പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ നന്ദാർദീപം ജ്വലിച്ചുതുടങ്ങി


പാലക്കുന്ന് : ചിങ്ങസംക്രമനാളിലെ പകലടങ്ങിയപ്പോൾ പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ നന്ദാർദീപം ജ്വലിച്ചുതുടങ്ങി.

ഇനി ചിങ്ങമാസം മുഴുവൻ നന്ദാർദീപം കെടാവിളക്കായി ശ്രീകോവിലിൽ പ്രകാശം ചൊരിയും. ചിങ്ങം വിടപറയുംവരെ ഈ ദീപം അണയാതിരിക്കാൻ പൂജാരിയും കാരണവന്മാരും ഭണ്ഡാരവീട്ടിൽ സദാസമയം കാവലുണ്ടാകും.

കർക്കടകം സംക്രമനാളിൽ അടച്ച തിരുനട ചിങ്ങസംക്രമനാളിലാണ് തുറന്നത്. നിത്യ നൈമിത്തിക ചടങ്ങുമായി ബന്ധപ്പെട്ട ഭണ്ഡാരവീട്ടിലെയും ശ്രീകോവിലിലെയും പടിഞ്ഞാറ്റയിലെയും തിരുവായുധങ്ങളും ആഭരണങ്ങളും മറ്റും ശുദ്ധീകരിച്ചശേഷം ഭണ്ഡാരവീട്ടിലും ക്ഷേത്രത്തിലും അടിച്ചുതളി ദീപാരാധന നടന്നു. കെട്ടിച്ചുറ്റിയ തെയ്യങ്ങൾ ഭക്തർക്ക് ദർശനം നൽകി.

തുടർന്ന് സംക്രമ അടിയന്തിരവും കഴിഞ്ഞാണ് നന്ദാർദീപത്തിന് തിരികൊളുത്തിയത്. ചുരുക്കം ചില ക്ഷേത്രങ്ങളിൽ മാത്രമേ ചിങ്ങത്തിലെ നന്ദാർദീപം പരിചരിക്കുന്നുള്ളൂ. ചിങ്ങത്തിൽ ചൊവ്വ, വെള്ളി ദിവസങ്ങളിൽ കൂട്ടം അടിയന്തിരവും മറ്റുദിവസങ്ങളിൽ അടിച്ചുതളി ദീപാരാധനയും ഉണ്ടാകും. ജാതിമതഭേദമെന്യേ വിശ്വാസികൾക്ക് പ്രസാദം അന്നദാനമായി വിളമ്പുന്ന സവിശേഷ നേർച്ചയാണിത്. ഉത്രാടം, തിരുവോണം നാളുകളിൽ അന്നദാനം ഉണ്ടായിരിക്കില്ലെന്ന് ഭാരവാഹികൾ അറിയിച്ചു. പതിവുപോലെ ചിങ്ങസംക്രമത്തിന് ശേഷം വരുന്ന ആദ്യ 'കൊടിആഴ്ചകളായ' 19-ന് യു.എ.ഇ. കമ്മിറ്റി വകയും 23-ന് ഭഗവതിസേവ സീമെൻസ് അസോസിയേഷൻ വകയും കൂട്ടം അടിയന്തിരം ഉണ്ടാകും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..