ഏഴര കിലോമീറ്റർ റോഡ് കിളച്ചെടുത്തു : വികസനത്തിന് പകരം നാട്ടുകാർക്ക് ശിക്ഷയോ


• കരിച്ചേരി-മാങ്ങാട് റോഡിലെ ടാറിങ് കിളച്ചെടുത്ത് വീണ്ടും നികത്തിയനിലയിൽ

പൊയിനാച്ചി : പൊട്ടിപ്പൊളിഞ്ഞുകിടന്ന റോഡ് അഭിവൃദ്ധിപ്പെടുത്താൻ തുക അനുവദിച്ചപ്പോൾ നാട്ടുകാർ ഏറെ സന്തോഷിച്ചു. കാത്തിരിപ്പിനൊടുവിൽ റോഡുപണി തുടങ്ങിയപ്പോഴുണ്ടായ മെല്ലേപ്പോക്കുകാരണം വലഞ്ഞിരിക്കുകയാണ് ഇവർ. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന (പി.എം.ജി.എസ്.വൈ.) പദ്ധതിയിൽ നവീകരണം തുടങ്ങിയ കരിച്ചേരി-മയിലാട്ടി-മാങ്ങാട് ജില്ലാ പഞ്ചായത്ത് റോഡാണ് നാട്ടുകാർക്ക് ദുരിതമായി മാറിയത്.

നേരത്തെ ഉണ്ടായിരുന്ന ടാർ ആദ്യം കിളച്ചെടുത്തു. ഇവ പിന്നീട് റോഡിൽത്തന്നെയിട്ട് ഉറപ്പിച്ചു. ഇളകിനിൽക്കുന്ന കരിങ്കൽ ചീളുകളുടെ മുകളിലൂടെ പോകുന്ന ഇരുചക്ര വാഹനങ്ങളും കാൽനടയാത്രക്കാരും അനുഭവിക്കുന്ന ദുരിതം ചെറുതല്ല. പൊയിനാച്ചി-ബന്തടുക്ക റോഡിലെ കരിച്ചേരിപ്പറമ്പിൽനിന്ന് കൂട്ടപ്പുന്ന വഴി മയിലാട്ടി ദേശീയപാത കടന്ന് ബാര വെടിക്കുന്നിലൂടെ മാങ്ങാട് ടൗണിൽ ചേരുന്നതാണ് ഈ ഏഴര കിലോമീറ്റർ റോഡ്. 8.700 കിലോ മീറ്ററാണ് റോഡിന്റെ യഥാർഥ ദൂരമെങ്കിലും ബാക്കിവരുന്ന ദേളിവരെയുള്ള ഭാഗം ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ നേരത്തെ നവീകരണം തുടങ്ങിയതാണ്. കരിച്ചേരിമുതൽ മാങ്ങാടുവരെ 5.3 മീറ്റർ വീതിയിലാണ് പദ്ധതിയിൽ പുതുതായി ടാറിങ് നടത്തുന്നത്. 5.83 കോടി രൂപയാണ് ചെലവ്. മാർച്ചിലാണ് പണി തുടങ്ങിയത്.

റോഡിലെ പഴയ കലുങ്കുകൾ മുഴുവൻ പൊളിച്ച് പുതിയവ നിർമിച്ചുകഴിഞ്ഞു. അപകടസ്ഥിതിയിലായിരുന്ന മയിലാട്ടി എരുതുംകടവ് പാലം പൊളിച്ചുനീക്കി പുതിയത് നിർമിച്ചു. റോഡ് നിലവാരം ഉയർത്തുന്നതിനായി കഴിഞ്ഞമാസം ഒടുവിലാണ് പഴയ ടാറിങ് ഭാഗം കിളച്ചെടുത്തത്. ഏഴര കിലോമീറ്റർ ഭാഗത്തെയും ടാറിങ് ഒരേസമയം കിളച്ചെടുത്ത് അതേഭാഗത്ത് വീണ്ടും ഉറപ്പിച്ചിരിക്കുകയാണ്. ഇതാണ് നാട്ടുകാർക്ക് യാത്ര ദുരിതമാക്കുന്നത്.

