കാസർകോട് വെടിവെപ്പ്: 25 മുസ്‌ലിം ലീഗ് പ്രവർത്തകരെ വെറുതേവിട്ടു


1 min read
Read later
Print
Share

കാസർകോട് : ഏറെ ചർച്ച ചെയ്യപ്പെട്ട കാസർകോട് വെടിവെപ്പിൽ പോലീസിനെ ആക്രമിച്ചുവെന്ന കുറ്റമാരോപിക്കപ്പെട്ട മുസ്‌ലിം ലീഗ് പ്രവർത്തകരെ കോടതി വെറുതേവിട്ടു. ജില്ലാ അഡീഷണൽ സെഷൻസ് കോടതി (മൂന്ന്) ജഡ്ജി എ.വി. ഉണ്ണികൃഷ്ണനാണ് 25 മുസ്‌ലിം ലീഗ് പ്രവർത്തകരെ കുറ്റവിമുക്തരാക്കി ഉത്തരവിട്ടത്. അജാനൂർ, ചെറുവത്തൂർ, തൃക്കരിപ്പൂർ ഭാഗങ്ങളിലുള്ള ലീഗ് പ്രവർത്തകരെയാണ് കോടതി വെറുതേവിട്ടത്.

2009 നവംബർ 15-ന് രാത്രി കാസർകോട് പുതിയ ബസ്‌സ്റ്റാൻഡ് പരിസരത്തുവെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പരേതനായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ. അടക്കമുള്ള നേതാക്കൾക്ക് മുസ്‌ലിം ലീഗ് കാസർകോട് ജില്ലാ കമ്മിറ്റി നൽകിയ സ്വീകരണത്തിനിടെയാണ് ഉന്തുംതള്ളുമുണ്ടായത്.

സംഘർഷവുമായി ബന്ധപ്പെട്ട് അന്നത്തെ കാസർകോട് ജില്ലാ പോലീസ് മേധാവി രാംദാസ് പോത്തന്റെ പരാതിയിൽ കാസർകോട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ 50 പ്രതികളാണ് ഉണ്ടായിരുന്നത്.

ലീഗ് പ്രവർത്തകർ അന്യായമായി സംഘടിച്ച് വാഹനങ്ങൾക്കും കടകൾക്കും പോലീസിനും നേരേ അക്രമം നടത്തിയെന്നും സംഘത്തെ പിരിച്ചുവിടാൻ ലാത്തിച്ചാർജും കണ്ണീർവാതകവും പ്രയോഗിച്ചിട്ടും പിരിഞ്ഞ് പോകാത്തതിനെ തുടർന്ന് പോലീസ് നടത്തിയ വെടിവെയ്പിൽ യൂത്ത് ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടിരുന്നുവെന്നും നിരവധി പോലീസുകാർക്ക് പരിക്കേറ്റുവെന്നും കാണിച്ചാണ് എസ്.പി. രാംദാസ് പോത്തൻ പരാതി നൽകിയത്. അന്നുണ്ടായ അക്രമസംഭവങ്ങളിൽ രണ്ട് ലീഗ് പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. കറന്തക്കാട്ട് ബി.ജെ.പി.ക്കാർ യൂത്ത് ലീഗ് പ്രവർത്തകനായ കുമ്പള കോയിപ്പാടി സ്വദേശിയെ കുത്തിക്കൊലപ്പെടുത്തിയിരുന്നു.

പോലീസ് വെടിവെയ്പിൽ ചെറുവത്തൂർ കൈതക്കാട് സ്വദേശിയായ മുസ്‌ലിം ലീഗ് പ്രവർത്തകൻ ഷഫീഖും (24) കൊല്ലപ്പെട്ടിരുന്നു. പ്രതിഭാഗത്തിന് വേണ്ടി കെ.കെ. മുഹമ്മദ് ശാഫി ഹാജരായി.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..