മലയോരഹൈവേ പാതി പിന്നിട്ടപ്പോൾ: മന്ദഗതിയിലാണ്‌ മലയേറ്റം


മലയോരഹൈവേ കാറ്റാംകവലയിലെ കാഴ്ച

വെള്ളരിക്കുണ്ട്‌: ജില്ലയിൽ 2018 നവംബറിൽ തുടങ്ങിയ മലയോരഹൈവേ നിർമാണം പാതി പിന്നിട്ടു. നന്ദാരപ്പടവ് മുതൽ ചെറുപുഴ വരെയുള്ള 127.42 കിലോമീറ്റർ നാല് റീച്ചാക്കിയായിരുന്നു പദ്ധതി. 298 കോടി രൂപ കിഫ്ബി അനുവദിച്ചു. ഒന്നാം റീച്ച് നന്ദാരപ്പടവ് മുതൽ ചേവാർ വരെ 55 കോടിയിൽ 23 കിലോമീറ്റർ രണ്ടുവർഷം മുൻപ് പൂർത്തിയാക്കി. രണ്ടാം റീച്ച് ചേവാർമുതൽ എടപ്പറമ്പുവരെ 49.64 കിലോമീറ്റർ വികസിപ്പിക്കാനുള്ള 77.04 കോടിയുടെ കരാർ നൽകി. പ്രവൃത്തി ഉടൻ തുടങ്ങും.

മൂന്നാം റീച്ച് എടപ്പറമ്പ് മുതൽ കോളിച്ചാൽ വരെയുള്ള 24.4 കിലോമീറ്റർ ദൂരം 85 കോടിയുടെ നിർമാണം നടക്കുന്നു. ഈ ഭാഗത്ത് രണ്ടിടത്തായി വനത്തിലൂടെയുള്ള 3.61 കിലോമീറ്റർ ഒഴികെയുള്ളത് ഡിസംബറോടെ പൂർത്തിയാകും.

നാലാം റീച്ച് കോളിച്ചാൽ മുതൽ കണ്ണൂർ ജില്ലാ അതിർത്തിയായ ചെറുപുഴ വരെ 30.88 കിലോമീറ്ററിൽ മരുതോത്തും കാറ്റാംകവലയിലുമായി മൂന്ന് കിലോമീറ്റർ മാത്രമാണ് ബാക്കിയുള്ളത്. ആദ്യഘട്ടത്തിൽ അതിവേഗത്തിലായിരുന്നു നിർമാണ നടപടി. സാങ്കേതിക കുരുക്കുകളെല്ലാം ജനപ്രതിനിധികൾ തക്കസമയത്ത് പരിഹരിച്ചു. വനഭൂമിയിലെ നിർമാണവും തുക വർധിപ്പിക്കേണ്ടതായ കാര്യങ്ങളും ഇപ്പോൾ മന്ദഗതിയിലാണ് നീങ്ങുന്നത്.

വഴിമുടക്കി കാറ്റാംകവല

: മലമടക്കുകളുടെ ഹരിതഭംഗി ആസ്വദിച്ച് മലയോരഹൈവേയിലൂടെ വരുന്നവർ കാറ്റാംകവല മലയിലെത്തിയാൽ പെട്ടതുതന്നെ.

ചെങ്കുത്തായ കയറ്റത്തിൽ കരിങ്കൽ സോളിങ് നടത്തിയ റോഡ് മറികടക്കൽ ശ്രമകരം. വാഹനം പിന്നോട്ട് വരാം. ഇറക്കം ഇറങ്ങുന്നവർ അതീവ ശ്രദ്ധ കാട്ടിയില്ലെങ്കിൽ വീഴുമെന്നുറപ്പ്. ഇവിടെ കയറ്റത്തിൽ പിന്നോട്ടുരുണ്ട്‌ നീങ്ങിയ കെ.എസ്.ആർ.ടി.സി. ബസ് കയറി ടാപ്പിങ് തൊഴിലാളി മരിച്ചത് ഒന്നരമാസം മുൻപാണ്. വള്ളിക്കാവിനും കാറ്റാംകവലയ്ക്കുമിടയിൽ അപകടം തുടർക്കഥയാണ്. കാലവർഷത്തിൽ ഇടിഞ്ഞഭാഗം ഇതുവരെ നന്നാക്കിയില്ല. റോഡിന്റെ പകുതിഭാഗം അടച്ചിട്ടുണ്ട്.

നിർമാണം മുടങ്ങിയതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. ഇടതടവില്ലാതെ ഇതുവഴി വാഹനങ്ങൾ പോകുന്നുണ്ട്‌. വീണുപരിക്കേറ്റവർ നിരവധി. ഇരുചക്രവാഹനങ്ങളാണ് അധികവും അപകടത്തിൽപ്പെടുന്നത്. ചില വാഹനങ്ങൾ അപകടഭീതിമൂലം ചട്ടമലവഴി തിരിഞ്ഞുപോകുന്നു.

അപകടം ആവർത്തിക്കുന്നു

വാഹനങ്ങൾ കേടാകുന്നു. കരിങ്കൽ സോളിങ്ങിലൂടെ കയറിപ്പോകാനാവുന്നില്ല. പൊടിപടലംമൂലം ഇതുവഴി യാത്രചെയ്യാനാവാത്ത അവസ്ഥ. ഹൈവേയിൽ വള്ളിക്കടവിനും കാറ്റാംകവലയ്ക്കുമിടയിൽ നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെട്ടു..

ജോയിസ് തോമസ് ഓട്ടോറിക്ഷ ഡ്രൈവർ

82 കോടിയിൽനിന്ന് 113 കോടിയിലേക്ക്

:ജില്ലയിൽ മലയോരഹൈവേയുടെ നാലാം റീച്ചായ കോളിച്ചാൽ ചെറുപുഴ ഭാഗത്ത് നിർമാണച്ചെലവിൽ വൻവർധന. ആദ്യത്തെ 82 കോടിയിൽനിന്ന് 113 കോടിയായി വർധിപ്പിക്കാനുള്ള രൂപരേഖയാണ് കെ.ആർ.എഫ്.ബി. കിഫ്ബിയിൽ സമർപ്പിച്ചിട്ടുള്ളത്.

മരുതോത്തും കാറ്റാംകവലയ്ക്കടുത്തുമായി ഒരു ഹെക്ടറിൽതാഴെ വനഭൂമി ഏറ്റെടുത്ത് വികസിപ്പിക്കുന്നതിൽ വരുന്ന അധികച്ചെലവും ചരക്കുസേവനനികുതി (ജി.എസ്.ടി.) യുമാണ് അടങ്കൽതുക വർധിക്കാൻ കാരണമായത്.

82 കോടി 96 കോടിയാക്കി ആദ്യം വർധിപ്പിച്ചു. ഇതിന്റെ 18 ശതമാനം ജി.എസ്.ടി. കൂടി വന്നതോടെയാണ് തുക 113 കോടിയിലെത്തിയത്. തുകയിൽ വൻ വർധന വന്നതിൽ കിഫ്ബി വിശദീകരണമാരാഞ്ഞതോടെ പുതുക്കിയ പദ്ധതി വൈകുകയാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..