പൊയിനാച്ചി: നാട് നേപ്പാളാണെങ്കിലും ഇപ്പോൾ മലയാളമാണ് 13-കാരൻ നവീൻകാമി യുടെ ഹൃദയഭാഷ. സർക്കാർ വിദ്യാലയത്തിൽ മലയാളം മീഡിയത്തിൽ ചേർന്നുപഠിച്ച് നേരത്തേ എൽ.എസ്.എസ്. നേടിയിരുന്ന ഈ മിടുക്കൻ ഇത്തവണ യു.എസ്.എസും കരസ്ഥമാക്കി. കരിച്ചേരി ഗവ. യു.പി. സ്കൂളിൽനിന്ന് യു.എസ്.എസ്. ലഭിച്ച ആറു വിദ്യാർഥികളിൽ കൂടുതൽ സ്കോർ (46) നേടിയതും നവീനാണ്.
നേപ്പാളിൽനിന്ന് വർഷങ്ങൾക്കു മുൻപ് തൊഴിൽ തേടിയെത്തിയ സച്ചിൻ കാമിയുടെയും ഈശ്വരിയുടെയും രണ്ടാമത്തെ മകനാണ്. കൂലിപ്പണിക്ക് പോകുന്ന കുടുംബം തൂവൾ മൊട്ടനടിയിലാണ് താമസം. അച്ഛനും അമ്മയ്ക്കും മലയാളം വായിക്കാനോ എഴുതാനോ അറിയില്ല. തപ്പിത്തപ്പി മലയാളം സംസാരിക്കും. പക്ഷേ, അന്നം തരുന്ന മലയാളനാടിനോട് പെരുത്ത് ഇഷ്ടമാണ് ഇവർക്ക്. മക്കളുടെ വിദ്യാഭ്യാസത്തിൽ നല്ല ശ്രദ്ധയുണ്ട്. മലയാളം മീഡിയത്തിൽ പഠിക്കുന്ന മൂന്നു കുട്ടികളും പരസഹായമില്ലാതെയാണ് ഗൃഹപാഠം ചെയ്യുന്നത്. മൂത്ത കുട്ടി ദേബി കാമി ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒൻപതാം ക്ലാസിലും
ഇളയ കുട്ടി നന്ദു കാമി കരിച്ചേരി ഗവ. യു.പി. സ്കൂളിൽ ആറാം ക്ലാസിലും പഠിക്കുന്നു. നവീൻ കാമി ഇപ്പോൾ ചട്ടഞ്ചാൽ സ്കൂളിൽ എട്ടാംക്ലാസിൽ പഠിക്കുകയാണ്.
വിദ്യാലയത്തിലേക്ക് പോകുമ്പോൾ വീണ് വലതുകൈ ഒടിഞ്ഞ് ജില്ലാ ആസ്പത്രിയിൽ ചികിത്സയിലായിരുന്നു നവീൻ. അധ്യാപകരുടെ സഹായത്തോടെ ആസ്പത്രിയിൽനിന്ന് വിടുതൽ വാങ്ങിയാണ് പള്ളിക്കര ജി.എം.യു.പി. സ്കൂളിലെ യു.എസ്.എസ്. പരീക്ഷാകേന്ദ്രത്തിൽ എത്തിയിരുന്നത്. താഴ്ന്ന ക്ലാസിലെ കുട്ടിയുടെ സഹായത്തോടെയാണ് യു.എസ്.എസ്. പരീക്ഷയെഴുതിയത്. ദേബി കാമി മുൻപ് യു.എസ്.എസിന് ശ്രമിച്ചിരുന്നുവെങ്കിലും ഒരു മാർക്കിന് നഷ്ടപ്പെടുകയായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..