വിധിക്ക്‌ തോൽപ്പിക്കാനായില്ല : നെഞ്ചിനുതാഴെ തളർന്നിട്ടും വളയം പിടിച്ച് രാഗേഷ് ലഡാക്കിൽ


പൊയിനാച്ചി : ഒടുവിൽ രാഗേഷ് ലഡാക്ക് തൊട്ടു, ജീവിതത്തിൽ ഒരിക്കലെങ്കിലും ആ സ്ഥലത്തെത്താനുള്ള മോഹത്തിന് വിധി തടസ്സം നിന്നിട്ടും തണുത്തുറഞ്ഞ മഞ്ഞിനെ സാക്ഷിയാക്കി ആ സ്വപ്നം രാഗേഷ് സാധിച്ചെടുത്തു.

നെഞ്ചിനുതാഴെ ശരീരം തളർന്നതിനാൽ നാല്‌ ചുമരുകൾക്കുള്ളിൽ തളയ്ക്കപ്പെടുമായിരുന്ന ജീവിതമാണ് മയിലാട്ടി കൂട്ടപ്പുന്നയിലെ കെ.രാഗേഷ് എന്ന മുപ്പത്തേഴുകാരൻ തിരുത്തിക്കുറിച്ചത്.

5500 കിലോമീറ്റർ സ്വയം കാറോടിച്ചായിരുന്നു യാത്ര. കുഞ്ഞുനാളിലേ മനസ്സിൽ കൊണ്ടുനടന്ന ആഗ്രഹമായിരുന്നു രാഗേഷിന് ലഡാക്ക്. 12 വർഷംമുൻപ് ഷാർജയിൽ ജോലിചെയ്യുമ്പോൾ സ്വപ്നങ്ങളെല്ലാം തകർക്കാനായി നട്ടെല്ലിന് അർബുദം പിടികൂടി. സുഷുമ്നാനാഡിക്ക് ക്ഷതമേറ്റതിനാൽ നെഞ്ചിനുതാഴേക്ക്‌ തളർന്നു.

ലോട്ടറിവിറ്റാണ് വരുമാനം കണ്ടെത്തുന്നത്. കൈകൊണ്ട് ബ്രേക്കും ക്ലച്ചും ആക്സിലേറേറ്ററും നിയന്ത്രിക്കുന്ന പ്രത്യേക സംവിധാനം ഒരുക്കിയ നാനോ കാറിലാണ് പുറത്തിറങ്ങുന്നത്. കാറിൽ ചക്രക്കസേരയും കരുതും. ഈ കാറും ചക്രക്കസേരയും ഉപയോഗിച്ചാണ് രാഗേഷ് ഭാരതപര്യടനം നടത്തുന്നത്. സഹോദരൻ കെ.മനീഷും അമ്മയുടെ സഹോദരീപുത്രൻ ചെറുവത്തൂരിലെ രൺജിത്തും യാത്രയിൽ കൂട്ടിനുണ്ട്.

ചുരങ്ങളിലും ദുർഘടം പിടിച്ച മഞ്ഞുപാതകളിലും മാത്രമാണ് രാഗേഷ് വളയം വിട്ടുകൊടുത്തത്. യാത്രയ്ക്ക് ഒക്ടോബർ ആദ്യം മുൻ കമാൻഡർ പി.വി.മനേഷാണ് ഫ്ലാഗ് ഓഫ് ചെയ്തത്. ലഡാക്കിൽനിന്നുള്ള മടക്കയാത്രയിലാണ് സംഘമിപ്പോൾ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..