വീണ്ടും ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം: 'അമ്മയും കുഞ്ഞും ആസ്പത്രി ഒരുമാസത്തിനുള്ളിൽ തുറക്കും'


• ലേഡീസ് ഓൺലി... കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിൽ എസ്.എൻ.സി.യു.വിന്റെയും നവീകരിച്ച പീഡിയാട്രിക് വാർഡിന്റെയും ഉദ്ഘാടനത്തിനെത്തിയ ആരോഗ്യമന്ത്രി വീണാ ജോർജിനൊപ്പം സെൽഫിയെടുക്കാൻ മത്സരിക്കുന്ന വനിതാ ജീവനക്കാർ

കാഞ്ഞങ്ങാട് : ആരോഗ്യമന്ത്രി വീണാ ജോർജ് വെള്ളിയാഴ്ച വീണ്ടും പ്രഖ്യാപിച്ചു- 'പുതിയകോട്ടയിലെ അമ്മയും കുഞ്ഞും ആസ്പത്രി ഒരുമാസത്തിനുള്ളിൽ തുറക്കും'. മന്ത്രിയായശേഷം ആദ്യമായി ജില്ലയിലെത്തിയ 2021 നവംബർ 18-നാണ് ആദ്യ പ്രഖ്യാപനം നടത്തിയത്. 2022 മാർച്ചിനുള്ളിൽ ആസ്പത്രി തുറക്കുമെന്നായിരുന്നു ആ പ്രഖ്യാപനം. അതുകഴിഞ്ഞ് നാലരമാസമാകുന്നു. വെള്ളിയാഴ്ചത്തേത് മന്ത്രിയുടെ ജില്ലയിലേക്കുള്ള രണ്ടാമത്തെ വരവാണ്.

ജില്ലാ ആസ്പത്രിയിലെ വിവിധ ഉദ്ഘടനച്ചടങ്ങിലും പിന്നീട് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുത്തരവുമായാണ് രണ്ടാമത്തെ പ്രഖ്യാപനം. ഇതു രണ്ടാമത്തെ പ്രഖ്യാപനമല്ലേയെന്ന ചോദ്യത്തിന് ആദ്യ പ്രഖ്യാപനം ആരു നടത്തിയെന്ന ചോദ്യമായിരുന്നു മന്ത്രിയുടെത്. രണ്ടാഴ്ചയ്ക്കുള്ളിൽ അമ്മയും കുഞ്ഞും ആസ്പത്രിയുടെ അകത്തെ പണിയും ലിഫ്റ്റിന്റെ പണിയും തീരും. അതു കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിൽ യന്ത്രസാമഗ്രികൾ മറ്റും എത്തിക്കുന്നതടക്കമുള്ള പ്രവൃത്തികൾ നടത്തും. ഇവിടെ സൂപ്രണ്ടിന്റെ തസ്തിക സൃഷ്ടിച്ച് നിയമനം നടത്തും. മറ്റു നിയമനങ്ങളും താമസിയാതെ നടത്തും-മന്ത്രി പറഞ്ഞു.

നവജാതശിശു തീവ്രപരിചരണ യൂണിറ്റും കുട്ടികളുടെ നവീകരിച്ച വാർഡും തുറന്നു

കാഞ്ഞങ്ങാട് : ജില്ലാ ആസ്പത്രിയിൽ നവജാതശിശു തീവ്രപരിചരണ യൂണിറ്റും കുട്ടികളുടെ നവീകരിച്ച വാർഡും ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. ഇ. ചന്ദ്രശേഖരൻ എം.എൽ.എ. അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി. സുജാത, ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷൻ ഷാനവാസ് പാദൂർ, നഗരസഭാ കൗൺസിലർ വി.വി. രമേശൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി. രാംദാസ്, അഡ്വ. കെ. രാജ്‌മോഹൻ, പി.പി. രാജു, സി.വി. ദാമോദരൻ, രതീഷ് പുതിയപുരയിൽ തുടങ്ങിയവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..