മുഹമ്മദ് മുബാറക് ഹാജി: മറഞ്ഞത്‌ എളിമയുള്ള കാരണവർ


Caption

ചെർക്കള : രാഷ്ട്രീയ-സാമൂഹിക-വിദ്യാഭ്യസ-ആത്മീയ പ്രവർത്തനങ്ങൾക്കൊപ്പം ജീവകാരുണ്യമേഖലയിലും സജീവമായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച മുഹമ്മദ് മുബാറക് ഹാജി. ആലംപാടി നൂറുൽ ഇസ്‌ലാം ഓർഫനേജിലൂടെയും കരുണ സ്‌പെഷ്യൽ സ്‌കൂളിലൂടെയും നിരവധി അനാഥബാല്യങ്ങളെയും പാർശ്വവത്കരിക്കപ്പെട്ടവരെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. 1968 മുതൽ ഓർഫനേജിന്റെ പ്രസിഡന്റും 1999 മുതൽ കരുണ സ്‌പെഷ്യൽ സ്‌കൂൾ പ്രസിഡന്റുമായിരുന്നു അദ്ദേഹം.

1957-ൽ തന്റെ 26-ാം വയസ്സിൽ കൈപൊക്കിയുള്ള വോട്ടെടുപ്പിലൂടെ അദ്ദേഹത്തെ മുട്ടത്തോടി പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്തിരുന്നു. ജന്മിമാരെയും കന്നഡ ഭാഷയെ പിന്തുണക്കുന്നവരെയും മാത്രം പഞ്ചായത്ത് തലവന്മാരാക്കിയ ചരിത്രമാണ് ജനങ്ങൾ കൈപൊക്കി തിരുത്തിയത്. അഞ്ഞൂറോളം പേർ കൂടിയ വോട്ടെടുപ്പിൽ മുഹമ്മദ് മുബാറക് ഹാജിയുടെ പേര് പറഞ്ഞപ്പോഴായിരുന്നു കൈകൾ ഒന്നടങ്കം ഉയർന്നത്. കാസർകോടിനെ കേരളത്തിൽ ലയിപ്പിച്ചതിൽ പ്രതിഷേധിച്ച് ഗണപതി ഭട്ട് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചതിനെത്തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്.

1946-ൽ തളങ്കര മുസ്‌ലിം ഹൈസ്‌കൂളിൽ എം.എസ്.എഫ്. ജോയിന്റ്‌ സെക്രട്ടറിയായിട്ടാണ് പൊതുപ്രവർത്തന രംഗത്തെത്തിയത്. 1985 മുതൽ 1993 വരെ മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറിയായിരുന്നു. 1993-ൽ നാഷണൽ ലീഗ് ജില്ലാ പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. മലയാളത്തിന് പുറമേ കന്നഡ, ഉറുദു, ഇംഗ്ലീഷ്, ഹിന്ദി, അറബിക്‌, തമിഴ് ഭാഷകളിൽ പ്രാവീണ്യമുണ്ട്.

കാസർകോട്ട് വർഗീയ സംഘർഷമുണ്ടായ വേളകളിൽ സമാധാനത്തിനായി ഓടിനടന്നവരിൽ മുബാറക് ഹാജിയുമുണ്ടായിരുന്നു.

1960-ൽ ആദ്യമായി ഹജ്ജിന് പോയപ്പോൾ മീനയിൽ തന്റെ കൺമുന്നിൽ 2500-ലേറെ പേർ സൂര്യാഘാതമേറ്റ് മരിച്ചതും രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്ത ഓർമകളും പലപ്പോഴും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

മുൻ മന്ത്രി സി.ടി. അഹമ്മദലി, എം.എൽ.എ.മാരായ എൻ.എ. നെല്ലിക്കുന്ന്, ഇ. ചന്ദ്രശേഖരൻ, എ.കെ.എം. അഷ്‌റഫ് തുടങ്ങി നിരവധി പേർ അന്തിമോപചാരമർപ്പിക്കാനായി എത്തിയിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..