മകന്റെ ജീവൻ പേപ്പട്ടി കവർന്നു


നഷ്ടപരിഹാരത്തിന്‌ ഇനിയിവരെന്തു ചെയ്യണം?

• ഒരുവർഷം മുൻപ് പേപ്പട്ടിയുടെ കടിയേറ്റ് മരിച്ച ആലന്തട്ടയിലെ ആനന്ദിന്റെ കുടുംബം

ചീമേനി: ആ രണ്ടാം ക്ളാസുകാരൻ പേപിടിച്ച തെരുവുപട്ടിയുടെ കടിയേറ്റ് മരിച്ചിട്ട് ഒരുവർഷമാകുന്നു. വീട്ടുമുറ്റത്ത്‌ സഹോദരനൊപ്പം കളിക്കുന്നതിനിടയിലാണ്‌ ആലന്തട്ടയിലെ ആനന്ദിന്‌ പേപ്പട്ടിയുടെ കടിയേറ്റത്‌. സെപ്റ്റംബർ 12-ന്‌ കടിയേറ്റ അവൻ ഒക്ടോബർ ഏഴിന്‌ കോഴിക്കോട്‌ മെഡിക്കൽ കോളേജിലെ ചികിത്സയ്ക്കിടയിൽ മരണത്തിന്‌ കീഴടങ്ങുകയായിരുന്നു. തോമസിന്റെയും ബിന്ദുവിന്റെയും മകൻ പേപ്പട്ടി കടിയേറ്റ്‌ മരിച്ചിട്ട്‌ വർഷം തികഞ്ഞിട്ടും നഷ്ടപരിഹാരമൊന്നും ആ പടികടന്ന്‌ എത്തിയിട്ടില്ല.

ആലന്തട്ട എ.യു.പി. സ്കൂളിലെ രണ്ടാം ക്ലാസ്‌ വിദ്യാർഥിയായിരുന്നു ആനന്ദ്‌. നഷ്ടപരിഹാരത്തിനുള്ള അപേക്ഷ നൽകിയിരുന്നതായി കുടുംബം പറയുന്നു. ഇനി എവിടെ പരാതി നൽകണമെന്നും എന്താണ്‌ ചെയ്യേണ്ടതെന്നും അവർക്കറിയില്ല.മുഖത്തടക്കം കടികൊണ്ട ആനന്ദിനെ ഉടൻ ആസ്പത്രിയിൽ എത്തിച്ചിരുന്നു. പേവിഷ ബാധയ്ക്കെതിരെയുള്ള കുത്തിവെപ്പും എടുത്തു. മൂന്ന് വാക്സിൻ എടുത്ത്‌ നാലാമത്തേത്‌ എടുക്കുന്നതിന് മൂന്നുദിവസം മുൻപ്‌ കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗം കൂടുതലായി കുട്ടി മരിക്കുകയായിരുന്നു.

മുഖത്തേറ്റ കടിയാണ് വാക്സിനെടുത്തിട്ടും മരണത്തിന് കാരണമായതെന്ന് ഡോക്ടർമാർ പറഞ്ഞു. ലൈഫ് പദ്ധതി പ്രകാരം ലഭിച്ച തേക്കാത്ത കൊച്ചുവീട്ടിലാണ് ബിന്ദുവും കുടുംബവും കഴിയുന്നത്. മകന്റെ വേർപാടിനെ തുടർന്ന് തൊഴിലുറപ്പ് ജോലി ബിന്ദു ഒഴിവാക്കിയിരുന്നു. ആനന്ദിന്റെ സഹോദരൻ അനന്ദു ആലന്തട്ട എ.യു.പി. സ്കൂളിലെ നാലാം തരം വിദ്യാർഥിയാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..