മുക്കിലും മൂലയിലും മാലിന്യക്കൂമ്പാരം; മൂക്കുപൊത്താതെ നടക്കാൻ വയ്യ


Caption

നീലേശ്വരം : ഒരുദിവസം നീലേശ്വരം നഗരത്തിലൂടെ നടത്തിയ യാത്രയ്ക്കൊടുവിൽ ഒരുകാര്യം വ്യക്തമായി; ശുചിത്വസുന്ദര നഗരമെന്ന ഖ്യാതിയെക്കാളും നഗരസഭയ്ക്ക് ചേർന്നത് മാലിന്യക്കൂമ്പാരങ്ങളുടെ നാട് എന്നതാകും. നഗരത്തിൽ പലയിടങ്ങളിലും മുക്കിലും മൂലയിലുംവരെ മാലിന്യം ചാക്കുകളിലാക്കി കൂട്ടിയിട്ടിരിക്കുന്നു. നഗരസഭയുടെ തൊട്ടുമുൻപിൽപോലും വലിയ ചാക്കുകെട്ടുകളിൽ മാലിന്യം കുന്നുകൂടിയിട്ടുണ്ട്. ആരോഗ്യവകുപ്പും പോലീസും ഉൾപ്പെടെ പൊതുജനങ്ങളുടെ ആരോഗ്യത്തിന് കാവൽ നിൽക്കേണ്ടവർ കണ്ണ് തുറന്നുകാണണം നീലേശ്വരത്തെ ഈ കാഴ്ചകൾ.

മത്സ്യമാർക്കറ്റ്: ഇവിടെ എല്ലാം തോന്നുംപോലെ:മത്സ്യമാർക്കറ്റെന്ന് പറയാമോയെന്ന് അറിയില്ല. നഗരസഭാ കാര്യാലയത്തിനോട് ചേർന്നുള്ള വളവിൽ ധാരാളം മീൻ വില്പനക്കാരും വാഹനങ്ങളും കാണാം. മത്സ്യമാർക്കറ്റിൽ നിന്നുള്ള അഴുക്കുജലവും മാലിന്യവും ഒഴുക്കിക്കളയുന്ന ഓടയുടെ അവസ്ഥ കണ്ടാൽ മൂക്കുപൊത്താതെ തരമില്ല. ദുർഗന്ധം വമിക്കുന്ന ഓടയുടെ അവസാനം നീലേശ്വരം പുഴയിലാണ്. ചീഞ്ഞ മത്സ്യങ്ങൾ ഓടയിൽ കെട്ടിനിൽക്കുന്നു. ഇതുവഴി ചെന്നാൽ നഗരസഭാ കാര്യാലയം പണിതുകൊണ്ടിരിക്കുന്നതിനടുത്ത് ചാക്കുകളിൽ മാലിന്യം കൂട്ടിയിട്ടിരിക്കുന്നത് കാണാം.

മാലിന്യപ്പുഴയോരം

:നീലേശ്വരം പാലത്തിന്റെ പുഴയോട് ചേർന്നുള്ള വശം മുഴുവൻ കാട് പിടിച്ചുകിടക്കുകയാണ്. പുഴയിലേക്ക് മാലിന്യം തള്ളുന്നവരെ പിടിക്കാൻ ഇവിടെ സ്ഥാപിച്ച ക്യാമറ തകരാറായതുകൊണ്ട് ദേശീയപാതയിലൂടെ പോകുന്ന ആർക്കും എളുപ്പത്തിൽ മാലിന്യം പുഴയിലേക്ക് തള്ളാനുള്ള ഇടമാണിത്.

ചാക്കുകെട്ടുകളിലായാണ് പുഴയോരം മുഴുവൻ മാലിന്യം തള്ളിയത്. ‘ചാക്കിലാക്കി ചീഞ്ഞ ഭക്ഷ്യവസ്തുക്കളും പ്ലാസ്റ്റിക്കും ഇവിടെ തള്ളുന്നവരെ കണ്ട് വഴക്കിട്ടിട്ടുണ്ട്. പക്ഷേ, രാത്രിയോ പകലോ ഇല്ലാതെ ആളുകൾ മാലിന്യം വലിച്ചെറിയും. ആർക്കും പരാതിയില്ല. എന്തു പറയാനാണ്’- അതുവഴി പോയ ഒരാളുടെ പരിഭവമാണിത്.

മന്നൻപുറത്ത് കാവ് പരിസരം: കലശത്തിന്റെ ബാക്കി

:കോവിഡിനുശേഷം നടന്ന കാവിലെ കലശോത്സവം ഗംഭീരമായിരുന്നു. പക്ഷേ, ആഘോഷത്തിനൊടുക്കം കാവിനകത്തും പുറത്തും മുഴുവൻ മാലിന്യമാണ്. കാവിനകത്ത് വിൽപ്പനക്കാർ ബാക്കിവെച്ച പ്ലാസ്റ്റിക് മാലിന്യം മണ്ണോട് ചേരാതെ അവശേഷിക്കുന്നു. തൊട്ടുമുൻപിൽ റെയിൽപ്പാളത്തിനോട് ചേർന്നും മാലിന്യം ചാക്കുകളിൽ കെട്ടി തള്ളിയിട്ടുണ്ട്. അടുത്ത കലശത്തിന് സമയമാകാറായി. ഇതുവരെ മാലിന്യം നീക്കാൻ സമയം കിട്ടിയില്ല.

റെയിൽവേ സ്റ്റേഷൻ റോഡ്: നിറയെ മാലിന്യം

:നീലേശ്വരം റെയിൽവേ സ്റ്റേഷൻ റോഡിൽ പാലത്തിന് അടിവശം കണ്ടാൽ തോന്നും ഇത് മാലിന്യം തള്ളാനുള്ള സ്ഥലമാണെന്ന്. പ്ലാസ്റ്റിക് മാലിന്യത്തിന്റെ വലിയ കൂമ്പാരമാണിവിടെ. വലിയ ചാക്കുകെട്ടുകളിൽ മാലിന്യം കുന്നുകൂട്ടിയിരിക്കുന്നു.

നീലേശ്വരം നഗരത്തിലെ മാലിന്യശേഖരങ്ങളിൽ ഏറ്റവും വലുതാണിത്. മാലിന്യം അലക്ഷ്യമായി പലയിടത്തും വലിച്ചെറിഞ്ഞിരിക്കുന്നത് വേറെയുമുണ്ട്. ആരോഗ്യവകുപ്പിന്റെയും പോലീസിന്റെയും നഗരസഭയുടെയും ഇടപെടൽ വിഷയത്തിൽ അടിയന്തരമായി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

നഗരസഭയുടെ മുൻവശം; കണ്ണു തുറന്ന് കാണണമിത്

:നീലേശ്വരം നഗരസഭാ കാര്യാലയത്തിന് തൊട്ടുമുന്നിലുള്ള കെട്ടിടത്തിന്റെ പിറകിലും വലിയ മാലിന്യക്കൂമ്പാരം കാണാം.

പ്ലാസ്റ്റിക് കവറുകളും മറ്റും വലിയ ചാക്കുകളിലാക്കി കൂട്ടിയിട്ടിട്ട് മാസങ്ങൾ കഴിഞ്ഞു. ഇതുവരെ കണ്ണിന് മുന്നിലുള്ള മാലിന്യം പോലും നീക്കാൻ അധികൃതർക്ക് സമയം കിട്ടിയില്ല.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..