ഇന്ന്‌ പേവിഷ പ്രതിരോധദിനം : നായകൾ പെരുകുന്നുണ്ട്; കടിയേൽക്കാതെ നോക്കണം


Caption

കാഞ്ഞങ്ങാട് : നാടെങ്ങും തെരുവുനായകൾ പെരുകുന്നു. കുറുക്കന്റെ കടിയേൽക്കുന്നു. ജനം ഭീതിയിലാണ്. എപ്പോഴാണ് തെരുവുനായകൾക്ക്‌ കൂട്ടത്തോടെ പേ ഇളകുന്നതെന്നു പറയാനാകില്ല. ഭ്രന്തിളകിയ നായയോ കുറുക്കനോ കടിച്ചാൽ ഒട്ടും വൈകാതെ പ്രതിരോധ കുത്തിവെപ്പെടുക്കണം. ഇതു വൈകിയാൽ മനുഷ്യനെ മരണത്തിലേക്ക്‌ തള്ളിവിടുന്നതിലേക്ക്‌ കാര്യങ്ങൾ നീങ്ങും. പേവിഷബാധ (റാബീസ്) ഗുരുതരമായ രോഗമാണ്. പേവിഷബാധയുള്ള മൃഗങ്ങളുടെ കടിയേൽക്കുന്ന ഒരാൾക്ക് അപ്പോൾ വിഷബാധ ഉണ്ടാകുന്നില്ല.

നാലുദിവസംമുതൽ മൂന്നുമാസംവരെയുള്ള കാലയളവിലാണ് വിഷബാധ ശരീരത്തെ കീഴടക്കുന്നത്. അപൂർവം ചില ആളുകളിൽ ഇത് 22 വർഷം വരെയാകാം. പട്ടികൾക്ക് പുറമെ പൂച്ച, കീരി, പെരുച്ചാഴി, അണ്ണാൻ എന്നിവയുടെ കടിയേറ്റാലും പ്രതിരോധ കുത്തിവെപ്പിന് താമസം വേണ്ട. നൂറുശതമാനം മാരകമായ പകർച്ചവ്യാധിയാണ് പേവിഷബാധ.ലൈസാ ഇനത്തിൽപ്പെട്ട റാബ്ഡോ വൈറസുകളാണ് രോഗകാരണം. ഈ വൈറസുകൾ തലച്ചോറിന്റെ നാഡികളെ തകരാറിലാക്കുകയും മരണത്തിലേക്ക് കൊണ്ടെത്തിക്കുകയുമാണ് ചെയ്യുന്നത്.

മനുഷ്യരിൽ പേവിഷബാധയുടെ ലക്ഷണങ്ങൾ

:പനി, തലവേദന, വിശപ്പില്ലായ്മ, ഛർദി, മുറിവിൽ വേദന, ചൊറിച്ചിൽ എന്നിവയാണ് പ്രഥമിക ലക്ഷണങ്ങൾ.

രോഗം മൂർച്ഛിച്ചാൽ പിച്ചും പേയും പറയൽ, വിഭ്രാന്തി കാട്ടൽ, ഉമനീർ പോലും ഇറക്കാനാകാത്ത അവസ്ഥ, വെള്ളം കാണുമ്പോൾ പേടി, കടുത്ത ദാഹം. ഒടുവിൽ വായിൽനിന്ന് നുരയും പതയും വരും.

പ്രതിവിധി

:പേവിഷബാധ മരണകാരണമാണെങ്കിലും പ്രതിരോധ കുത്തിവെപ്പ് അതിനെ നിസ്സാരമാക്കിമാറ്റുന്നു. അതായത് പ്രതിരോധ കുത്തിവെപ്പ് നടത്തുന്ന ആളിൽ റാബീസ് വൈറസ് അപ്പോൾ നശിക്കുന്നുവെന്നർഥം.

