തളങ്കരയിൽനിന്ന്‌ തിളങ്ങിയ തനിത്തങ്കം


• ടി.ഉബൈദിന്റെ ഭവനം (ഫയൽചിത്രം)

കാസർകോട്: 'വിളക്കുവെക്കുവിൻ വിളക്കുവെക്കുവിൻ;

വെളിച്ചം കാണട്ടെ, വിളക്കുവെക്കുവിൻ

അടുത്തുനിന്നിടുമനുജനെപ്പോലും

തടഞ്ഞുവീഴുമാറിരുണ്ടുപോയ് രംഗം....

മലയാള സാഹിത്യ ചരിത്രത്തിന്റെ സിംഹാസനത്തിൽ ചെങ്കോലും കിരീടവുമണിഞ്ഞ് വിലസുന്ന ഒരു മഹാകവിയുടെ വരികളാണിത്. കവി എന്നതിലുപരി സാമൂഹിക പരിഷ്കർത്താവും വിദ്യാഭ്യാസ പ്രവർത്തകനും പ്രസാധകനും വിവർത്തകനും മനുഷ്യസ്നേഹിയുമായ ആ മഹാന്റെ പേരാണ് ടി.ഉബൈദ്. ധിഷണശാലിയായ ഈ എഴുത്തുകാരന്റെ വിയോഗത്തിന് അൻപതാണ്ട് തികയുകയാണ്.

നവോത്ഥാനത്തിന്റെ സൂര്യതേജസ്സായിരുന്നു മഹാകവി ടി.ഉബൈദ്. ഭാരതീയ സംസ്‌കൃതിയും ദർശനങ്ങളും നെഞ്ചേറ്റിയ ബഹുഭാഷാ പണ്ഡിതൻ. ബഹുസ്വരതയെ സാർഥകമാക്കിയ സാത്വികൻ. തകഴിക്കും മുണ്ടശ്ശേരിക്കും എസ്.കെ.പൊറ്റക്കാടിനുമൊപ്പം സാഹിത്യ അക്കാദമിയിൽ പ്രവർത്തിച്ചയാൾ. മലയാളഭാഷാ നിഘണ്ടു സമ്പന്നമാക്കാൻ മാപ്പിള പദങ്ങൾ ശേഖരിക്കാൻ ശൂരനാട് കുഞ്ഞൻപിള്ളയ്ക്കൊപ്പം രാപകലില്ലാതെ ഓടിനടന്ന സംഘാടകൻ. കന്നഡയിലും മലയാളത്തിലും അറബിയിലും അറബിമലയാളത്തിലും ഒരുപോലെ കവിതകളെഴുതുകയും വിവർത്തനകൃതികൾ തയ്യാറാക്കുകയുംചെയ്ത പ്രതിഭാധനൻ. വിശേഷണങ്ങളൊരുപാടുണ്ട്, ഉബൈദെന്ന ടി.അബ്ദുറഹ്‌മാന്.

മാപ്പിളപ്പാട്ട് ഗായക ദമ്പതിമാരായ എം.ആലിക്കുഞ്ഞി-സൈനബ എന്നിവരുടെ മകനായി 1908 ഒക്ടോബർ ഏഴിന് ദക്ഷിണ കന്നഡയുടെ ഭാഗമായിരുന്ന പഴയ കാസർകോട് താലൂക്കിലെ തളങ്കര പള്ളിക്കാൽ ഗ്രാമത്തിലാണ്‌ ജനനം. കന്നഡയിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ ഉബൈദിന്റെ മലയാള ഭാഷയിലെ ഗുരു തുണിക്കച്ചവടക്കാരൻകൂടിയായ സ്വന്തം പിതാവാണ്. ആദ്യം കന്നഡയിലാണ് കവിതകളെഴുതിയിരുന്നത്. അറബി പഠിച്ചതോടെ അറബി ബൈത്തുകളുടെ (പ്രകീർത്തനങ്ങൾ) മാതൃകയിൽ കവിതകളെഴുതാൻ തുടങ്ങി. എട്ടാം ക്ലാസിൽ പഠനമുപേക്ഷിച്ച ഉബൈദ് 12 വർഷങ്ങൾക്കുശേഷം സ്വന്തം അധ്വാനത്തിൽ പഠനം പൂർത്തിയാക്കി. മലപ്പുറത്തുനിന്ന് അധ്യാപക പരിശീലനവും നേടി.

കുമ്പള മുനീറുൽ ഇസ്‌ലാം സ്കൂൾ, തെക്കിൽ സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായി. തളങ്കര മുഇസ്സുൽ ഇസ്‌ലാം പ്രൈമറി സ്കൂളിലെ പ്രഥമാധ്യാപകനായി 1969-ലാണ് സർവീസിൽനിന്ന് വിരമിച്ചത്.

എഴുത്തിലൂടെയും വായനയിലൂടെയും താൻ കരസ്ഥമാക്കിയ അറിവ് മുസ്‌ലിം പൊതുമണ്ഡലത്തിലേക്കും എത്തിക്കാൻ അദ്ദേഹം അക്ഷീണം പ്രയത്നിച്ചു. സാംസ്കാരിക നവോത്ഥാനം ലക്ഷ്യമാക്കി കാസർകോട് താലൂക്കിൽ ഒരു സ്കൂളും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘടന സ്ഥാപിച്ചു. അവിഭക്ത കാസർകോട് താലുക്കിലെ വിദ്യാലയങ്ങളുടെ മാതാവ് എന്ന വിശേഷണം നേടിയ 'മുഹിസ്സുൽ ഇസ്‌ലാം' സ്കൂളിന്റെ പ്രഥമാധ്യാപകനായിരുന്ന ഇദ്ദേഹത്തെ 1964-ൽ മികച്ച അധ്യാപകനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും ലഭിച്ചു.

സാംസ്കാരിക പരിപാടികൾ ഇന്ന് തുടങ്ങും

ടി.ഉബൈദിന്റെ 50-ാം വിയോഗ വാർഷികത്തിന്റെ ഭാഗമായി ടി.ഉബൈദ് സ്മാരക സാഹിത്യ കലാ പഠനകേന്ദ്രം നടത്തുന്ന ഒരുവർഷം നീളുന്ന സാംസ്കാരിക പരിപാടികൾ ശനിയാഴ്ച തുടങ്ങും. ഉച്ചയ്ക്ക് 2.30-ന് കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടക്കുന്ന മാപ്പിള സാഹിത്യ സെമിനാർ ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനംചെയ്യും. പഠനകേന്ദ്രം പ്രസിഡന്റ് യഹ്യ തളങ്കര അധ്യക്ഷനാവും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..