ഒടുവിൽ ചട്ടഞ്ചാൽ ഓക്സിജൻ പ്ലാന്റ്‌ ശ്വസിച്ചുതുടങ്ങി


ചട്ടഞ്ചാലിലെ ഓക്സിജൻ പ്ലാന്റ് പൂർണ ഉത്പാദനസജ്ജമാക്കിയപ്പോൾ

പൊയിനാച്ചി : ചട്ടഞ്ചാൽ ഓക്സിജൻ പ്ലാന്റ് ഒരു വർഷത്തിനുശേഷം ശ്വാസമെടുത്തു. 84 ദിവസം കൊണ്ട് പ്രവർത്തനക്ഷമമാക്കാൻ ജില്ലാ പഞ്ചായത്ത് വിഭാവനം ചെയ്തിരുന്ന പ്ലാന്റിൽ ഒടുവിൽ ഉത്പാദനം തുടങ്ങി. കഴിഞ്ഞ ഏപ്രിൽ ഒന്നിന് വ്യവസായ മന്ത്രി പി.രാജീവ് പ്ലാന്റിന്റെ ഉദ്ഘാടനം ചെയ്തിരുന്നുവെങ്കിലും വൈദ്യുതി കിട്ടാത്തതിനാൽ അടഞ്ഞുകിടക്കുകയായിരുന്നു. ജനറേറ്റർ പ്രവർത്തിപ്പിച്ചാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചിരുന്നത്.

പുതിയ എച്ച്.ടി. ലൈനും ട്രാൻസ്‌ഫോർമറും സ്ഥാപിച്ച് കണക്‌ഷൻ നൽകിയതോടെ പ്ലാന്റ് സ്ഥാപിച്ച കൊച്ചിയിലെ കെയർ സിസ്റ്റംസ് അധികൃതരെത്തി പരീക്ഷണ ഉത്പാദനം നടത്തി. അത് വിജയകരമായതിനെ തുടർന്നാണ് പ്ലാന്റ് തുറക്കാൻ നടപടിയായത്.

ആവശ്യമനുസരിച്ച് ദിവസവും 200 സിലിൻഡറുകൾ വരെ നിറയ്ക്കാനുള്ള സംവിധാനമാണ് ഇവിടെ ഒരുക്കിയത്. ജില്ലാ ആസ്പത്രിക്ക് ആദ്യം ഓക്സിജൻ നൽകും. ജില്ലയിലെ സ്വകാര്യ ആസ്പത്രികൾ, വ്യവസായ യൂണിറ്റുകൾ എന്നിവയ്ക്കും തുടർന്ന് സിലിൻഡർ ലഭ്യമാക്കും. ഇതിനായി സംരഭകരുമായി നേരത്തേ ധാരണ ഉണ്ടാക്കിയിട്ടുണ്ടെന്ന് പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥനായ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.സജിത്ബാബു പറഞ്ഞു.

അടുത്തയാഴ്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ഓക്സിജൻ സിലിൻഡർ വിതരണ സംവിധാനത്തെപ്പറ്റി ചർച്ച നടത്തും. കോവിഡ് കാലത്ത് സിലിൻഡർ ചലഞ്ചിലൂടെ കിട്ടിയ 200 ഓക്സിജൻ സിലിൻഡറുകൾ ആരോഗ്യവകുപ്പിന്റെ പക്കലുണ്ട്. ഇവ പ്ലാന്റിന് കൈമാറിയേക്കും. ചട്ടഞ്ചാൽ കുന്നാറയിലെ വ്യവസായ പാർക്കിൽ പ്രവർത്തിക്കുന്ന പ്ലാന്റിൽ ഒരു ഓപ്പറേറ്റർ, അഡ്മിനിസ്ട്രേറ്റീവ് ആൻഡ് മാർക്കറ്റിങ് ഓഫീസർ എന്നിവരെ താത്കാലികമായി നിയമിച്ചിട്ടുണ്ട്.

വ്യവസായ പാർക്കിൽ ജില്ലാ പഞ്ചായത്തിന്റ 50 സെന്റിലാണ് പ്രവർത്തനം. ജില്ലാ പഞ്ചായത്തിന് പുറമേ, ജില്ലയിലെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളും ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കാൻ സഹായം നൽകിയിരുന്നു. 2.90 കോടിയാണ് പ്ലാന്റിന് ചെലവാക്കിയത്. കോവിഡിന്റെ രണ്ടാംതരംഗത്തിൽ പ്രാണവായുക്ഷാമം രൂക്ഷമായപ്പോഴാണ് പൊതുമേഖലയിൽ സ്വന്തമായൊരു ഓക്സിജൻ പ്ലാന്റ് എന്ന ആശയം ജില്ലാ ഭരണകൂടം മുന്നോട്ടുവെച്ചത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..