മൃഗങ്ങളുടെ കടിയേറ്റ ഉടൻ മുറിവിൽ 10 മിനിറ്റുനേരം വെള്ളം ശക്തമായി ഒഴിച്ച് സോപ്പിട്ട് കഴുകണം. നഗ്‌നമായ കൈകൊണ്ടു മുറിവ് തൊടരുത്. എണ്ണ, മഞ്ഞൾ, ചെറുനാരങ്ങ, ഉപ്പ്, മുളക് എന്നിവയൊന്നും മുറിവിൽ പുരട്ടരുത്. കഴുകിയശേഷം മുറിവിന്റെ നനവ് മാറ്റി ഏതെങ്കിലും അണുനാശിനി പുരട്ടുക. തുടർന്ന് പ്രതിരോധ കുത്തിവെപ്പ്.

മുൻപ്‌ പൊക്കിളിന് ചുറ്റുമായിരുന്നു കുത്തിവെയ്ക്കൽ. ഇപ്പോഴത് തോൾ ഭാഗത്തിന് താഴെയാണ് കുത്തിവെക്കുന്നത്.

ആദ്യ കുത്തിവെപ്പ് കഴിഞ്ഞാൽ മൂന്നാം ദിവസവും ഏഴാം ദിവസവും 28-ാം ദിവസവും തുടർകുത്തിവെപ്പും നടത്തണം. പേവിഷബാധയുള്ള മൃഗങ്ങൾ വളർത്തുമൃഗങ്ങളെ കടിച്ചാൽ അവയ്ക്കും കുത്തിവെപ്പ് നടത്താൻ മടിക്കരുത്.

പകരുന്നതെങ്ങനെ

:പേവിഷബാധയുള്ള വന്യമൃഗങ്ങൾ, വളർത്തുമൃഗങ്ങൾ എന്നിവയുടെ ഉമനീരിൽനിന്നാണ് രോഗം പകരുന്നത്. റാബീസ് വൈറസുകൾ മനുഷ്യരിലേക്ക് മാത്രമല്ല, കടിയേൽക്കുന്ന മറ്റു മൃഗങ്ങളിലും ബാധിക്കും.

കടിയേൽക്കണമെന്ന് നിർബന്ധമില്ല, പേവിഷബാധയേറ്റ മൃഗങ്ങൾ നക്കിയാലും മതി. പൂച്ചയും അണ്ണാനും മാന്തിയാലും രോഗം പകരും. കാരണം നഖം എപ്പോഴും നക്കി വൃത്തിയാക്കുന്ന ജന്തുക്കളാണിവ. ഇവയുടെ ഉമനീര് നഖങ്ങളിൽ പറ്റിപ്പിടിച്ചിട്ടുണ്ടാകും. 96 ശതമാനവും പട്ടികളിൽനിന്നാണ് പേവിഷബാധ പകരുന്നത്.

പേവിഷബാധയേറ്റ മനുഷ്യരിൽനിന്ന് മറ്റൊരാൾക്ക് റാബീസ് വൈറസുകൾ പകരാനുള്ള സാധ്യത കുറവാണ്.

എന്നാൽ പേവിഷബാധയേറ്റ രോഗിയുടെ അവയവം മാറ്റിവെക്കുന്നതിലൂടെ രോഗം പകരുമെന്ന് കണ്ടെത്തിയിട്ടുണ്ട്. തെരുവിൽ അലഞ്ഞുതിരിയുന്ന നായയ്ക്കും പൂച്ചയ്ക്കും ഇവയുമായി ഇടപഴകുന്ന വളർത്തുമൃഗങ്ങൾക്കുമാണ് കൂടുതലും പേവിഷബാധ പകരുന്നത്. പേടിച്ച്‌ ഓടുക, അമിതമായി ഉമനീർ ഒലിപ്പിക്കുക, അക്രമിക്കുക, ഭക്ഷണം കഴിക്കാൻ പ്രയാസപ്പെടുക എന്നീ ലക്ഷണങ്ങളാണ് പേവിഷബാധയേറ്റ മൃഗങ്ങൾ കാണിക്കുക.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..