വിളിക്കുന്നൂ...


: വിനോദത്തിനായി ദൂരങ്ങൾ താണ്ടാൻ ദിവസങ്ങൾ ചെലവഴിക്കുന്ന കാസർകോട്ടുകാർ. ജില്ലയിലെ എത്ര വിനോദസഞ്ചാര കേന്ദ്രങ്ങൾ കണ്ടിട്ടുണ്ട്. ഒരുദിവസം മാറ്റിവെച്ചാൽ ഇവിടുത്തെ എത്രയെത്ര കാഴ്ചകൾ കാണാമെന്നോ. അതിൽ ചിലത് ഇതാ നിങ്ങൾക്കു മുന്നിൽ. വരൂ.. ആസ്വദിക്കൂ.. കാസർകോടിന്റെ സൗന്ദര്യം...

കോട്ടകളുടെ നാട്: ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലാണ് 35 ഏക്കറിൽ പരന്നുകിടക്കുന്ന ബേക്കൽ കോട്ട. രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചരവരെയാണ് പ്രവേശനസമയം. കാഞ്ഞങ്ങാട്ടുനിന്ന്‌ 12-ഉം കാസർകോട്ടുനിന്ന്‌ 16-ഉം കിലോമീറ്ററുണ്ട് ഇവിടേക്ക്. കാഞ്ഞങ്ങാട്-കാസർകോട് സംസ്ഥാനപാതയിൽ മേൽപ്പറമ്പിൽനിന്ന്‌ അര കിലോമീറ്റർ സഞ്ചരിച്ചാൽ ചന്ദ്രഗിരി കോട്ടയിലെത്താം. ചെർക്കള-ജാൽസൂർ സംസ്ഥാനപാതയിൽ പൊവ്വലിൽനിന്ന്‌ അരകിലോമീറ്റർ സഞ്ചരിച്ചാൽ പൊവ്വൽ കോട്ടയിലെത്താം. ‘കാസർകോട്-മംഗളൂരു ദേശീയപാതയിൽ കുമ്പളയിൽനിന്ന്‌ രണ്ട് കിലോമീറ്ററാണ് ആരിക്കാടിക്കോട്ടയിലേക്ക്.

ആസ്വദിക്കാം കായൽയാത്ര

: ജലവിനോദസഞ്ചാരത്തിന് അനന്തസാധ്യതകളാണ് തുറന്നിരിക്കുന്നത്. അതിൽ പ്രധാന കേന്ദ്രങ്ങളാണ് ഉദ്ഘാടനത്തിനൊരുങ്ങി നിൽക്കുന്ന കോട്ടപ്പുറം പുരവഞ്ചിക്കടവും വലിയപറമ്പ്, ഓരിക്കടവ്, കടിഞ്ഞിമൂല, അച്ചാംതുരുത്തി ജെട്ടിയും. ഇവിടങ്ങളിൽ ചെറുതും വലുതുമായി 25-ഓളം പുരവഞ്ചികളാണുള്ളത്.

റാണിപുരം

‘കേരളത്തിന്റെ ഊട്ടി’

: കോടമഞ്ഞും നൂൽമഴയും പെയ്തിറങ്ങുന്ന, പച്ചപ്പിന്റെ സൗന്ദര്യക്കാഴ്ചകളുടെ കേന്ദ്രമാണ് കേരളത്തിന്റെ ഊട്ടിയെന്ന് വിശേഷിപ്പിക്കുന്ന റാണിപുരം ഹിൽസ്റ്റേഷൻ. സമുദ്രനിരപ്പിൽനിന്ന്‌ 1049 മീറ്റർ ഉയരത്തിൽ കാടിന്റെ വന്യതയും പച്ചപ്പും പുൽമേടിന്റെ സൗന്ദര്യവും ആരെയും മയക്കും. മാനിമലമുകളിലേക്കുള്ള ട്രക്കിങ്ങാണ് പ്രധാന ആകർഷണം. കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാനപാതയിൽ പനത്തടിയിലെത്തി 10 കിലോമീറ്റർ സഞ്ചരിച്ചാൽ റാണിപുരത്തെത്താം.

കോട്ടഞ്ചേരിയും

അച്ചൻകല്ല് വെള്ളച്ചാട്ടവും

:കാഞ്ഞങ്ങാട്ടുനിന്ന്‌ കൊന്നക്കാടെത്തി വേണം കോട്ടഞ്ചേരി വിനോദസഞ്ചാരകേന്ദ്രത്തിലെത്താൻ. കണ്ണൂരിൽനിന്ന്‌ ചെറുപുഴ വഴിയും ഇവിടേക്കെത്താം. ഇതോടൊപ്പം കൊന്നക്കാടിന് സമീപമുള്ള അച്ചൻകല്ല് വെള്ളച്ചാട്ടം, കോട്ടഞ്ചേരി മലനിരകൾക്ക് സമീപമുള്ള പന്നിയാർ മാനി എന്നിവയും കാണാം.

നീണ്ടുനിവർന്ന് കടലോരം

:പള്ളിക്കര ബീച്ചിൽനിന്ന് നോക്കിയാൽ കടലിലേക്കിറങ്ങി നിൽക്കുന്ന ബേക്കൽ കോട്ട കാണാം. കുട്ടികൾക്കും മുതിർന്നവർക്കും സമയം ചെലവിടാൻ ഒട്ടേറെ സൗകര്യം ഇവിടെയുണ്ട്‌.

