അവർ മടങ്ങി, തിരിച്ചുവരാത്ത യാത്രയ്ക്കായി


പൊയിനാച്ചി : ഇരുളിനെ വകവെക്കാതെ ആറുമണിക്കൂർ നീണ്ട പുഴയിലെ രക്ഷാദൗത്യം. നീന്തിയും മുങ്ങിത്തപ്പിയും നാട്ടുകാരുടെ സംഘം. ഡിങ്കിയിൽ തിരഞ്ഞ് അഗ്നിരക്ഷാസേന. നിർദേശങ്ങൾ നൽകി പോലീസ്. പ്രതീക്ഷകളെല്ലാം തകർത്ത് ഒടുവിൽ അവരുടെ ചേതനയറ്റ മൃതദേഹങ്ങൾ കണ്ടെടുത്തപ്പോൾ പരിചിത മുഖങ്ങളല്ലെങ്കിലും ഗ്രാമത്തിനത് സങ്കടവും വിതുമ്പലുമായി.

ബുധനാഴ്ച മഹാലക്ഷ്മിപുരം തൂക്കുപാലത്തിന് സമീപം കുളിക്കാനിറങ്ങി പുഴയിൽ കാണാതായ കൊല്ലം ചാത്തന്നൂർ ചിറക്കാവിലെ വിജയന്റെ മകൻ വി.വിജിത്ത് (23), തിരുവനന്തപുരം കടയ്ക്കാവൂർ കീഴാറ്റിങ്ങൽ കോട്ടപ്പുറം വീട്ടിൽ വി.രാജുവിന്റെ മകൻ ആർ.രഞ്ജു (24) എന്നിവരുടെ മൃതദേഹങ്ങൾ ബന്ധുക്കളെത്തി നാട്ടിലേക്ക് വ്യാഴാഴ്ച ഉച്ചയോടെ കൊണ്ടുപോയി. കാസർകോട് ജനറൽ ആസ്പതിയിൽ ബേഡകം പോലീസ് ഇൻക്വസ്റ്റ് നടത്തി.

ബുധനാഴ്ച രാത്രി 10 മണിയോടെ വിജിത്തിന്റെ മൃതദേഹമാണ് ആദ്യം കിട്ടിയത്. രാത്രി 11.10-ന് രഞ്ജുവിന്റെയും. ഇവർ കുളിക്കാനിറങ്ങിയതിന്റെ 100 മീറ്ററോളം താഴെയാണ് മൃതദേഹങ്ങൾ ഉണ്ടായിരുന്നത്.

വെളിച്ചമൊരുക്കി നാട് കാവലിരുന്നു

: വെളിച്ചക്കുറവ് കാരണം തിരച്ചിൽ വെള്ളിയാഴ്ച പകൽ പുനരാരംഭിക്കാമെന്നായിരുന്നു ആദ്യം തീരുമാനിച്ചതെങ്കിലും നാട്ടുകാർ പുഴക്കര വിട്ടില്ല. വിളിപ്പാടകലെയുള്ള മഹാലക്ഷ്മിപുരം മഹിഷമർദിനി ക്ഷേത്രത്തിലെ നവരാത്രി ഉത്സവപരിപാടികൾവരെ നിർത്തിവെച്ചായിരുന്നു തിരച്ചിൽ. ഉത്സവം പ്രമാണിച്ച് മുനമ്പംവരെ തൂക്കുപാലത്തിൽ വെളിച്ചമൊരുക്കിയിരുന്നത് രക്ഷാപ്രവർത്തനത്തിന് സൗകര്യമായി.

ബഷീർ മുനമ്പം, മുനീർ മൊട്ടയിൽ, മുനീർ മുനമ്പം, എം.കെ.ഇബ്രാഹിം, ഫിർദൗസ് ചെറക്കടവ് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ പുഴയിൽ മുങ്ങിത്തപ്പി. കാസർകോട് ഫയർ ആൻഡ് റസ്ക്യൂ സീനിയർ ഓഫീസർമാരായ കെ.വി.മനോഹരന്റെയും സിറിൾ ബാബുവിന്റെയും നേതൃത്വത്തിൽ അഗ്നിരക്ഷാസേന ഇവരെ ഡിങ്കിയിൽ അനുഗമിച്ചു. മേൽപ്പറമ്പ് പോലീസും ബേഡകം പോലീസും ദൗത്യത്തിന് നിർദേശങ്ങൾ നൽകി.

തുറന്നിരുന്ന ബാവിക്കര റഗുലേറ്ററിന്റെ ഷട്ടറുകൾ സന്ധ്യയോടെ അടച്ച് ചെറുകിട ജലസേചനവിഭാഗവും സഹകരിച്ചു. നാട്ടുകാരനായ ബഷീർ മുനമ്പമാണ് മുങ്ങിത്തപ്പി രണ്ട് മൃതദേഹങ്ങളും സ്ഥലത്തുണ്ടെന്ന് അറിയിച്ചത്. എട്ടരയോടെ വിവരമറിഞ്ഞെങ്കിലും പിന്നെയും ഒന്നരമണിക്കൂറിനുശേഷമാണ് വിജിത്തിന്റെ മൃതദേഹം കരയ്ക്കെത്തിക്കാനായത്. തിരിച്ചറിയാൻ മറുകരയിൽ ഉണ്ടായിരുന്ന കൂട്ടുകാരായ വിഷ്ണുവിനെയും സിനായിലിനെയും വൈശാഖിനെയും തൂക്കുപാലത്തിലൂടെ ഇക്കരയെത്തിച്ചു. രണ്ടാമത്തെ മൃതദേഹവും പുറത്തെടുക്കാൻ പിന്നെയും സമയമെടുത്തു. പാതാളക്കരണ്ടിയുടെ കൊളുത്തിൽ ഇവ കുടുങ്ങാത്തതായിരുന്നു കാരണം.

വസ്ത്രം പുഴക്കരയിൽ അഴിച്ചുവെച്ചായിരുന്നു വിജിത്തും രഞ്ജുവും കുളിക്കാനിറങ്ങിയിരുന്നത്. രാത്രി തന്നെ രണ്ട്‌ മൃതദേഹങ്ങളും കാസർകോട്ടെ മോർച്ചറിയിലേക്ക് മാറ്റിയതോടെയാണ് നാട്ടുകാർ പിരിഞ്ഞത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..