സംശുദ്ധജീവിതം നയിക്കാനുള്ള പോരാട്ടമാകണം യഥാർഥ ലഹരി -ആസിഫലി


യോദ്ധാക്കൾക്കൊപ്പം.... ജനമൈത്രി പോലീസ്സംഘടിപ്പിച്ച 'യോദ്ധാവ്' ലഹരിവിരുദ്ധ സദസ്സിൽ പങ്കെടുക്കാനെത്തിയ നടൻ ആസിഫലിക്കൊപ്പം പോലീസുദ്യോഗസ്ഥരും സന്നദ്ധപ്രവർത്തകരും സെൽഫിയെടുക്കുന്നു

തളങ്കര : സംശുദ്ധജീവിതം നയിക്കാനുള്ള പോരാട്ടമായിരിക്കണം യഥാർഥ ലഹരിയെന്നും അതിനെ ആസ്വദിക്കാൻ കഴിയണമെന്നും സിനിമാനാടൻ ആസിഫലി പറഞ്ഞു. ലഹരിക്കെതിരേ നടക്കുന്ന ഓപ്പറേഷൻ ക്ലീൻ കാസർകോട് പദ്ധതിയുടെ ഭാഗമായി കാസർകോട്ട് ജനമൈത്രി പോലീസ് നടത്തിയ 'യോദ്ധാവ്' ബോധവത്കരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മയക്കുമരുന്ന് മാഫിയയുടെ കടന്നുകയറ്റം അതിരൂക്ഷമായ സാഹചര്യത്തിൽ ഇതിനെതിരേ എല്ലാ മേഖലകളിലും പോരാട്ടം ശക്തമാക്കണം.

സിനിമകളിലെ ലഹരി ഉപയോഗം യാഥാർഥ്യമല്ലെന്നും അത്തരം രംഗങ്ങൾ കഥാസന്ദർഭത്തിനനുസരിച്ച് പ്രേക്ഷകർക്ക് ആസ്വദിക്കാനുള്ളത് മാത്രമായി കണ്ടാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഡീഷണൽ പോലീസ് സൂപ്രണ്ട് പി.കെ.രാജു ബോധവത്കരണം ഉദ്ഘാടനം ചെയ്തു. കാസർകോട് നഗരസഭാ ചെയർമാൻ വി.എം.മുനീർ അധ്യക്ഷനായി. കേരള പോലീസ് ടീം കാസർകോട് ഘടകം ലഹരിവിരുദ്ധനാടകം 'മാജിക് മുട്ടായി'യും അവതരിപ്പിച്ചു. കാസർകോട് ഡിവൈ.എസ്.പി. വി.വി.മനോജ്, നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. എം.എം.മാത്യു, കാസർകോട് ടൗൺ ഇൻസ്പെക്ടർ പി.അജിത് കുമാർ, എ.അബ്ദുൾ റഹ്‌മാൻ, അബ്ദുൾ മജീദ് ബാഖവി, ടി.എ.ഷാഫി, കെ.എം.ബഷീർ, സഹീർ ആസിഫ്, സുമയ്യ മൊയ്തീൻ എന്നിവർ സംസാരിച്ചു.

കുടുംബശ്രീ-ബാലസഭ കാമ്പയിൻ നാളെ

കാസർകോട് : ഗാന്ധിജയന്തി ദിനത്തിൽ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും കുടുംബശ്രീ ബാലസഭാഗംങ്ങളെ ഉൾപ്പെടുത്തി ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികൾ നടത്തുന്നു. എല്ലാ പഞ്ചായത്തിലെയും മുഴുവൻ ബാലസഭാംഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള മാരത്തൺ, ലഹരിവിരുദ്ധ ആശയങ്ങൾ തയ്യാറാക്കുന്നതിന് ആശയമരം എന്ന പേരിൽ ഒപ്പുമരം/ഫലകം തയ്യാറാക്കും.

ലഹരിവിരുദ്ധ ബോധവത്കരണവുമായി ബന്ധപ്പെട്ട് സംസ്ഥാന മിഷനിൽനിന്ന് നിർദേശിച്ച പരിപാടികൾ ഏറ്റവും മികച്ച രീതിയിൽ നടപ്പാക്കുന്ന മൂന്ന് സി.ഡി.എസുകൾക്ക് സംസ്ഥാനതല അവാർഡ് നൽകുമെന്ന് കുടംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ടി.ടി.സുരേന്ദ്രൻ അറിയിച്ചു.

ഒരുമാസത്തെ പ്രചാരണം

കാസർകോട് : ലഹരിവിമുക്ത ജില്ല എന്ന സ്വപ്നസാക്ഷാത്കാരത്തിനായി ഒരുമാസത്തെ പ്രചാരണം നടത്താൻ വിമുക്തി ജില്ലാതലയോഗം തീരുമാനിച്ചു. ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ ഷിനോജ് ചാക്കോ അധ്യക്ഷനായി. ഗാന്ധിജയന്തി ദിനമായ ഞായറാഴ്ച മുതൽ കേരളപ്പിറവി ദിനമായ നവംബർ ഒന്നുവരെയാണ് പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുക. എ.ഡി.എം. എ.കെ.രമേന്ദ്രൻ, ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ഡി.ബാലചന്ദ്രൻ, കെ.വി.പുഷ്പ, കെ.കൃഷ്ണകുമാർ, ഹരിദാസൻ പാലക്കൽ, എൻ.ജി.രഘുനാഥൻ, ഇ.ജനാർദനൻ, എം.മധുസൂദനൻ, എസ്.മീനാറാണി എന്നിവർ പങ്കെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..