തുരുമ്പെടുക്കണോ തീരുമാനിക്കാൻ


തെക്കിലിലെ ടാറ്റ ട്രസ്റ്റ് ഗവ. കോവിഡ് ആസ്പത്രി

പൊയിനാച്ചി : ശരാശരി പ്രതിദിനം രണ്ടു രോഗികൾ. ചിലപ്പോൾ ഒഴിഞ്ഞ കിടക്കകൾ മാത്രം. പ്രതിമാസം എത്തുന്നത് പരമാവധി 15-ൽ താഴെ രോഗികൾ. ഇവർക്കായി രാപകൽ ആസ്പത്രിയുടെ പ്രവർത്തനം.

ഡോക്ടർമാർ അടക്കം 30 ജീവനക്കാർ. തെക്കിലിലെ ടാറ്റ ട്രസ്റ്റ് ഗവ. കോവിഡ് ആസ്പത്രിയുടെ സ്ഥിതി മാസങ്ങളായി ഇങ്ങനെയാണ്. കോവിഡ് ഭീഷണി മാറിയിട്ടും കോവിഡിന്റെ പേരിൽ ഈ ആസ്പത്രി ഇങ്ങനെ തുടരണോയെന്നതാണ് പൊതുവേ ഉയരുന്ന ചോദ്യം. വിദേശത്തുനിന്നെത്തി മങ്കിപോക്സ്‌ ലക്ഷണം സ്ഥിരീകരിച്ച ഒരാളും കോവിഡ് ബാധിച്ച്‌ വെന്റിലേറ്ററിന്റെ സഹായം ആവശ്യമുള്ള മറ്റൊരാളുമാണ് ഇവിടെ ചികിത്സയിലുള്ളത്. ആർ.എം.ഒ. - ഒന്ന്, ഡോക്ടർമാർ - മൂന്ന്, സ്റ്റാഫ് നഴ്സ് -ഏഴ്, നഴ്സിങ് അസിസ്റ്റന്റ്‌ - നാല്, ഹോസ്പിറ്റൽ അറ്റൻഡർ ഗ്രേഡ് രണ്ട് - ആറ്, ലാബ്, എക്സ്റേ ടെക്നീഷ്യന്മാർ - ഒന്നുവീതം, ഫാർമസി സ്റ്റോർ കീപ്പർ-ഒന്ന്, ഓഫീസ് ജീവനക്കാർ - ആറ് എന്നിങ്ങനെയാണ് ജീവനക്കാർ. കാസർകോട് ജനറൽ ആസ്പത്രിയിലെ ഡോക്ടർക്കാണ് സൂപ്രണ്ടിന്റെ അധികച്ചുമതല. മാസത്തിൽ മൂന്നുലക്ഷം രൂപയുടെ വൈദ്യുതി ബിൽ, മറ്റു ചെലവുകൾ എന്നിവ വേറെയും ഈ ആസ്പത്രി മുന്നോട്ടുകൊണ്ടുപോകാൻ വേണം.

ഏപ്രിൽ പകുതിക്കുശേഷമാണ് ആസ്പത്രിയിൽനിന്ന് കോവിഡ് രോഗികൾ ഒഴിഞ്ഞുതുടങ്ങിയത്. ജില്ലയിലിപ്പോൾ കോവിഡ് ചികിത്സാസൗകര്യമുള്ളത് ഇവിടെ മാത്രമാണ്. അസാധാരണ സ്വഭാവമുള്ളതും നിരീക്ഷണം ആവശ്യമായതുമായ രോഗങ്ങൾക്കെല്ലാം ഇവിടേക്കാണ് രോഗികളെ റഫർ ചെയ്യുന്നത്. ആറ് കൺടെയ്നറുകളിലെ അതിതീവ്ര പരിചരണ വിഭാഗം ഇപ്പോൾ ഒന്നുമാത്രമായി.

സ്പെഷ്യാലിറ്റി ഡോക്ടർമാർ ഉൾപ്പെടെ 191 പേർ ജോലിചെയ്തിരുന്ന സ്ഥാപനത്തിലെ 160 പേരെയും പുനർവിന്യസിച്ചു. വെന്റിലേറ്റർ ഉൾപ്പെടെ ഉപകരണങ്ങൾ പലതും മാറ്റി. ലക്ഷങ്ങൾ വിലയുള്ള മറ്റുള്ളവ കാഴ്ചവസ്തുപോലെ കിടക്കുന്നു.രണ്ടുവർഷം മുൻപ് തുടങ്ങിയ ടാറ്റ ട്രസ്റ്റ് ഗവ. ആസ്പത്രിയിൽ ചികിത്സയിലുള്ളത് ആകെ രണ്ടുപേർ മാത്രം. ഡോക്ടർമാർ ഉൾപ്പെടെ 30 പേർ ഇവിടെ പ്രത്യേകിച്ച് ജോലിയില്ലാതെ ദിവസവും എത്തുന്നു. കോവിഡ് കാലത്ത് ഒരുക്കിയ സംവിധാനങ്ങൾ പലതും കാഴ്ചവസ്തുവാണിവിടെ. എന്നിട്ടും തീരുമാനമെടുക്കാൻ എന്തിനിത്ര താമസം?

നിർദേശങ്ങൾ എവിടെ കിടക്കുന്നു

: ടാറ്റ ട്രസ്റ്റ് ഗവ. ആസ്പത്രിയെ മെഡിക്കൽ ആൻഡ് അലൈഡ് സ്പെഷ്യാലിറ്റി ആസ്പത്രിയായി ഉയർത്താൻ സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ.യുടെ അധ്യക്ഷതയിൽ ജൂണിൽ ചേർന്ന ജില്ലാതലയോഗം സർക്കാരിന് നിർദേശം സമർപ്പിച്ചിരുന്നു.

സ്പെഷ്യാലിറ്റി ഡോക്ടർമാരുള്ള ഈ ആസ്പത്രിയെ നിലനിർത്തിയില്ലെങ്കിൽ അനുവദിച്ച സ്പെഷ്യാലിറ്റി തസ്തികകൾ മറ്റുസ്ഥലങ്ങളിലേക്ക് മാറ്റാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ടാറ്റ ആസ്പത്രിയെ ജില്ലാആസ്പത്രി കാറ്റഗറിയിൽ നിലനിർത്താനും ജില്ലാ പഞ്ചായത്തിന് കൈമാറാനും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. എന്നാൽ ഇതുസംബന്ധിച്ച് തുടർനടപടിയൊന്നുമുണ്ടായില്ല.

ആസ്പത്രിക്ക് സ്ഥിരം കെട്ടിടങ്ങൾ ഒരുക്കിയാലേ ഭാവി വികസനം നടക്കൂവെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. അതിന് സർക്കാരിന്റെ ഇച്ഛാശക്തി വേണം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..