കളക്ടറേറ്റിലെ ശൗചാലയങ്ങൾ പൂട്ടിനുള്ളിൽ : ആ‘ശങ്ക’ ആരോട്‌ പറയും


കാസർകോട് : ദിനംപ്രതി നിരവധി സ്ത്രീകൾ വന്നുപോകുന്ന ജില്ലാ ആസ്ഥാനത്തെ കളക്ടറേറ്റിലെത്തി മൂത്രശങ്ക തോന്നിയാൽ പെട്ടതുതന്നെ. പത്തിലധികം ശൗചാലയങ്ങളുണ്ട് കെട്ടിടത്തിൽ. എന്നാൽ, ഓരോന്നും താഴിട്ടുപൂട്ടിയിരിക്കുകയാണ്. കളക്ടറേറ്റിൽ ജോലിചെയ്യുന്ന സ്ത്രീകൾ ഉപയോഗിക്കുന്ന ശൗചാലയങ്ങളാണ് താഴിട്ടുപൂട്ടിയിരിക്കുന്നത്‌. തുറന്നിട്ടുള്ളവയിലാണെങ്കിൽ മൂക്കുപൊത്തിപ്പോലും ഉള്ളിൽ കയറാൻ കഴിയാത്ത സ്ഥിതിയാണ്‌.

എല്ലാ നിലയിലും സ്ത്രീകൾക്കും പുരുഷന്മാർക്കും വേണ്ടി ശൗചാലയമുണ്ട്. എന്നാൽ, സ്ത്രീകൾക്കുവേണ്ടി തുറന്നിട്ട ശൗചാലയങ്ങൾ കളക്ടറേറ്റിലെത്തുന്ന സാധാരണക്കാരായ സ്ത്രീകൾക്കു ഉപയോഗിക്കാൻ കഴിയില്ല. അവയുടെ പ്രധാന വാതിൽ തുറന്നിരിക്കുകയാണ്‌. അകത്ത്‌ ഒന്നോ രണ്ടോ എണ്ണം മാത്രമാണ്‌ തുറന്നിട്ടിരിക്കുന്നത്. സാമാന്യ വൃത്തി പോലുമില്ലാത്തവയാണ് ആ ശൗചാലയങ്ങളെല്ലാം. പലയിടങ്ങളിലും മാലിന്യം കൂട്ടിയിട്ടിട്ടുണ്ട്. പ്ലാസ്റ്റിക്‌രഹിതമായ ഹരിത ഓഫീസുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലെ ശൗചാലയത്തിൽപോലും പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം കൂട്ടിയിട്ടിട്ടുണ്ട്.എല്ലാ പ്രധാന സർക്കാർ ഓഫീസുകളും പ്രവർത്തിക്കുന്ന കളക്ടറേറ്റിലെ പുരുഷന്മാരുടെ ശൗചാലയങ്ങൾക്കു മുന്നിലൂടെ മൂക്കുപൊത്താതെ നടക്കാൻ കഴിയില്ല. കുറച്ചെങ്കിലും വൃത്തിയായിരിക്കാനാണ് പൂട്ടിയിട്ടിരിക്കുന്നതെന്നാണ് കളക്ടറേറ്റിലെ ജീവനക്കാർ പറയുന്നത്. ഉപയോഗിക്കുന്നവർ തന്നെ വൃത്തിയാക്കുന്നതിനാലാണ് താക്കോൽ അവരുടെ കൈവശം വച്ചിരിക്കുന്നതെന്നും ജീവനക്കാരികൾ പറയുന്നു.

ജില്ലാ ഭരണകൂടത്തിന്റെ ആസ്ഥാനമാണ് കളക്ടറേറ്റ്. വൃത്തിയാക്കുന്നതിനുൾപ്പെടെ നിരവധി ജോലിക്കാർ ഉണ്ടായിട്ടും കൃത്യമായ നടപടി ഇതുവരെ സ്വീകരിച്ചിട്ടില്ല. കളക്ടറേറ്റിലെത്തുന്ന സ്ത്രീകൾക്കുകൂടി പ്രയോജനപ്പെടുത്താൻ ശൗചാലയങ്ങൾ വൃത്തിയാക്കുകയും തുറന്നുകൊടുക്കുകയും വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..