നിരാഹാരസമരം എൻഡോസൾഫാൻ ദുരിതബാധിതർക്കായി: സമരവേദിയിൽ ദയാബായിയെ കസ്റ്റഡിയിലെടുത്തു; പ്രതിഷേധിച്ചപ്പോൾ വിട്ടു


കേരളത്തിന് അനുവദിച്ച എയിംസ് എൻഡോസൾഫാൻ ദുരിതബാധിതർക്ക് ഉപകരിക്കുംവിധം കാസർകോട് ജില്ലയിൽ സ്ഥാപിക്കണം എന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ദയാബായിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരം

തിരുവനന്തപുരം : എൻഡോസൾഫാൻ ദുരിതബാധിതർക്കായി വിവിധ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റ് പടിക്കൽ അനിശ്ചിതകാല നിരാഹാരസമരം നടത്തിയ സാമൂഹിക പ്രവർത്തക ദയാബായിയെ കന്റോൺമെന്റ് പോലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്കു മാറ്റി. സമരസമിതി പ്രവർത്തകർ പ്രതിഷേധിച്ചനെ തുടർന്ന് അരമണിക്കൂറിന് ശേഷം വിട്ടയച്ചു. തിരിച്ചെത്തിയ ദയാബായി വീണ്ടും നിരാഹാരസമരത്തിൽ പങ്കുചേർന്നു.

കേരളത്തിന് അനുവദിച്ച എയിംസ്, എൻഡോസൾഫാൻ ദുരിതബാധിതർക്ക് ഉപകരിക്കുംവിധം കാസർകോട് ജില്ലയിൽ സ്ഥാപിക്കണം എന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ ഞായറാഴ്ചയാണ് ദയാബായി സെക്രട്ടേറിയറ്റ് പടിക്കൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയത്. മൂന്നാമത്തെ ദിവസമായ ചൊവ്വാഴ്ച രാവിലെ ഡോക്ടർ എത്തി അവരുടെ ആരോഗ്യസ്ഥിതി പരിശോധിച്ച് തൃപ്തികരമാണെന്ന് അറിയിച്ചു.എന്നാൽ, വൈകീട്ട് എത്തിയ പോലീസ് കസ്റ്റഡിയിലെത്ത് ആംബുലൻസിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സമരാനുകൂലികൾ പ്രതിഷേധിച്ചപ്പോൾ ആശുപത്രിയിൽനിന്ന് വിട്ടയച്ച ദയാബായി അരമണിക്കൂറിനുശേഷം തിരിച്ചെത്തി സമരം തുടരുകയാണുണ്ടായത്.

ബുധനാഴ്ച ചേർന്ന യോഗം ജോസഫ് സി.മാത്യു ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ അമ്പലത്തറ കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഷാജർ ഖാൻ, ബി.സുനിൽ, എൻ.എം.അൻസാരി, പ്രാവച്ചമ്പലം അഷ്‌റഫ്, റിജാസ് തുടങ്ങിയവർ സംസാരിച്ചു.

പ്രവർത്തകരെ ചർച്ചയ്ക്ക് വിളിക്കാത്തതിൽ സമരസമിതി ചെയർമാൻ അമ്പലത്തറ കുഞ്ഞികൃഷ്ണൻ പ്രതിഷേധിച്ചു. മഴ പെയ്തപ്പോൾ നനയാതിരിക്കാൻ സ്ഥാപിച്ച ഫ്ളക്‌സ് ബോർഡ് മാറ്റാൻ പോലീസ് ആവശ്യപ്പെട്ടുവെന്നും നേതാക്കൾ പറയുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..