ഭിന്നശേഷികാർക്കുള്ള പകൽ പുനരധിവാസകേന്ദ്രം മിഴി പരവനടുക്കത്ത് ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കർ ഉദ്ഘാടനംചെയ്യുന്നു
പൊയിനാച്ചി : ചെമ്മനാട് പഞ്ചായത്തിലെ ഭിന്നശേഷിക്കാരുടെ മാനസിക ഉല്ലാസത്തിനായി പകൽ പുനരധിവാസകേന്ദ്രം തുറന്നു. ചെമ്മനാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പരവനടുക്കത്താണ് മിഴി എന്നപേരിൽ കേന്ദ്രം തുറന്നത്. പഞ്ചായത്തിലെ പ്രായപൂർത്തിയായ 15 പേർക്ക് ഇവിടെ ആദ്യഘട്ടത്തിൽ പ്രവേശനം നൽകും. രാവിലെ ഒൻപതുമുതൽ വൈകീട്ട് മൂന്നുവരെയായിരിക്കും പ്രവർത്തനം. ഒരു അധ്യാപികയും ആയയും കേന്ദ്രത്തിലുണ്ടാകും. ഭക്ഷണം ഉൾപ്പെടെ എല്ലാം സൗജന്യമായി നൽകും. പ്രവേശനത്തിന് രജിസ്ട്രേഷൻ തുടങ്ങി.
ഭിന്നശേഷിക്കാരുടെ കൂടെ വരുന്ന അമ്മമാർക്ക് കുടുംബശ്രീയുമായി സഹകരിച്ച് ഇവിടെ തൊഴിൽ പരിശീലനവും തുടങ്ങും. പരവനടുക്കത്ത് കൃഷി വകുപ്പിന്റെ വിത്ത് സംഭരണകേന്ദ്രം പ്രവർത്തിച്ചിരുന്ന പഴയ കെട്ടിടം നന്നാക്കിയും അനുബന്ധ സൗകര്യങ്ങൾ ഒരുക്കിയുമാണ് എട്ടുലക്ഷംരൂപ ചെലവിൽ 1400 ചതുരശ്ര അടി വിസ്തീർണമുള്ള പുനരധിവാസകേന്ദ്രം ഒരുക്കിയത്. ഫർണീച്ചർ ഉൾപ്പെടെയുള്ള ഭൗതിക സാഹചര്യം ഒരുക്കുന്നതിന് കുടുംബശ്രീ ജില്ലാ മിഷൻ ആദ്യഘട്ടമായി രണ്ടുലക്ഷം നൽകിയിരുന്നു. കേന്ദ്രത്തിന്റെ തുടർപ്രവർത്തനങ്ങൾക്കായി ആറുലക്ഷം രൂപ കുടുംബശ്രീ മിഷൻ അനുവദിച്ചിട്ടുണ്ട്.
കെട്ടിടത്തിന്റെ വൈദ്യുതീകരണവുമായി ബന്ധപ്പെട്ട പ്രവൃത്തികളും സാമഗ്രികളും സി.എം. മുസ്തഫയും വയറിങ് തൊഴിലാളികളുടെ കൂട്ടായ്മയായ സാന്ത്വനസ്പർശവും സൗജന്യമായി നൽകി.
ലോക ഭിന്നശേഷിദിനത്തിലാണ് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കർ കേന്ദ്രം നാടിന് സമർപ്പിച്ചത്. പഞ്ചായത്തിനെ ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ഭിന്നശേഷി കുട്ടികൾക്കായുള്ള പാർക്കും പഞ്ചായത്തിന്റെ പരിഗണനയിലുണ്ടെന്ന് അവർ അറിയിച്ചു. വൈസ് പ്രസിഡന്റ് മൻസൂർ കുരിക്കൾ അധ്യക്ഷനായി.
കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ടി.ടി. സുരേന്ദ്രൻ മുഖ്യാതിഥിയായി. സ്ഥിരംസമിതി അധ്യക്ഷന്മാരായ ശംസുദ്ദീൻ തെക്കിൽ, രമ ഗംഗാധരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബദറുൽ മുനീർ, പഞ്ചായത്ത് സെക്രട്ടറി എം. സുരേന്ദ്രൻ, എം.കെ. പ്രദീഷ്, ചന്ദ്രശേഖരൻ കുളങ്ങര, കെ. കൃഷ്ണൻ, ടി. ജാനകി, എ.ഡി.എം. സി. പ്രകാശൻ പാലായി, മുംതാസ് അബൂബക്കർ, ബാബു മണിയങ്ങാനം, സദാശിവൻ മണിയങ്ങാനം, അസ്ലം മച്ചിനടുക്കം, ബിൻസി എന്നിവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..