വലിയപറമ്പിൽ വരുന്നു കല്ലുമ്മക്കായ വിത്തുത്‌പാദന മൂല്യവർധിത ഉത്പന്ന കേന്ദ്രം


Caption

നീലേശ്വരം : ഇടനിലക്കാരുടെ ചൂഷണമില്ലാതെ ഗുണമേന്മയുള്ള കല്ലുമ്മക്കായ വിത്തുകൾ കർഷകർക്ക് ലഭ്യമാക്കാൻ ലക്ഷ്യമിട്ട് ജില്ലയിൽ കല്ലുമ്മക്കായ വിത്തുത്‌പാദന മൂല്യവർധിത ഉത്പന്ന കേന്ദ്രം വരുന്നു. വലിയപറമ്പ്‌ പഞ്ചായത്തിലെ പുലിമുട്ടിനോട് ചേർന്നുള്ള അഞ്ച് ഏക്കറിലാണ് കേന്ദ്രം നിർമിക്കുക. പദ്ധതിയുടെ ഡി.പി.ആർ. രണ്ടുമാസത്തിനകം തയ്യാറാകും.

വിശദ പദ്ധതിരേഖ തയ്യാറായാൽ കാസർകോട് വികസന പാക്കേജും ഫിഷറീസ് വകുപ്പിന്റെ തുകയും ഉപയോഗിച്ച് നിർമാണം ആരംഭിക്കാനാകുമെന്ന് ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടർ പി.വി.സതീശൻ പറഞ്ഞു. ജില്ലയിൽ പടന്ന, വലിയപറമ്പ്‌, തൃക്കരിപ്പൂർ, നീലേശ്വരം നഗരസഭ എന്നീ തദ്ദേശ സ്ഥാപന പരിധികളിലായി കല്ലുമ്മക്കായ കൃഷിചെയ്യുന്ന 620 യൂണിറ്റുകളുണ്ട്. ജില്ലയിൽ കല്ലുമ്മക്കായ വിത്തുത്‌പാദന മൂല്യവർധിത ഉത്പന്ന കേന്ദ്രം വരുന്നത് കല്ലുമ്മക്കായ കൃഷി വ്യാപനത്തിന് വലിയ സഹായമാകും.തീരദേശത്തിന് ആശ്വാസം

ഏഷ്യയിൽ ഏറ്റവുംകൂടുതൽ കല്ലുമ്മക്കായ കൃഷിചെയ്തിരുന്ന കവ്വായി കായലിലെ കൊറ്റി മുതൽ കോട്ടപ്പുറംവരെയുള്ള ഭാഗത്ത് സ്ഥിരമായി കൃഷിയിറക്കുന്ന കർഷകരും വനിതാ സംഘങ്ങളും പുരുഷ സ്വയംസഹായ സംഘങ്ങളും കഴിഞ്ഞ കുറച്ചുനാളുകളായി കൃഷിയിൽനിന്ന് പിൻവലിയുകയാണ്. ആവശ്യത്തിന് വിത്ത് ലഭിക്കാത്തതും വിളവിന് വില ലഭിക്കാത്തതുമാണ് കാരണം.

ഇടനിലക്കാരുടെ ചൂഷണമാണ് വിത്ത് തേടുന്ന കർഷകർക്ക് മുന്നിലെ വലിയ വെല്ലുവിളി. 80 കിലോയുടെ ചാക്ക് വിത്ത്‌ 2000 രൂപയുണ്ടായിരുന്നത് ഇത്തവണ 10,000 രൂപ കൊടുത്താണ് കർഷകർക്ക് വാങ്ങേണ്ടിവന്നത്. ഗുണമേന്മയുള്ള വിത്ത് ലഭിക്കാത്തതും നല്ലൊരുഭാഗം കൃഷിയും നശിക്കാൻ കാരണമായെന്നാണ് കർഷകർ പറയുന്നത്.

ഒന്നിച്ച് വിളവെടുക്കുന്നതിനാൽ വില ലഭിക്കാത്തതതാണ് മറ്റൊരു പ്രതിസന്ധി. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ഫിഷറീസ് വകുപ്പ് കല്ലുമ്മക്കായ വിത്തുത്പാദന മൂല്യവർധിത ഉത്പന്ന യൂണിറ്റ് ആരംഭിക്കുന്നത്. ഗുണമേന്മയുള്ള വിത്ത് കർഷകർക്ക് ലഭ്യമാകുന്നതിനൊപ്പം മൂല്യവർധിത ഉത്പന്ന യൂണിറ്റും കൂടി വരുന്നതോടെ കല്ലുമ്മക്കായയിൽനിന്ന് മൂല്യവർധിത ഉത്പന്നങ്ങൾ തയ്യാറാക്കി വിദേശനാണ്യം നേടുന്നതിനുവരെ സാധ്യമാകും. വില ലഭിക്കുന്നില്ലെന്ന കർഷകരുടെ പ്രശ്നത്തിനും പരിഹാരമാകും.

പദ്ധതി യാഥാർഥ്യമായാൽ വലിയപറമ്പിലെ കല്ലുമ്മക്കായ വിത്തുത്പാദന കേന്ദ്രം സംസ്ഥാനത്തെ രണ്ടാമത്തെതും ജില്ലയിലെ ആദ്യത്തേതുമാകും. നിലവിൽ മാടായി പഞ്ചായത്തിലെ പുതിയങ്ങാടിയിലാണ് കല്ലുമ്മക്കായ കടൽ മത്സ്യ വിത്തുത്പാദന കേന്ദ്രം ഉള്ളത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..