കൊളത്തൂരിൽ സെൻട്രൽ വെയർഹൗസിന്‌ ഏഴേക്കർ അനുവദിച്ചു


കൊളത്തൂരിൽ സെൻട്രൽ വെയർഹൗസ്‌ വരുന്ന സ്ഥലം

പൊയിനാച്ചി : കേന്ദ്ര സർക്കാരിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ സെൻട്രൽ വെയർഹൗസിങ് കോർപ്പറേഷന് സംഭരണശാല നിർമിക്കാൻ ജില്ലയിൽ ഏഴേക്കർ സ്ഥലം സർക്കാർ പാട്ടവ്യവസ്ഥയിൽ അനുവദിച്ചു. കൊളത്തൂർ വില്ലേജിലെ അഞ്ചാംമൈൽ-കടുവനത്തൊട്ടി റോഡരികിലുള്ള പാറപ്രദേശമാണ് അനുവദിച്ചത്. പൊയിനാച്ചി-ബന്തടുക്ക പി.ഡബ്ല്യു.ഡി. റോഡിൽനിന്ന് 200 മീറ്റർ മാത്രമേ ഇവിടേക്ക് അകലമുള്ളൂ.

4,61,745 രൂപ വാർഷിക പാട്ടനിരക്ക് നിശ്ചയിച്ച് കേരള ഭൂമി പതിവ് ചട്ടങ്ങളിലെ വ്യവസ്ഥപ്രകാരം 30 വർഷത്തേക്കാണ് സ്ഥലം അനുവദിച്ചിരിക്കുന്നത്. കളക്ടറുടെ റിപ്പോർട്ട് പ്രകാരം ലാൻഡ്‌ റവന്യൂ കമ്മിഷണർ ഇതുസംബന്ധിച്ച ശുപാർശ നേരത്തെ സർക്കാരിന്റെ പരിഗണനക്ക് സമർപ്പിച്ചിരുന്നു. മന്ത്രിസഭായോഗം ഭൂമി അനുവദിക്കാക്കാനും തീരുമാനിച്ചു. സെൻട്രൽ വെയർഹൗസിങ് കോർപ്പറേഷന് ഭൂമിയുടെ കൈവശം കളക്ടർ കൈമാറുന്നതാണ് അടുത്തഘട്ടം.

വരുന്നത് ഭീമൻ സംഭരണശാല

ഏകദേശം 35,000 മെട്രിക് ടൺ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കാവുന്ന 2,10,000 ചതുരശ്രഅടി വിസ്തീർണമുള്ള സംഭരണശാല സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. 20 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഭക്ഷ്യധാന്യങ്ങൾ, കാർഷിക ഉത്പന്നങ്ങൾ, സുഗന്ധ വ്യഞ്ജനങ്ങൾ, വളങ്ങൾ, മറ്റ്‌ വ്യവസായ ഉത്പന്നങ്ങൾ എന്നിവ ശാസ്ത്രീയമായി സൂക്ഷിക്കാൻ സൗകര്യമുണ്ടാകും. പ്രദേശത്തെ കർഷകർക്ക് ഉത്പന്നങ്ങൾ സൂക്ഷിക്കാൻ പദ്ധതി ഉപകാരപ്പെടും.

സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ.യുടെ നിരന്തര ഇടപെടലാണ് പദ്ധതിക്ക് സ്ഥലം പെട്ടെന്ന് ലഭ്യമാകാൻ കാരണം. സംഭരണകേന്ദ്രം വരുന്നതോടെ കയറ്റിറക്ക് ജോലിക്കും കൂടുതൽ അവസരമൊരുങ്ങും. വെയർഹൗസിന്റെ നിർമാണത്തിന് തുടർനടിപടികൾ ഉടൻ ആരംഭിക്കുമെന്ന് സെൻട്രൽ വെയർഹൗസിങ് കോർപ്പറേഷൻ ഡയറക്ടർ കെ.വി.പ്രദീപ്‌കുമാർ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..