10 വർഷം പോരേ പൂർത്തിയാക്കാൻ


Caption

ചിറ്റാരിക്കാൽ: നിർമാണം ആരംഭിച്ചിട്ട് 10 വർഷം കഴിഞ്ഞിട്ടും ലക്ഷ്യംകാണാതെ ഒരു കുടിവെള്ള പദ്ധതി. ഈസ്റ്റ് എളേരി പഞ്ചായത്തിൽ ലോക ബാങ്കിന്റെ സഹായത്തോടെ ആരംഭിച്ച പദ്ധതിയാണ് ഇതുവരെ പൂർത്തിയാകാത്തത്. 2012-ലെ യു.ഡി.എഫ്. സർക്കാരാണ് പദ്ധതി അനുവദിച്ചത്. 32 കോടി രൂപ ചെലവിൽ 2399 കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കുകയായിരുന്നു ലക്ഷ്യം. ജലവിഭവ വകുപ്പിനും ജലനിധിക്കുമാണ് നിർവഹണച്ചുമതല. കാര്യങ്കോട് പുഴയിലെ ആവുള്ളംകയത്തിൽനിന്ന്‌ വെള്ളം പമ്പ് ചെയ്ത്‌ തവളക്കുണ്ടിൽ സ്ഥാപിച്ച പ്രധാന ടാങ്കിൽ എത്തിക്കുകയും അവിടെനിന്ന് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച 26 ചെറുകിട ടാങ്കുകളിലെത്തിച്ച് വിതരണംചെയ്യാനുമാണ് പദ്ധതി വിഭാവനംചെയ്തത്. പമ്പ്‌സെറ്റും പ്രധാന ടാങ്കും ചെറുകിട ടാങ്കിലേക്ക് വെള്ളമെത്തിക്കാനുള്ള പൈപ്പ് ലൈനും സ്ഥാപിക്കാനുള്ള ചുമതല ജല അതോറിറ്റിക്കും 26 ചെറുകിട ടാങ്കും വീടുകളിലേക്കുള്ള പൈപ്പ് ലൈനുകൾ സ്ഥാപിക്കാനുള്ള ചുമതല ജലനിധിക്കുമായിരുന്നു.

2013-ലാണ് നിർമാണം തുടങ്ങിയത്. നിർമാണത്തിലെ മെല്ലെപ്പോക്കിനെ തുടർന്ന് 2018-ൽ പഞ്ചായത്ത് ആക്‌ഷൻ ടീം (ജി.പി.ടി.എ.) നിർമാണജോലി ഏറ്റെടുത്തെങ്കിലും വർഷം നാല്‌ കഴിഞ്ഞിട്ടും പണി പൂർത്തിയാക്കാനായില്ല. 2020 ഫെബ്രുവരിയോടെ തവളക്കുണ്ടിലെ പ്രധാന ടാങ്കും പമ്പ് സെറ്റും വീടുകളിലേക്കുള്ള പൈപ്പ് ലൈനും മറ്റ്‌ അനുബന്ധ പ്രവർത്തനങ്ങളും പൂർത്തിയാക്കി. ഉദ്‌ഘാടനത്തിന്റെ മുന്നോടിയായി മർദ പരിശോധന (പ്രഷർ ടെസ്റ്റ്) പോലും നടത്തിയിരുന്നു. 2020 മാർച്ചിൽ പദ്ധതി ഉദ്‌ഘാടനംചെയ്യാനായിരുന്നു ലക്ഷ്യമിട്ടത്.

