മംഗളൂരു : ഉള്ളാളിലെ വാടകവീട്ടിൽ താമസിച്ച് ജൂവലറി കവർച്ചയ്ക്ക് ശ്രമിച്ച അന്തസ്സംസ്ഥാന കവർച്ചസംഘത്തിലെ ഒൻപതുപേർ പിടിയിൽ. വിവിധ സംസ്ഥാനങ്ങളിൽ വൻ മോഷണങ്ങൾ പദ്ധയിട്ട് നടപ്പാക്കുന്ന കുപ്രസിദ്ധ സാഹെബ്ഗഞ്ച് സംഘത്തിലെ അംഗങ്ങളാണിവരെന്ന് പോലീസ് വ്യക്തമാക്കി.
ബണ്ട്വാൾ സ്വദേശി ഭാസ്കർ ബെൽചട (65), ഝാർഖണ്ഡ് സ്വദേശികളായ മുഹമ്മദ് ജാമിൽ ഷേഖ് (29), ഇൻസമാം ഉൾ ഹഖ് (27), ഇംദാദുൾ റസാഖ് ഷേഖ് (32), ബിയുൾ ഷേഖ് (31), ഇംമ്രാൻ ഷേഖ് (30), നേപ്പാൾ സ്വദേശികളായ ദിനേഷ് റാവൽ (സാഗർ-38), ബിസ്താ രൂപ് സിങ് (34), കൃഷ്ണ ബഹാദൂർ ബോഗതി (41) എന്നിവരെയാണ് സിറ്റി ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തത്.
ഉള്ളാൾ പോലീസ് സ്റ്റേഷൻ പരിധിയിലെ ജൂവലറിയിലാണ് ഇവർ കവർച്ചയ്ക്ക് ശ്രമിച്ചത്. ഉള്ളാളിലെ മാഞ്ചിരയിലെ വാടകവീട്ടിൽ താമസിച്ചുവരികയായിരുന്നു. വീട്ടിൽ പരിശോധന
നടത്തിയ പോലീസ് മൂന്ന് സ്കൂട്ടറുകൾ, ഗ്യാസ് കട്ടർ, ഗ്യാസ് സിലിൻഡർ, ഗ്യാസ് കട്ടിങ് നോസിൽ, 11 മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു.
ഉള്ളാൾ പോലീസ് സ്റ്റേഷൻ പരിധിയിലെ അംബിക റോഡ്, ഉച്ചില കൊണാജെ പോലീസ് സ്റ്റേഷൻ പരിധിയിലെ നടേക്കൽ എന്നിവിടങ്ങളിൽവെച്ചാണ് പ്രതികൾ കഴിഞ്ഞ ദിവസം രാത്രി യാത്രക്കാരെ ആക്രമിച്ച് സ്കൂട്ടറുകൾ തട്ടിയെടുത്തത്. രണ്ടാഴ്ച മുൻപാണ് ഇവർ തീവണ്ടിയിൽ മംഗളൂരുവിലെത്തിയതെന്നും വിവിധ സംസ്ഥാനങ്ങളിൽ ഇവരുടെ പേരിൽ കവർച്ചക്കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..