ശ്രുതിസാഗരം


നവരാത്രി ചിന്തകൾ

Caption

സംഗീതം മനസ്സിന് ജീവവായുവാണ്. സംഗീതാരാധകർക്കൊക്കെ അങ്ങനെയാണ്. സ്വരജാലകം അല്ലെങ്കിൽ സ്വരവാതിൽ തുറന്നുകിട്ടുക എന്നതാണ് ഒരു സംഗീതകാരന്റെ വിദ്യാരംഭം. നാദങ്ങളെ സ്വരപ്പെടുത്താൻ കഴിഞ്ഞാലേ അയാൾ സംഗീതോപാസന തുടരണമോ എന്നു പറയാനാകൂ. അത് എപ്പോൾ പൂർണമായി ലഭിക്കുമെന്ന് ആർക്കും പറയാനുമാവില്ല. മാതംഗി ഉപാസനയാണ് പ്രധാനമെന്നു പറയാറുണ്ട്.

‘‘ജയ മാതംഗ തനയേ

ജയ നീലോല്പലദ്യുതേ

ജയ സംഗീതരസികേ

ജയ ലീലാ ശുകപ്രിയേ’’

എന്നു കാളിദാസൻ, ശ്യാമളാ ദണ്ഡകത്തിൽ അമ്മയെ വാഴ്ത്തുന്നു.

പഴയതലമുറയിലും പുതിയതലമുറയിലും എണ്ണംപറഞ്ഞ സംഗീതജ്ഞരൊക്കെ ഈ വാഗ്‌ദേവീകടാക്ഷം ലഭിച്ചവരാണ്. അവർ പാടുകയും അനായാസം സംഗീതോപകരണങ്ങൾ കൈകാര്യംചെയ്യുകയും ചെയ്യുന്നു. മഹാപുണ്യവാന്മാരാണ് അവർ. അറിയാനുള്ള സൗകര്യം കൂടുതൽ ലഭിച്ചതിനാൽ പുതുതലമുറ സംഗീതത്തിൽ പലജന്മങ്ങൾ ജീവിക്കുന്നു. ജ്ഞാനസ്ഥർ!

സംഗീതം ഉയിർത്തെഴുന്നേൽക്കുകയും തലമുറകളിലേക്കു കൈമാറപ്പെടുകയും ചെയ്യും ഉറപ്പാണ്. മരണമില്ലാത്ത ശ്രുതിസാഗരം.

ഭക്തി, സന്മാർഗം ഇവയിലൂടെ മാത്രമേ സംഗീതത്തിന് വികാസമുള്ളൂവെന്ന് ത്യാഗരാജസ്വാമികൾ പല കീർത്തനങ്ങളിലും പറയുന്നു.

കൈകളിൽ പുസ്തകവും അക്ഷമാലയും വീണയും ധരിച്ച സരസ്വതിയെ സംഗീതദേവതയായ മാതംഗിയായും ഉപാസിക്കുന്നു.

ശുക്ളവർണനായ തംബുരു സപ്തമാതൃക്കളുടെയും സമീപസ്ഥനായി സ്ഥിതിചെയ്യുന്നു. തംബുരുശ്രുതിയിൽ പൂർണമായി ലയിക്കുന്ന നാദമാണ് സംഗീതത്തിന്റെ പ്രത്യക്ഷരൂപം. അക്ഷരങ്ങളും കാവ്യങ്ങളും ശ്രുതിയിൽ ചേർന്നുലയിക്കുമ്പോൾ ‘സംഗീതമപിസാഹിത്യം സാരസ്വത്യാസ്തനദ്വയം’ എന്നുപറയുന്ന അവസ്ഥ ജനിക്കുന്നു. വാക്കും ഗാനവും (കവിതയും സംഗീതവും) ഉൾച്ചേർന്ന പ്രതിഭകളെയാണ് വാഗ്ഗേയകാരന്മാർ എന്നു പറയുക. അമ്മയുടെ അവതാരസരസ്വതിക്ക് അനേകനമസ്കാരം. നിർമലമായ ജ്ഞാനമാണ് സാരസ്വതം.

വര: ബി.എസ്‌. പ്രദീപ്‌കുമാർ

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..