ജില്ലാ പഞ്ചായത്ത് യോഗത്തിൽ പി.ബി. ഷെഫീഖും സി.ജെ. സജിത്തും വാക്കേറ്റത്തിൽ
കാസർകോട് : പദ്ധതിവിഹിതം അനുവദിക്കുന്നതിൽ ഭരണസമിതി രാഷ്ട്രീയവിവേചനം കാണിക്കുന്നുവെന്നാരോപിച്ച് ജില്ലാ പഞ്ചായത്ത് യോഗത്തിൽ വാക്കേറ്റം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും ഡിവിഷനുകളിൽ പദ്ധതികൾക്ക് കോടിക്കണക്കിന് രൂപ അനുവദിച്ചപ്പോൾ താൻ ജയിച്ചു വന്ന ദേലംപാടിക്ക് 15 ലക്ഷം രൂപ മാത്രമാണ് ലഭിച്ചതെന്ന് ചൂണ്ടിക്കാട്ടി അംഗം പി.ബി. ഷെഫീഖാണ് വിഷയം ഉന്നയിച്ചത്. കർണാടക അതിർത്തിയിലെ സാൽത്തടുക്ക-മയ്യള റോഡിന് 30 ലക്ഷം രൂപയുടെ അടങ്കൽ നൽകിയെങ്കിലും ലഭിച്ചത് 15 ലക്ഷം രൂപ മാത്രമാണ്. 15 വർഷം മുൻപാണ് അറ്റകുറ്റപ്പണി നടത്തിയത്.
ദേലംപാടി ഗവ. ഹൈസ്കൂളിന്റെ സ്ഥിതിയും ദയനീയമാണ്. അവിടെ അറ്റകുറ്റപ്പണിക്കായി വെച്ച ഫണ്ടും ഒഴിവാക്കി. ജില്ലാ പഞ്ചായത്തംഗം ഡിവിഷനു പുറത്തെ സ്വന്തം വീട്ടിലേക്കുള്ള റോഡിന് ഫണ്ട് വകയിരുത്തിയ ഇടത്താണ് തന്നെപ്പോലുള്ള അംഗങ്ങൾക്ക് വിവേചനം നേരിടേണ്ടിവരുന്നതെന്നും ഷെഫീഖ് കുറ്റപ്പെടുത്തി.
ചർച്ചയ്ക്കിടയിൽ അംഗത്തിനെതിരേ വ്യക്തിപരമായ ആരോപണങ്ങൾ ഉയർത്തിയതിനെതിരേ ചെറുവത്തൂരിൽ നിന്നുള്ള സി.ജെ. സജിത്ത് രംഗത്തെത്തി.
ചർച്ചയുടെ രീതി ഇതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പദ്ധതിവിഹിതം അനുവദിക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ ഭരണസമിതി യോഗത്തിൽ മാത്രം ഉന്നയിച്ചാൽ പോരെന്നും പഞ്ചായത്ത്രാജ് ചട്ടം അനുസരിച്ച് അതിന്റെ ഓരോ ഘട്ടത്തിലും അംഗത്തിന്റെ ഇടപെടൽ ഉണ്ടാകേണ്ടതുണ്ടെന്നും പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.
പദ്ധതിവിഹിതം അനുവദിക്കുമ്പോൾ രാഷ്ട്രീയം നോക്കി വിചേനം കാണിക്കാനുള്ള ചട്ടം പഞ്ചായത്ത്രാജിൽ ഉണ്ടോയെന്ന മറുചാദ്യവുമായാണ് ഷെഫീഖ് വിമർശനത്തെ നേരിട്ടത്.
പദ്ധതി ഭേദഗതി വേളയിൽ ദേലംപാടിയിലെ പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പിലാണ് രംഗം ശാന്തമായത്.
ആവശ്യമായിടത്ത് ദേശീയപാത മുറിച്ചുകടക്കാൻ സൗകര്യമൊരുക്കണം
: ദേശീയപാത നവീകരിക്കുമ്പോൾ ജില്ലയിൽ ആവശ്യമായ ഇടങ്ങളിൽ അനുയോജ്യമായരീതിയിൽ മേൽപ്പാല ചെറുതുരങ്കവും (പബ്ലിക് അണ്ടർ പാസേജ്-പി.യു.പി.) നടപ്പാലവും നിർമിക്കണമെന്ന് ജില്ലാ പഞ്ചായത്ത് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കുമ്പള ടൗണിനടുത്തായി 500 മീറ്റർ ഫ്ളൈഓവർ നിർമിക്കണമെന്ന പ്രമേയം കുമ്പള ഡിവിഷൻ അംഗം ജമീല സിദ്ദീഖ് ദഡ്ഡഗോളിയാണ് അവതരിപ്പിച്ചത്. പ്രമേയം ഇംഗ്ലീഷിൽ വായിച്ച് തുടങ്ങിയപ്പോൾ ഭരണഭാഷ മലയാളമായതിനാൽ മലയാളത്തിൽ വേണമെന്ന് പ്രസിഡന്റ് നിർദേശിച്ചു.
ഒടുവിൽ അജൻഡയിൽ മലയാളത്തിൽ ഉൾപ്പെടുത്തിയ പ്രമേയം ജമീല നോക്കിവായിച്ചു. ആരും മനസ്സിലാക്കാത്ത ദുരന്തമാണ് ദേശീയപാതാ നവീകരണത്തിലൂടെ സംഭവിക്കുന്നതെന്ന് പ്രമേയത്തെ അനുകൂലിച്ച് സംസാരിച്ച മഞ്ചേശ്വരത്തുനിന്നുള്ള അംഗം ഗോൾഡൻ അബ്ദുൾ റഹിമാൻ അഭിപ്രായപ്പെട്ടു.
എന്നാൽ, രാജ്യം ഉറ്റുനോക്കുന്ന വികസനത്തെ ദുരന്തം എന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ലെന്ന് സി.ജെ. സജിത്ത് പ്രതികരിച്ചു. ഒടുവിൽ ഉപ്പള ഹിദായത്ത് നഗർ, ഉപ്പള ബസാർ, മുട്ടം, പെർവാഡ്, തെക്കിൽ, കുളിയങ്കാൽ, ചെറുവത്തൂർ എന്നിവിടങ്ങളിലും സർക്കാർ വിദ്യാലയങ്ങൾക്ക് സമീപവും ജനങ്ങൾക്ക് ദേശീയപാത മുറിച്ചുകടക്കാൻ സൗകര്യമൊരുക്കണമെന്ന ഭേദഗതികളോടെ പ്രമേയം പൊതുമരാമത്ത് മന്ത്രിക്കും ദേശീയപാതാ അതോറിറ്റിക്കും കളക്ടർക്കും കൈമാറാൻ യോഗം തീരുമാനിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..