പഞ്ചായത്ത്‌ കമ്യൂണിറ്റി ഹാളിന് മുന്നിൽ പാർട്ടി കൊടി: പരാതിയുമായി പ്രതിപക്ഷം


ഉദുമ ഗ്രാമപ്പഞ്ചായത്ത് ആറാം വാർഡ് കുണ്ടോളംപാറ പഞ്ചായത്ത്‌ കമ്യൂണിറ്റി ഹാളിന് മുന്നിലെ പാർട്ടി കൊടി

ഉദുമ : പോലീസ് നീക്കംചെയ്ത പാർട്ടി കൊടി പഞ്ചായത്ത്‌ കമ്യൂണിറ്റി ഹാളിന് മുന്നിൽ വീണ്ടും സ്ഥാപിച്ചതിനെ ചൊല്ലി ഉദുമയിൽ പരാതി. ഉദുമ ഗ്രാമപ്പഞ്ചായത്ത് ആറാം വാർഡ് കുണ്ടോളംപാറയിലെ പഞ്ചായത്ത്‌ കമ്യുണിറ്റി ഹാളിന് മുന്നിലാണ് പോലീസ് നീക്കംചെയ്ത സി.പി.എമ്മിന്റെ കൊടി വീണ്ടും ഉയർന്നത്‌.

മുൻപ് ഇതേ കൊടിയുടെ പേരിൽ സി.പി.എമ്മും യു.ഡി.എഫും തമ്മിൽ ഉരസിയിരുന്നു. ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻവേണ്ടിയാണ് മേൽപറമ്പ് പോലീസ് കൊടി നീക്കംചെയ്തത്. ജൂലായ്‌ 16-ന് ചേർന്ന ഭരണസമിതി യോഗത്തിൽ കൊടിമരം നീക്കംചെയ്യാനുള്ള തീരുമാനത്തിന്റെ പകർപ്പ് മേൽപറമ്പ് സ്റ്റേഷൻ ഓഫീസർക്കും നൽകി. ഇതേത്തുടർന്ന് കൊടി പോലീസ് എടുത്തുമാറ്റിയെങ്കിലും ഭരണസ്വാധീനം ഉപയോഗിച്ച് അതേ സ്ഥാനത്ത് വീണ്ടും സ്ഥാപിച്ചുവെന്നാണ് പ്രതിപക്ഷ അംഗങ്ങളുടെ ഇപ്പോഴത്തെ പരാതി. ഇനിയും ഇത് നീക്കംചെയ്തില്ലെങ്കിൽ പ്രക്ഷോഭ പരിപാടികളുണ്ടാകുമെന്ന് പഞ്ചായത്ത്‌ ഭരണസമിതിയിലെ പ്രതിപക്ഷാംഗങ്ങൾ അറിയിച്ചു.

മേൽപ്പറമ്പ് പോലീസിൽ പഞ്ചായത്ത് പരാതി നൽകിയിട്ടുണ്ടെന്നും തുടർനടപടികൾ സ്വീകരിക്കേണ്ടത് അവരാണെന്നും ഈ വാർഡിലെ അംഗം കൂടിയായ പഞ്ചായത്ത്‌ പ്രസിഡന്റ് പി.ലക്ഷ്മി പറഞ്ഞു. അതേസമയം ഉദുമ, പള്ളിക്കര പഞ്ചായത്തുകളിലെ പൊതുസ്ഥലങ്ങളിലുള്ള മുഴുവൻ കൊടിതോരണങ്ങളും കൊടിമരങ്ങളും നിശ്ചിത സമയപരിധിക്കുള്ളിൽ നീക്കംചെയ്യണമെന്ന് മാസങ്ങൾക്ക് മുൻപ് സർവകക്ഷി യോഗം എടുത്ത തീരുമാനം ഇപ്പോഴും പ്രാവർത്തികമായിട്ടില്ല.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..