ഷൂട്ടേഴ്സ് പടന്നയിലെ താരം പി.പി.ഷാസിൻ പരിശീലനത്തിനിടെ സിസർ കട്ട് പരിശീലിക്കുന്നു. മറ്റ് ടീമംഗങ്ങളും ക്ലബ്ബംഗങ്ങളും സമീപം ഫോട്ടോ: എൻ.രാമനാഥ പൈ
പടന്ന : ജില്ലയിൽനിന്ന് പ്രൊഫഷണൽ ഫുട്ബോളിലേക്കുള്ള ചുവടുവെപ്പായി ഷൂട്ടേഴ്സ് പടന്ന വരുന്ന ഫുട്ബോൾ സീസണിൽ കേരള പ്രീമിയർ ലീഗ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. ഇത് രണ്ടാംതവണയാണ് ഷൂട്ടേഴ്സ് പടന്ന കേരള പ്രീമിയർ ലീഗിൽ പങ്കെടുക്കുന്നത്.
2019-20 സീസണിൽ കേരള പ്രീമിയർ ലീഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിരുന്നു. ഹോം ആൻഡ് എവേ രൂപത്തിൽ നടന്ന മത്സരത്തിൽ, തൃക്കരിപ്പൂർ നടക്കാവ് രാജീവ് സിന്തറ്റിക് സ്റ്റേഡിയത്തിലാണ് ഷൂട്ടേഴ്സ് പടന്നയുടെ ഹോം മത്സരങ്ങൾ നടന്നത്.
യുവതാരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് കേരള ഫുട്ബോൾ അസോസിയേഷൻ കേരള പ്രീമിയർ ലീഗിന് പ്രാഥമിക നോക്കൗട്ട് റൗണ്ട് ഏർപ്പെടുത്തിയത്.
ജില്ലാ ലീഗ് ചാമ്പ്യൻ ക്ലബ്ബും കോർപ്പറേറ്റ് എൻട്രി വഴി പ്രവേശനം നേടുന്ന ടീമും നോക്കൗട്ട് റൗണ്ടിൽ മത്സരിക്കും. ജേതാക്കളും റണ്ണേഴ്‌സപ്പും കെ.പി.എൽ. പ്രീമിയർ ലീഗ് ഫൈനൽ റൗണ്ടിൽ യോഗ്യത നേടും. സന്തോഷ് ട്രോഫി താരങ്ങൾ ഉൾപ്പെടെയുള്ള സംസ്ഥാന താരങ്ങളെയും വിദേശതാരങ്ങളെയും മലബാറിലെ മികച്ച യുവ കളിക്കാരെയും കോർത്തിണക്കിയാണ് ഷൂട്ടേഴ്സ് പടന്ന കേരളാ പ്രീമിയർ ലീഗിലേക്കുള്ള ടീം തയ്യാറാക്കുകയെന്ന് ക്ലബ്ബ് സെക്രട്ടറി മുഹമ്മദ് റഫീഖ് അറിയിച്ചു. ജില്ലയിലെ മികച്ച താരങ്ങളെ ടീമിലേക്ക് തിരഞ്ഞെടുക്കുന്നതിന് ഓപ്പൺ സെലക്ഷൻ ട്രയൽസ് സംഘടിപ്പിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..