നിയമിക്കുന്ന ഉദ്യോഗസ്ഥരെ ജോലിക്രമീകരണത്തിന് അനുവദിക്കരുത്- വികസനസമിതി യോഗം


കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസനസമിതി യോഗം

കാസർകോട് : ജില്ലയിൽനിന്ന് ജോലിക്രമീകരണപ്രകാരവും അന്യത്ര സേവനവ്യവസ്ഥയിലും മാറിപ്പോകുന്ന ജീവനക്കാരുടെ സ്ഥലംമാറ്റം റദ്ദുചെയ്ത് അടിയന്തരമായി തിരിച്ചുവിളിക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തിൽ ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. ഇക്കാരണങ്ങളാൽ പല ഓഫീസുകളുടെയും പ്രവർത്തനം താളംതെറ്റുകയാണ്. ജില്ലയിൽ ജോലിക്രമീകരണ വ്യവസ്ഥയിൽ സ്ഥലംമാറ്റം അനുവദനീയമല്ല. ജീവനക്കാരുടെ അഭാവം വികസന പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്ന സാഹചര്യത്തിൽ ശമ്പളം ഇവിടെ നിന്ന് കൈപ്പറ്റി സ്വന്തം ജില്ലയിൽ ജോലിചെയ്യുന്ന ക്രമീകരണം സർക്കാർ നിർദേശങ്ങൾക്ക് വിരുദ്ധമാണെന്നും യോഗത്തിൽ എം.എൽ.എ.മാർ ആരോപിച്ചു.

കാസർകോട് മിനി സിവിൽ സ്റ്റേഷൻ നിർമാണം നീണ്ടുപോകുന്നത് എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ. ചൂണ്ടിക്കാട്ടി. 2018-19 വർഷത്തിലെ ബജറ്റ് വിഹിതമായ ഏഴുകോടിക്ക് അനുസൃതമായ അടങ്കൽ തയ്യാറാക്കണം. കാസർകോട് വിദ്യാഭ്യാസസമുച്ചയത്തിന് പ്ലാൻ ഫണ്ടിൽ വകയിരുത്തിയ തുകപ്രകാരം അടങ്കൽ തയ്യാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നവീകരിക്കുന്ന ദേശീയ പാതയിൽ കൂടുതൽ അടിപ്പാതകൾ വേണമെന്ന് എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ പറഞ്ഞു. ചെർക്കള-ചട്ടഞ്ചാൽ പ്രദേശത്ത് സർവീസ് റോഡിനായി കൂടുതൽ ഭൂമി ലഭ്യമാക്കണമെന്ന് ദേശീയപാത അധികൃതർ അറിയിച്ചു. ദേശീയപാതാ വികസനത്തിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ പദ്ധതിയുടെ പൂർണ വിവരങ്ങൾ ലഭ്യമാക്കണമെന്ന് എം എൽ എ പറഞ്ഞു.

പദ്ധതി പ്രഖ്യാപിക്കപ്പെട്ടാലും അതിനുള്ള ഭൂമി ഏറ്റെടുക്കുന്നതിൽ കാലതാമസം വരുന്നത് നിർമാണങ്ങൾ വൈകിപ്പിക്കുന്നതായി ഇ.ചന്ദ്രശേഖരൻ എം.എൽ.എ. പറഞ്ഞു. ഓരോ പദ്ധതിക്കും തുക വകയിരുത്തിയിട്ടും നിർമാണം നീളുന്നത് ആശാസ്യമല്ല.

എടത്തോട്-നീലേശ്വരം റോഡ് നിർമാണം പൂർത്തിയാക്കുന്നതിനുള്ള കാലതാമസം ഗൗരവമേറിയതാണ്. ഹൊസ്ദുർഗ് കോട്ട പുരാവസ്തുസ്മാരകം എന്ന നിലയിൽ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കാസർകോട്-കാഞ്ഞങ്ങാട് സംസ്ഥാനപാതയിൽ പള്ളിക്കര മേൽപ്പാലത്തിലെ കുഴികൾ അടയ്ക്കണം. കാഞ്ഞങ്ങാട്ടേക്ക് ഓടുന്ന സ്വകാര്യ ബസുകൾ അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡിലേക്കുകൂടി നീട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നീലേശ്വരം ബസ്‌സ്റ്റാൻഡിലേക്ക് കയറാതെ ബസുകൾ ദേശീയപാത വഴി പോകുന്നതായും ഇത് തടയാൻ ആർ.ടി.എ. യോഗത്തിൽ നടപടിയുണ്ടാകണമെന്നും എം.എൽ.എ. ആവശ്യപ്പെട്ടു. കളക്ടർ സ്വാഗത് ആർ.ഭണ്ഡാരി അധ്യക്ഷയായി. ഷാനവാസ് പാദൂർ, ബിൽടെക് അബ്ദുള്ള, എ.എസ്.മായ, എ.കെ.രമേന്ദ്രൻ, ഇ.പി.രാജ്‌മോഹൻ എന്നിവർ പങ്കെടുത്തു.

ലൈവ് സ്റ്റോക്‌ ഇൻസ്പെക്ടർമാരുടെ അഭാവം പരിഹരിക്കണം- ജില്ലാ പഞ്ചായത്ത്

ജില്ലയിൽ ലൈവ് സ്റ്റോക്‌ ഇൻസ്പെക്ടർമാരുടെ അഭാവം പരിഹരിക്കണമെന്ന്‌ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. തെരുവുനായ പ്രജനനം നിയന്ത്രിക്കുന്നതിനുള്ള നടപടികളും അവർ വിശദീകരിച്ചു.

വളർത്തുമൃഗങ്ങളുടെ ചികിത്സയ്ക്ക് ജില്ലയിലെ എല്ലാ മൃഗാസ്പത്രികളിലും സൗകര്യമുണ്ട്. വെറ്ററിനറി ഉപകേന്ദ്രങ്ങളിലാണ് ജീവനക്കാരുടെ അഭാവം ബാധിക്കുന്നതെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു. കാസർകോട് ജനറൽ ആസ്പത്രിയിൽ പ്രി ഫാബ്രിക്കേറ്റഡ് മാതൃകയിലുള്ള ടി.ബി. സെന്റർ നിർമാണം ഉടൻ ആരംഭിക്കണം. ഐസോലേഷൻ വാർഡും ഇവിടെ തയ്യാറാക്കേണ്ടതുണ്ട്. ആസ്പത്രിവളപ്പിൽ സൗകര്യമില്ലെങ്കിൽ പുറത്ത് സൗകര്യമുള്ള സ്ഥലം കണ്ടെത്തണം. ജനറൽ ആസ്പത്രിയിലെ രാത്രികാല പോസ്റ്റ്‌മോർട്ടം ഉടൻ പുനരാരംഭിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഫൊറൻസിക് മെഡിസിൻ വിഭാഗത്തിൽ ഒരു അസി. സർജനെ ഇവിടെ നിയമിച്ചിട്ടുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..