തൊട്ടടുത്ത് റെഡ്മൂൺ ബീച്ചുമുണ്ട്. കാസർകോട് കസബ ബീച്ച് നഗരത്തിന് തൊട്ടടുത്താണ്. കാസർകോട് നഗരത്തിൽനിന്ന് 6.5 കിലോമീറ്റർ മാത്രമാണ് ചെമ്പരിക്ക ബീച്ചിലേക്ക്.

നീലേശ്വരത്തെ ടൂറിസം സ്പോട്ടുകളിലൊന്ന് അഴിത്തല ബീച്ചാണ്. വലിയപറമ്പ ബീച്ച് കടലിനും കവ്വായി കായലിനും മധ്യേയുള്ള ടൂറിസം സ്പോട്ട്.

: കാഞ്ഞങ്ങാടിന്റെ മനോഹരമായ തീരമേഖലയാണ് ഹൊസ്ദുർഗ്, മീനാപ്പീസ് കടപ്പുറം, ബല്ല, അജാനൂർ കടപ്പുറങ്ങൾ. ജില്ലയുടെ വടക്കുള്ള വിനോദസഞ്ചാരകേന്ദ്രമാണ് കണ്വതീർഥ ബീച്ച്. മഞ്ചേശ്വരത്തെ കണ്വതീർഥ ബീച്ചിൽ കർണാടകയിലെ പുത്തൂർ, വിട്‌ല, കന്യാന പ്രദേശങ്ങളിൽനിന്നാണ് സഞ്ചാരികൾ എത്തുന്നത്.

താമസം

പ്രകൃതിയെ തൊട്ടറിഞ്ഞ്

: സഞ്ചാരികൾക്ക് സ്വന്തം വീടുകളിലെപോലെ കഴിയാൻ ഹോംസ്റ്റേകളുണ്ട്. സൗകര്യത്തിനനുസരിച്ച് ഡയമണ്ട്, ഗോൾഡ്, സിൽവർ എന്നിങ്ങനെ തിരിച്ചാണിത്. ഗൃഹനാഥനും കുടുംബവുമടങ്ങുന്ന വീട്ടിൽ അവരിലൊരാളായി താമസിക്കാം. വീട്ടിലുണ്ടാക്കുന്ന ഭക്ഷണം കഴിക്കാം.

ജില്ലയിൽ വലയപറമ്പിലാണ് ഹോംസ്റ്റേ സൗകര്യം കൂടുതലായുള്ളത്. പാലക്കുന്ന്, മാവുങ്കാൽ, പാലാവയൽ, രാജപുരം, മുളിയാർ എന്നിവിടങ്ങളിലും സൗകര്യമുണ്ട്.

തയ്യാറാക്കിയത്: സി.വി. നിതിൻ, എം. ഷമീർ, ആഖിൻ മരിയ, ടി. രാജൻ, ബാബു പാണത്തൂർ, ജി. ശിവദാസൻ

കയാക്കിങ് റെഡി

: സാഹസികതയും വിനോദവും ഒത്തുചേരുന്നു എന്നതാണ് കയാക്കിങ്ങിനെ ജനപ്രിയമാക്കുന്നത്. അതിനുള്ള സൗകര്യവും ജില്ലയിലൊരുങ്ങിക്കഴിഞ്ഞു. വലിയപറമ്പ്‌ ദ്വീപിലെത്തുന്നവർക്ക് സാഹസികത ഉടുമ്പുന്തലയിൽ മാംഗ്രൂവ് വൈബിന്റെ കയാക്കിങ് സൗകര്യമുണ്ട്. കയ്യൂർ വില്ലേജ് ടൂറിസം പ്രൈവറ്റ് ലിമിറ്റഡിന്റെ കയ്യൂർ കയാക്കിങ് പാർക്കും പ്രസിദ്ധമാണ്. പാലായി ഷട്ടർ കം ബ്രിഡ്ജിന്‌ സമീപം കൂക്കോട്ടാണ് പ്രവർത്തിക്കുന്നത്. വീരമല ഇക്കോ ടൂറിസം കേന്ദ്രത്തിലും കോട്ടപ്പുറത്തും ബേക്കൽ പുഴയിലും കാസർകോട് തളങ്കരയിലും കയാക്കിങ്ങിന് സൗകര്യമുണ്ട്.

ബേക്കൽ കോട്ടയിൽ ഹെറിറ്റേജ് വാക്ക് ഇന്ന്

ഉദുമ : ലോക ടൂറിസം ദിനാഘോഷത്തിന്‍റെ ഭാഗമായി ബേക്കൽ കോട്ടയിൽ ചൊവ്വാഴ്ച രാവിലെ 8.30-ന് ഹെറിറ്റേജ് വാക്ക് സംഘടിപ്പിക്കുന്നു. ചരിത്രകാരൻ സി. ബാലൻ ബേക്കൽ കോട്ടയുടെ ചരിത്രം വിവരിക്കും. തുടർന്ന് വിവിധ കോളേജുകളുടെ സഹകരണത്തോടെ കോട്ടയും പരിസരവും ശുചീകരിക്കും. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്.ഐ.), ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ (ഡി.ടി.പി.സി.), ടൂറിസംവകുപ്പ്, അംഗീകൃത ഗൈഡ് നിർമേഷ് കുമാർ എന്നിവർ ചേർന്നാണ് സംഘടിപ്പിക്കുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..