നിറസാന്നിധ്യമായിരുന്ന ഈ ടീം മലബാറിന്റെതന്നെ ആവേശമാണ്. 2001-ൽ മേൽപ്പറമ്പ്, പള്ളിക്കര, പടന്ന, തൃക്കരിപ്പൂർ എന്നിവിടങ്ങളിൽ നടന്ന ഓൾ ഇന്ത്യ സെവൻസിൽ കിരീടമുയർത്തിയ ഈ ടീമിനെ ആരാധകർ ഇന്നും വാഴ്ത്തുന്നു.

ലീഗിലെ ചാമ്പ്യന്മാർ

നടക്കാവ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ സീനിയർ വിഭാഗം ഫൈനലിൽ ബാജിയോ ഫാൻസ് ഉദുമയെ പരാജയപ്പെടുത്തിയാണ് ഷൂട്ടേഴ്‌സ് യുണൈറ്റഡ് പടന്ന കപ്പുയർത്തിയത്. പരിശീലകനായ ടി.കെ.എം.സുബൈർ മിനുക്കിയെടുത്ത ഹേമന്ദും സഫാദ് അബ്ദുൾ സമദുമായിരുന്നു ടീമിന്റെ ഗോൾവല കാത്തത്. ഖ്വയാം മുസ്തഫ, അബ്ദുൾ ഖാദർ, അസിൽരാജ്, മഹമ്മൂദ് എ.ബക്കർ, റിഷാദുൾ അമീൻ, സച്ചിൻ എന്നിവരും പ്രതിരോധം തീർക്കാൻ അണിനിരന്നപ്പോൾ അത് വന്മതിലിന് സമമായി. മിഡ്ഫീൽഡറായി വാഹിദ് കോഴിക്കോട്, പ്രവീൺകുമാർ, ഈസ ഹാരിസ്, ടി.വി.പാർഥിവ്, ടി.കെ.എം.സിദ്ദിഖ് എന്നിവരും ഫോർവേർഡ്‌സിൽ ബിലാൻ, അനസ്, മുഹമ്മദ്, ഫയാസ്, ജവാസ് എന്നിവരും ചേർന്നായിരുന്നു ഒന്നാംസ്ഥാനത്തെത്തിച്ചത്. പി.ഹക്കീം, പി.കെ.ഹർഷാദ് എന്നിവരായിരുന്നു ടീം മാനേജർമാർ. 42 ക്ലബ്ബുകൾ നാല് ഡിവിഷനുകളിലായി നടന്ന മത്സരത്തിൽ സൂപ്പർലീഗിൽ മുന്ന് ടീമുണ്ടായിരുന്നു. ചാമ്പ്യന്മാരായതോടെ കേരള പ്രീമിയർ ലീഗിൽ ജില്ലയെ പ്രതിനിധീകരിച്ച് ഷൂട്ടേഴ്‌സ് പടന്ന യോഗ്യത നേടി. ഇത് ജില്ലയിലെ ഒരുപാട് താരങ്ങൾക്ക് വമ്പൻ ഫുട്‌ബോൾ മത്സരങ്ങളിലേക്കുള്ള വഴിതുറക്കുകയാണ്.

അണയാത്ത ആവേശം

കാൽപ്പന്തുകളിയെ നെഞ്ചേറ്റിയ പടന്ന ഗ്രാമത്തിൽ 1985-ലാണ് 'ഷൂട്ടേഴ്‌സ് ആർട്‌സ് ആൻഡ് സ്പോർട്‌സ്' ക്ലബ്ബ് രൂപമെടുത്തത്‌. ഫുട്‌ബോളിനും ക്രിക്കറ്റിനും പുറമെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കും ക്ലബ്ബ് പ്രാധാന്യം നൽകുന്നുണ്ട്‌. 37 വർഷത്തിനിടെ സംസ്ഥാനത്ത് അങ്ങോളമിങ്ങോളം ഷൂട്ടേഴ്‌സ് എന്ന ജഴ്‌സിയിൽ ഫുട്‌ബോൾ മൈതാനത്ത് നിറഞ്ഞാടിയ താരങ്ങളിൽ എം.സുരേഷും ബിജുകുമാറും മുഹമ്മദ് റാഫിയും സി.കെ.വിനീതും സഹൽ അബ്ദുൾസമദും കെ.പി.രാഹുലും അടക്കമുള്ള സംസ്ഥാന-ദേശീയ-അന്തർദേശീയ താരങ്ങളുമേറെ. ജില്ലാ ഫുട്‌ബോൾ അസോസിയേഷനിൽ 2004 മുതലാണ് ഷൂട്ടേഴ്‌സ് യുണൈറ്റഡ് പടന്ന എന്നപേരിൽ രജിസ്റ്റർ ചെയ്തത്. ഒപ്പം പുതുതലമുറയെ വാർത്തെടുക്കാൻ അതേവർഷം ഷൂട്ടേഴ്‌സ് ഫുട്‌ബോൾ അക്കാദമിയും അസോസിയേഷനിൽ രജിസ്റ്റർ ചെയ്തു.

സ്വപ്നപദ്ധതി 'സ്വന്തം സ്റ്റേഡിയം'

ഫുട്‌ബോളിനെ ജീവനുതുല്യം സ്നേഹിക്കുന്ന നാട്ടിൽ 150 അംഗങ്ങളോടെയാണ് ഷൂട്ടേഴ്‌സ് പടന്ന എന്ന ക്ലബ്ബ് മുന്നോട്ട് കുതിക്കുന്നത്. ഈ കൂട്ടായ്മയ്ക്ക് ഭാവിയിലെ ഷൂട്ടേഴ്‌സ് എന്തായിരിക്കണമെന്ന കൃത്യമായ കാഴ്ചപ്പാടുമുണ്ട്. മലബാറിൽ സ്വന്തമായി 3.25 ഏക്കറുള്ള ക്ലബ്ബ് ഒരുപക്ഷേ ഇവർ മാത്രമായിരിക്കും. ഇവിടെ അത്യാധുനിക നിലവാരത്തിൽ ഗാലറിയോടുകൂടിയ ഫുട്‌ബോൾ മൈതാനം പണിയാനുള്ള ഒരുക്കത്തിലാണ് ക്ലബ്ബ്. ഷൂട്ടേഴ്‌സ് പടന്നയുടെ മുൻ താരവും ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ സെക്രട്ടറിയുമായ റഫീഖ് പടന്ന ഉൾപ്പെടെയുള്ളവരാണ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിക്കുന്നത്. വിദേശത്തും കേരളത്തിന് പുറത്തുമായി ക്ലബ്ബിന്റെ ശാഖ കമ്മിറ്റികളും താരങ്ങൾക്ക് പിന്തുണയായുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..