വില്ലനായി റോഡ് പണി

പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ആരംഭിച്ച റോഡുപണി കുടിവെള്ള പദ്ധതിയുടെ നാശത്തിനു കാരണമായി. പണിക്കിടയിൽ പൈപ്പുകൾ വ്യാപകമായി നീക്കം ചെയ്യുകയും നശിപ്പിക്കുകയും ചെയ്തു. മലയോര ഹൈവേ കടന്നു പോകുന്ന നല്ലോമ്പുഴ ചിറ്റാരിക്കാൽ റോഡിലും മെക്കാഡം ടാറിടൽ നടക്കുന്ന കമ്പല്ലൂർ -കടുമേനി -ചിറ്റാരിക്കാൽ റോഡിലും ചിറ്റാരിക്കാൽ ചട്ടമല റോഡിലും വീതികൂട്ടി ടാറിടൽ നടത്തിയ കടുമേനി -കണ്ണിക്കുന്ന് -താവളക്കുണ്ട് റോഡിന്റെ നിർമാണ സമയത്തുമാണ് പൈപ്പുകൾ നശിപ്പിച്ചത്.

വീതികൂട്ടി ടാർചെയ്ത 3.5 കിലോമീറ്റർ നീളമുള്ള കടുമേനി-തവളക്കുണ്ട് റോഡ് നിർമാണസമയത്തും ചട്ടമല പ്രദേശത്തുമായി സ്ഥാപിച്ച 30 ലക്ഷം രൂപയുടെ പൈപ്പുകളാണ് നശിപ്പിക്കപ്പെട്ടത്. മെക്കാഡം ടാറിങ് പൂർത്തിയാക്കിയ കമ്പല്ലൂർ -കടുമേനി റോഡിലെ പ്രധാന കുടിവെള്ള പൈപ്പ് പൊട്ടിയ നിലയിലാണ്. എന്നാലിത് മാറ്റിസ്ഥാപിക്കാൻ റോഡ് പൂർണമായും കുഴിക്കേണ്ടിവരും.

കുടിവെള്ളവിതരണം പൂർത്തിയാക്കും

ജലനിധി പദ്ധതി അവസാനിച്ചെങ്കിലും എല്ലാവർക്കും വെള്ളം വിതരണംചെയ്യാൻ കഴിഞ്ഞിട്ടില്ല. പഞ്ചായത്തിന്റെ കൈയിലുള്ള പണം ഉപയോഗിച്ച് പരമാവധി ആളുകൾക്ക് വെള്ളമെത്തിക്കാൻ ബന്ധപ്പെട്ടവർക്ക് പഞ്ചായത്ത് നിർദേശം നൽകിയിട്ടുണ്ട്. 2024-ൽ ആരംഭിക്കുന്ന ജലജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി ബാക്കിയുള്ള കുടുംബങ്ങൾക്കും വെള്ളമെത്തിക്കാനാണ് അധികൃതരുടെ നീക്കം.

ഉദ്‌ഘാടനം നീളുന്നു

പദ്ധതി ഉദ്ഘാടനംചെയ്തില്ലെങ്കിലും ചില പ്രദേശങ്ങളിലേക്ക് കുടിവെള്ളം വിതരണംചെയ്യുന്നുണ്ട്. പകുതിയോളം കുടുംബങ്ങൾക്ക് വെള്ളം വിതരണംചെയ്യുന്നുണ്ടെന്നാണ് ജലനിധി അവകാശപ്പെടുന്നത്. എന്നാൽ ഈസ്റ്റ് എളേരി പഞ്ചായത്തിലെ പാലാവയൽ വില്ലേജിലെ വിവിധ പ്രദേശങ്ങളിലും 13, 14 വാർഡുകളിലും ജലവിതരണം പൂർണമായിട്ടില്ല. 800 കുടുംബങ്ങൾക്ക് മാത്രമാണ് വെള്ളം ലഭിക്കുന്നത്. പദ്ധതിയിൽ ഉപഭോക്‌തൃ വിഹിതമായി ഓരോ കുടുംബവും 1000 രൂപ മുതൽ 4000 രൂപ വരെ നൽകിയിട്ടുണ്ട്. പണം നൽകി 10 വർഷം കഴിഞ്ഞിട്ടും വെള്ളം ലഭിച്ചില്ല.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..