ഇരുചക്ര യാത്രക്കാർ സ്ഥിരം തെന്നിവീഴുന്നു. വനിതകൾ ഉൾപ്പെടെ ഈ റോഡിലൂടെ സ്കൂട്ടർ യാത്ര ഉപേക്ഷിച്ചു. ഓട്ടോകൾ ഓട്ടം കുറച്ചു. കരിച്ചേരി ഗവ. യു.പി. സ്കൂളിലെയും ബാര ഗവ. യു.പി. സ്കൂളിലേയും വിദ്യാർഥികൾ സഞ്ചരിക്കുന്ന റോഡാണിത്. വാഹനങ്ങൾ പോകുമ്പോൾ കരിങ്കൽ ചീളുകൾ ഇളകിത്തെറിച്ച് നടന്നുപോകുന്ന കുട്ടികളുടെ മേൽ പതിക്കുന്നു. കരിച്ചേരി ഖാദി നൂൽ നൂൽപ്പ്‌ കേന്ദ്രം, പാൽ സൊസൈറ്റി, അങ്കണവാടി എന്നിവയിലേക്ക് പോകുന്നവർക്കും മറ്റൊരു വഴിയില്ല. നിത്യവും ചക്രം പഞ്ചറായി യാത്ര മുടങ്ങുന്ന വാഹനങ്ങളും കൂടി. റോഡ് ലെവൽ സർവേ നടത്തി റിപ്പോർട്ട് തിരുവനന്തപുരത്തെ ചീഫ് ടെക്‌നിക്കൽ ഓഫീസർക്ക് അയച്ചിരുക്കുകയാണെന്നാണ് അധികൃതർ പറയുന്നത്.

കയറ്റം കുറയുമോ?

വികസനത്തിന്റെ ഭാഗമായി പലയിടത്തും റോഡിലെ കയറ്റം ചുരുക്കിയെങ്കിലും ബാര ക്ഷേത്രത്തിനും കുറുക്കൻമാടി അങ്കണവാടിക്കും ഇടയിലെ കയറ്റം ഒഴിവാക്കാനുള്ള നടപടി അനിശ്ചിതത്വത്തിൽ. ഇവിടെ കയറ്റംകൂടിയ ഭാഗത്ത് 3.18 മീറ്റർ താഴ്ചയിൽ റോഡ് നിർമിക്കാനാണ് നിർദേശം. ഇത് സമീപത്തെ വീടുകളെ ബാധിക്കുമെന്നതിനാൽ അവർ പ്രതിഷേധവുമായി രംഗത്തുവന്നു. അധികൃതർ വീണ്ടും സ്ഥലം പരിശോധിച്ച് താഴ്ച ഒരുമീറ്ററായി ചുരുക്കി നിർദേശം സമർപ്പിച്ചെങ്കിലും ഇതിനെതിരേ മറ്റുചിലർ പ്രതിഷേധവുമായെത്തി.

സഹകരണ സെമിനാർ

മുന്നാട് : സംസ്ഥാന സഹകരണ യൂണിയൻ അഖിലേന്ത്യാ സഹകരണ വാരാഘോഷ ഭാഗമായി കാസർകോട് കോ-ഓപ്പറേറ്റീവ് എജ്യുക്കേഷണൽ സൊസൈറ്റി സഹകരണ സെമിനാർ നടത്തി. മുന്നാട് പീപ്പിൾസ് കോഓപറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജ് ഓഡിറ്റോറിയത്തിൽ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സിജി മാത്യു ഉദ്ഘാടനം ചെയ്തു. കാസർകോട് കോഓപറേറ്റീവ് എജ്യൂകേഷണൽ സൊസൈറ്റി പ്രസിഡൻറ് എം.അനന്തൻ അധ്യക്ഷനായി. മുഖ്യധാര സഹകരണ വിദ്യാഭ്യാസം പ്രൊഫഷണൽ മാനേജ്മെൻ്റ് പരിശീലന നവീകരണം എന്ന വിഷയത്തിൽ കോഓപ്പറേറ്റീവ് എജ്യൂക്കേഷണൽ ഇൻസ്ട്രക്ടർ പി.സുരേന്ദ്രൻ ക്ലാസെടുത്തു. ബേഡഡുക്ക പഞ്ചായത്തംഗം പി.ലത, എ.രവീന്ദ്ര, എം.മണികണ്ഠൻ, സവിത, സുരേഷ് പായം, ഇ.കെ.രാജേഷ് എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..