ഉദുമ പഞ്ചായത്ത്മാലിന്യമുക്തമാക്കും


ഉദുമയിൽ സമഗ്ര മാലിന്യ നിർമാർജന പദ്ധതി നടപ്പാക്കുന്നതിൻറെ ഭാഗമായി ചേർന്ന യോഗം പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. ലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു

ഉദുമ : ശാസ്ത്രീയമായി മാലിന്യശേഖരണവും സംസ്കരണവും നടപ്പിലാക്കാൻ സമഗ്ര പദ്ധതിയുമായി ഉദുമ പഞ്ചായത്ത്. അജൈവ മാലിന്യ സംസ്കരണത്തിലൂടെ മാലിന്യമുക്ത പഞ്ചായത്തായി ഉദുമയെ മാറ്റുകയെന്നതാണ് ലക്ഷ്യം. മാലിന്യസംസ്കരണ രംഗത്ത് പ്രവർത്തിക്കുന്ന ഗ്രീൻ വേംസ് ഇക്കോ സൊല്യൂഷൻസ് എന്ന സ്ഥാപനവുമായി സഹകരിച്ചാണ് സമഗ്രമാലിന്യനിർമാർജന പദ്ധതി നടപ്പാക്കുന്നത്. പദ്ധതി ഡിസംബർ ആദ്യവാരം തുടങ്ങും.

ഒരു വാർഡിൽ ഒരുദിവസം എന്ന രീതിയിലാണ് മാലിന്യശേഖരണം. ഹരിതകർമസേനാംഗങ്ങൾ വീടുകളിൽ നിന്ന് ഒന്നരമാസത്തിലൊരിക്കലും സ്ഥാപനങ്ങൾ, കടകൾ എന്നിവടങ്ങളിൽ മാസത്തിലൊരിക്കലും നിശ്ചിത തുക ഈടാക്കി മാലിന്യം ശേഖരിക്കും. ബയോമെഡിക്കൽ, സാനിറ്ററി നാപ്കിൻ, ഡയപ്പർ എന്നിവ ഒഴികെയുള്ള മുഴുവൻ അജൈവമാലിന്യങ്ങളും ശേഖരിച്ച് സംസ്കരിക്കും. ഒഴിവാക്കപ്പെട്ടവ കൂടി അടുത്തഘട്ടത്തിൽ പരിഗണിക്കാൻ നടപടിയുണ്ടാകും.

25,000 രൂപവരെ പിഴ ഈടാക്കും

മാലിന്യം പൊതുനിരത്തുകളിലും ജലാശയങ്ങളിലും തള്ളുന്നവർക്കെതിരേ പഞ്ചായത്തീരാജ് നിയമപ്രകാരം 10,000 മുതൽ 25,000 രൂപവരെ പിഴ ഈടാക്കും. ആറുമാസം മുതൽ ഒരുവർഷം വരെ തടവ് ശിക്ഷ കിട്ടാനുള്ള കുറ്റകൃത്യമാണിത്.

തുക നൽകിയശേഷം മാലിന്യം എടുത്തില്ലെങ്കിൽ പഞ്ചായത്തുമായി ബന്ധപ്പെട്ട് പരാതി നൽകാം. പദ്ധതിയുമായി ബന്ധപ്പെട്ട പൊതുജനങ്ങൾക്കുണ്ടാകുന്ന പരാതികളും സംശയങ്ങളും പരിഹരിക്കുന്നതിന് കസ്റ്റമർ കെയർ നമ്പർ സജ്ജമാക്കും.

പദ്ധതിയുടെ നടത്തിപ്പിന് മുന്നോടിയായി ചേർന്ന യോഗം പ്രസിഡൻറ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ.വി. ബാലകൃഷ്ണൻ, സ്ഥിരംസമിതി അധ്യക്ഷ സൈനബ അബൂബക്കർ, സെക്രട്ടറി പി. ദേവദാസ്, ജനപ്രതിനിധികളായ ഹാരിസ് അങ്കക്കളരി, പുഷ്പ, യാസ്മിൻ റഷീദ, ശകുന്തള, നബീസ പാക്യാര, വി.ഇ.ഒ.മാരായ പ്രവീൺകുമാർ, ഷീന, ഗ്രീൻ വേംസ് പ്രോജക്ട് മാനേജർ കെ. ശ്രീരാഗ് എന്നിവർ സംസാരിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് രാഷ്ട്രീയപാർട്ടി, വ്യാപാരി വ്യവസായി സംഘടന, യുവജന സംഘടന പ്രതിനിധികളുടെ യോഗവും ചേർന്നു.

വ്യാപാരി സംഘടനാ ഭാരവാഹികളായ എ.വി. ഹരിഹരസുതൻ, എം.എസ്. ജെംഷീദ്, ദിവാകരൻ, കെ. ചന്ദ്രൻ എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..