സമരപ്പോരാട്ടങ്ങൾക്ക് വേദിയായ കണ്ണൂരിലെ വിളക്കുംതറ


Caption

കണ്ണൂർ : സ്വാതന്ത്ര്യസമര പോരാട്ട ചരിത്രത്തിൽ ഉജ്ജ്വല ഓർമയാണ് കണ്ണൂർ വിളക്കുംതറ മൈതാനം. ബ്രിട്ടീഷുകാർക്കെതിരായ ഓരോ ചെറുത്തുനിൽപ്പും ഉരുത്തിരിഞ്ഞുവന്നതും പ്രവർത്തനങ്ങൾക്ക് രൂപംകൊടുത്തതും ഇവിടെവെച്ചാണ്. നിരവധി പദയാത്രകൾക്ക് ആരംഭംകുറിച്ചതും വിളക്കുംതറയിൽനിന്നുതന്നെ. ഇന്നും നഗരത്തിലെ പ്രകടനങ്ങളും പദയാത്രകളും തുടങ്ങുന്നതും ഇവിടെനിന്നാണ്.

പഴയ കോട്ടമൈതാനത്തിന്റെ ഭാഗമായ ഇവിടെ വലിയൊരു തറയിൽ വഴിവിളക്കുണ്ടായിരുന്നു. ഈ വഴിവിളക്കാണ് മൈതാനത്തിന്റെ പേരിനുപിന്നിൽ കാരണം. 1919-ൽ കോൺഗ്രസ് നേതാവ് സാമുവൽ ആറോൺ ആണ് ഈ വഴിവിളക്ക് സ്ഥാപിച്ചത്. അതിനടുത്തുള്ള ദേശീയ വിദ്യാലയം സ്ഥാപിച്ചതും ഇദ്ദേഹമാണ്.

സ്വാതന്ത്ര്യസമര പോരാളികളായ കടയപ്രത്ത് കുഞ്ഞപ്പയ്ക്ക് കേരളീയനെന്നും വി.എം.വിഷ്ണു നമ്പീശന് ഭാരതീയനെന്നും പേരുകൾ പിറന്നതും ഇവിടെനിന്നാണ്. 1932-ൽ ഗാന്ധിജിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് മൈതാനത്ത് പ്രസംഗിക്കാനെത്തിയതായിരുന്നു ഇവർ.

കെ.പി.ഗോപാലനും ഇവരോടൊപ്പം ഉണ്ടായിരുന്നു. നിരോധനാജ്ഞ പ്രഖ്യാപിച്ചിടത്ത് പ്രസംഗിക്കാനെത്തിയതിന് മൂവരെയും പോലീസ് മർദിക്കുകയും അറസ്റ്റ് ചെയ്യുകയുംചെയ്തു. കോടതിയിൽ പ്രതിക്കൂട്ടിൽ നിൽക്കെ പേരെന്തെന്ന മജിസ്‌ട്രേറ്റിന്റെ ചോദ്യത്തിന് കുഞ്ഞപ്പയും നമ്പീശനും ഉത്തരം പറഞ്ഞത് കേരളീയനെന്നും ഭാരതീയനെന്നുമാണ്. കോടതി രണ്ടാളുകളുടെയും പേരുകൾ അങ്ങനെ രേഖപ്പെടുത്തി. പിന്നീട് ചരിത്രത്തിലും ആ പേരുകൾ ഇടംപിടിച്ചു.

നിരവധി സമരങ്ങൾക്ക് നേതൃത്വംനൽകിയ പി.എം.കുഞ്ഞിരാമൻ നമ്പ്യാർ, ടി.വി.അനന്തൻ, ഒ.ഗോപാലൻ, പാമ്പൻ മാധവൻ, മാണിക്കോത്ത് കുമാരൻ എന്നിവർ ഒത്തുകൂടിയിരുന്നതും ഇവിടെയാണ്. ഒരിക്കൽ ഈ പോരാളികളുടെ ദേഹത്ത് മദ്യമൊഴിച്ച് അവഹേളിച്ച സംഭവവും ഇവിടെയുണ്ടായി. ഇന്ന് ഈ പ്രദേശം കൺടോൺമെന്റിന്റെ അധീനതയിലാണ്. മുൻ പ്രധാനമന്ത്രിമാരായ ജവാഹർലാൽ നെഹ്രുവും ഇന്ദിരാ ഗാന്ധിയുമെല്ലാം കണ്ണൂരിൽ വന്നപ്പോൾ ഹെലികോപ്റ്റർ ഇറങ്ങിയതും വിളക്കുംതറയ്ക്ക് സമീപം കോട്ടമൈതാനത്താണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..