ആനതുരത്തൽ അവസാനഘട്ടത്തിൽ


വിശ്രമമില്ലാതെ കർമസേന

Caption

കാനത്തൂർ : പ്രത്യേക കർമസേനയുടെ ആനതുരത്തൽ ദൗത്യം അവസാനഘട്ടത്തോടടുക്കുന്നു. ആനയെ തുരത്തൽ തുടങ്ങിയിട്ട് 15 ദിവസം പിന്നിടുന്നു. രാവും പകലും മാറിമാറി നടത്തിയ കഠിനശ്രമത്തിനൊടുവിൽ ഏഴാനകളുടെ കൂട്ടം പുലിപ്പറമ്പ് വേലികടന്ന്‌ വനത്തിലേക്ക്‌ പോയി. നാല് ആനകൾ പയസ്വിനിപ്പുഴ കടന്ന് പാണ്ടി വനത്തിലെത്തിയിട്ടുണ്ട്. കാടകം വനത്തിലുണ്ടായിരുന്ന ഒറ്റയാൻ ഇതിനിടെ തിരിഞ്ഞുനടന്ന് മുളിയാർ വനത്തിൽ തിരിച്ചെത്തി. ഇത് കുറ്റിയടുക്കം, ബേപ്പ് തുടങ്ങിയ പ്രദേശങ്ങളിൽ ഭീതി പരത്തിയിരിക്കുകയാണ്. തുരത്തലിനിടെ തുടരെ പടക്കങ്ങൾ പൊട്ടുന്നതിനാൽ ഒറ്റയാൻ എങ്ങോട്ട്‌ പോകണമെന്നറിയാതെ നെട്ടോട്ടമോടുകയാണ്.

അതിനാൽ ജനങ്ങളും അതി ജാഗ്രതയിലാണ്. ഗ്രാമീണ റോഡുകളിൽ പകൽസമയത്തും ജാഗ്രത പ്രഖ്യാപിച്ചു. ഒറ്റയാനെ തുരത്തുക താരതമ്യേന പ്രയാസമേറിയ പണിയാണ്. ഏഴാനകളുടെ കൂട്ടത്തെ പുലിപ്പറമ്പ് കടത്തുന്നതിനിടെയാണ് പകുതിവഴിയിലെത്തിയ ഒറ്റയാൻ കർമസേനയുടെ കണ്ണുവെട്ടിച്ച് തിരിച്ചുനടന്നത്.

കഠിനമീ ദൗത്യം

:കർമസേന ദൗത്യമാരംഭിക്കുമ്പോൾ 12 ആനകളാണ് പയസ്വിനിക്കരയിലുണ്ടായിരുന്നത്. ഇതിൽ ഏഴ് ആനകളുടെ കൂട്ടമാണ് ഇപ്പോൾ സംസ്ഥാന അതിർത്തിയിലെത്തിയിരിക്കുന്നത്. കൃത്യമായ ആസൂത്രണത്തിലൂടെ ദൗത്യം മുന്നേറിയപ്പോൾ ആനക്കൂട്ടം കാടുകയറാൻ തുടങ്ങി. ഇടയിൽ ചെറിയ കുറുമ്പുകാട്ടി ഒന്ന് തിരിഞ്ഞുനടന്നെങ്കിലും 11 എണ്ണത്തെയും പയസ്വിനിപ്പുഴ കടത്താൻ കർമസേനയ്ക്കായി.

ജില്ലാ വനം മേധാവി പി.ബിജു, റേഞ്ച് ഫോറസ്റ്റ് ഓഫീസർ സോളമൻ തോമസ് ജോർജ്, കാറഡുക്ക വനം ഓഫീസർ എൻ.വി.സത്യൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തുരത്തലിന് പിന്നിൽ. ടീം ലീഡർ എം.പി.രാജു എസ്.എഫ്.ഒ, ജയകുമാർ എസ്.എഫ്.ഒ, അഭിലാഷ്, സനൽ, അമൽ, ബിപിൻ, നിവേദ് എന്നിവരാണ് സംഘത്തിലുള്ളത്.

സന്ധ്യയോടെ തുടങ്ങുന്ന തുരത്തൽ നേരംപുലരുന്നതുവരെ അവസാനിപ്പിക്കുന്നത്. കർമസേന ആദ്യ ആനക്കൂട്ടത്തെ 30 കിലോമീറ്ററിൽ അധികം ദൂരമാണ് തുരത്തിയത്. അടുത്ത 10 ദിവസത്തിനുള്ളിൽ എല്ലാ ആനകളെയും അതിർത്തി കടത്തുമെന്ന് ജില്ലാ വനം മേധാവി പി.ബിജു പറഞ്ഞു.

നാലുകിലോമീറ്റർ വൈദ്യുത തൂക്കുവേലി ചാർജ് ചെയ്തു

:ഏഴlനകളുടെ കൂട്ടം പുലിപ്പറമ്പ് കടന്നതോടെ പുലിപ്പറമ്പിൽ പൂർത്തിയായ നാലുകിലോമീറ്റർ വൈദ്യുത തൂക്കുവേലി ചാർജ് ചെയ്തതായി കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു പറഞ്ഞു. കർണാടകയിൽനിന്ന്‌ സംസ്ഥാനത്തേക്ക് ആനക്കൂട്ടം പ്രവേശിക്കുന്ന പ്രധാന ആനത്താരയാണ് പുലിപ്പറമ്പ് മേഖല. പുലിപ്പറമ്പ് കഴിഞ്ഞുള്ള വേലിയുടെ നാലുകിലോമീറ്റർ നിർമാണപ്രവൃത്തി അവസാനഘട്ടത്തിലാണ്. ഇതുകൂടി പൂർത്തിയായി ചാർജ് ചെയ്താൽ കാറഡുക്ക, മുളിയാർ, ബേഡഡുക്ക പഞ്ചായത്തുകളിലെ ആനശല്യത്തിന് പരിഹാരമാകും. 29 കിലോമീറ്റർ വേലിനിർമാണമാണ് കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്നത്

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..