പെരുവഴിയിലായി ഇടയിലക്കാട്ടെ കർഷകർ : ‘വയലിലെല്ലാം ഉപ്പുവെള്ളം, എങ്ങനെ കൃഷിയിറക്കും’


ഇടയിലക്കാട് വയലിൽ ഉപ്പുവെള്ളം കയറിയനിലയിൽ

വലിയപറമ്പ : കഷ്ടപ്പെട്ട് കടം വാങ്ങിയും മറ്റുമിറക്കിയ നെൽകൃഷി മുഴുവൻ ഉപ്പുവെള്ളം കയറി നശിക്കുന്നത് കണ്ടു നിൽക്കാനാകുന്നില്ല. വർഷങ്ങളായി തുടർന്നുവന്ന നെൽകൃഷി ഇക്കുറി ചെയ്തില്ല. ഇടയിലക്കാട്ടെ നെൽക്കർഷകരുടെ സങ്കടമാണിത്. വലിയപറമ്പ പഞ്ചായത്തിലെ പ്രധാന പാടശേഖരങ്ങളിലൊന്നായ ഇടയിലക്കാട് വയലിൽ ഇപ്പോൾ ഉപ്പുവെള്ളം കെട്ടിനിൽക്കുകയാണ്.

കഴിഞ്ഞ വർഷം ചെയ്ത നെൽകൃഷി ഉപ്പുവെള്ളം കയറി നശിച്ചതിനാൽ വിളവെടുക്കാതെ അവിടെയും ഇവിടെയുമൊക്കെ അഴുകിക്കിടക്കുന്ന കാഴ്ച ഇപ്പോഴും അവശേഷിക്കുന്നുണ്ട്. ഇടയിലക്കാട്പുഴയ്ക്ക് സമാന്തരമായി രണ്ടുകിലോമീറ്ററോളം നീളത്തിൽ 10 ഹെക്ടർ വയലാണുള്ളത്.

ഇതിൽ എട്ട് ഹെക്ടറോളം നെൽവയലിലും അഞ്ചുവർഷമായി ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നത് പതിവാണ്. ആദ്യകാലങ്ങളിൽ മൂന്നുവിള കൃഷിയെടുത്ത വയലിൽ ഇക്കുറി കൃഷിയിറക്കിയത് 50 സെന്റിൽ താഴെ മാത്രമാണ്. കൃഷിയിറക്കാൻ ആഗ്രഹമുണ്ടായിട്ടും അതിന് സാധിക്കാത്തതാണ് ഇവിടത്തെ കർഷകർക്ക് പറയാനുള്ള സങ്കടം.

പുഴയുടെ കരയിൽ പ്രകൃതി തന്നെ ഒരുക്കിയ ബണ്ട് കാലപ്പഴക്കത്താൽ നശിച്ചുതുടങ്ങിയതാണ് കരയിലേക്ക് ഉപ്പുവെള്ളം കയറാൻ കാരണം. ബണ്ടിൽ ഞണ്ടുകളും മറ്റ് ജീവികളും ഉണ്ടാക്കുന്ന ദ്വാരങ്ങളാണ് ചാലുകളായി മാറിയത്. വയലിലെ കൃഷിക്ക്‌ മാത്രമല്ല, താഴ്ന്ന പ്രദേശങ്ങളിലെ ജലസ്രോതസ്സുകളിലും ഉപ്പുവെള്ളം കയറിത്തുടങ്ങിയെന്നതാണ് ഇവിടത്തുകാർ നേരിടുന്ന മറ്റൊരു പ്രതിസന്ധി. കുറച്ചുകാലം മുൻപ്‌ ചിലയിടത്ത് കയർഭൂവസ്ത്രം ഒരുക്കിയിരുന്നെങ്കിലും അതും നശിച്ചുപോയി. പുഴയോരത്തെ ബണ്ട് ബലപ്പെടുത്തി വയലിലേക്ക് ഉപ്പുവെള്ളം കയറുന്നത് തടയണമെന്ന് പലയാവർത്തി പഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ടും പദ്ധതിയായി എന്ന് പറയുന്നതല്ലാതെ ഇതുവരെ നടപടിയായില്ലെന്നാണ് കൃഷിക്കാരുടെ സങ്കടം.

പ്രശ്നത്തിന് പരിഹാരം കാണും

ഇടയിലക്കാട് വയലിൽ ഉപ്പുവെള്ളം കയറുന്നത് തടയാനുള്ള പദ്ധതിയുടെ പ്രവർത്തികൾ നടക്കുന്നുണ്ട്. പ്രകൃതി ദത്ത ബണ്ടിൽ ഞണ്ടുകൾ ദ്വാരമുണ്ടാക്കുന്നതിനാൽ ശാശ്വത പരിഹാരമാണ് വേണ്ടത്. ഇതുസംബന്ധിച്ച് ജലസേചന വകുപ്പിനോട് ചേർന്ന് പ്രത്യേകം പദ്ധതി തയ്യാറാക്കിവരികയാണ്. കുറച്ചുദിവസം മുൻപ്‌ സ്ഥലം സന്ദർശിച്ച് രൂപരേഖ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. കർഷകരുടെ പ്രശ്നത്തിന് പരിഹാരം ഉണ്ടാകും

വി.വി.സജീവൻ, വലിയപറമ്പ പഞ്ചായത്ത് പ്രസിഡന്റ്

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..