• തെക്കിൽ ടാറ്റ ട്രസ്റ്റ് ഗവ. ആസ്പത്രിയിൽ വെറുതെകിടക്കുന്ന ഓക്സിജൻ യൂണിറ്റ്
പൊയിനാച്ചി : കോവിഡ് ചികിത്സയ്ക്ക് തുടങ്ങിയ തെക്കിലിലെ ടാറ്റ ട്രസ്റ്റ് ഗവ. ആസ്പത്രി പൂട്ടാനൊരുങ്ങുമ്പോൾ ഓക്സിജൻ പ്ലാന്റ് ഒരിക്കൽപ്പോലും ഉപയോഗിക്കാതെ തുരുമ്പെടുക്കുന്നു. ദേശീയപാതാ അതോറിറ്റിയുടെ പൊതുനന്മാ ഫണ്ടിൽനിന്ന് 1.40 കോടി ചെലവഴിച്ചാണ് ഇത് ആസ്പത്രിവളപ്പിൽ ഒരുവർഷം മുൻപ് സ്ഥാപിച്ചത്. പരീക്ഷണ ഓട്ടമല്ലാതെ ഒരിക്കൽപ്പോലും ഇത് പ്രവർത്തിപ്പിച്ചിട്ടില്ല. സിലിൻഡറുകളിലേക്ക് ഓക്സിജൻ നിറക്കാനുള്ള സംവിധാനം പ്ലാന്റിലില്ല. പകരം ആസ്പത്രിയിലെ 150 കിടക്കകളിലേക്ക് കുഴൽവഴി പ്രാണവായു എത്തുന്ന ക്രമീകരണമാണ് ഉണ്ടാക്കിയിട്ടുള്ളത്. വാൽവ് അടച്ച് കിടക്കകളിലേക്കുള്ള പ്രാണവായു വിതരണം ക്രമീകരിക്കാനുമാകും.
രണ്ടാം കോവിഡ് തരംഗത്തിനിടെ പ്രാണവായുക്ഷാമം രൂക്ഷമായപ്പോഴാണ് കോവിഡ് ആസ്പത്രിക്ക് പ്രത്യേകമായി ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കാൻ ആലോചന നടന്നത്. സാമൂഹിക പ്രതിബദ്ധതാ ഫണ്ട് ഉപയോഗിച്ച് എൻ.എച്ച്.എ.ഐ. അക്കാര്യം ഏറ്റെടുത്ത് നടപ്പാക്കി. എന്നാൽ അതിനുശേഷം നൂറിലധികം കോവിഡ് രോഗികൾ ഒരിക്കൽപ്പോലും ആസ്പത്രിയിൽ ഒരേസമയം എത്തിയില്ല.
പ്ലാന്റ് പ്രവർത്തിപ്പിക്കാൻ വൻ തുക വൈദ്യുതിക്കായി ചെലവാക്കേണ്ടിവരുമെന്നതിനാലാണ് ഇത് ഉപയോഗിക്കാതെയായത്. വെന്റിലേറ്റർ അത്യാവശ്യമുള്ള രോഗികൾക്ക് ഓക്സിജൻ സിലിൻഡറുകൾ പുറമെനിന്ന് എത്തിച്ചാണ് ആവശ്യം നിറവേറ്റിയിരുന്നത്. എട്ട് വെന്റിലേറ്ററുകൾ ഉണ്ടായിരുന്ന ടാറ്റ ആസ്പത്രിയിൽ കോവിഡ് തീവ്രതയുണ്ടായ ഘട്ടത്തിൽ പ്രതിമാസം ആറ് -എട്ട് ലക്ഷം രൂപയുടെ പ്രാണവായു പുറമെനിന്ന് വാങ്ങിയിരുന്നു.
ആഴ്ചകളായി ഒരു രോഗിപോലും ചികിത്സയിൽ ഇല്ലാത്ത സാഹചര്യത്തിൽ ടാറ്റ ആസ്പത്രിയ്ക്ക് പൂട്ടുവീഴാനാണ് സാധ്യത. ആസ്പത്രിയിലെ പ്രധാന ഉപകരണങ്ങൾ എല്ലാം ഇതിനകം ജില്ലയിലെ മറ്റ് ആരോഗ്യേകേന്ദ്രങ്ങളിലേക്ക് മാറ്റികഴിഞ്ഞു.
ഉപകരണങ്ങൾ തുരുമ്പിക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് ഇതെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.
സർക്കാർ മനസ്സുവെച്ചാൽ ജില്ലാ ആസ്പത്രിയിലേക്കും മെഡിക്കൽ കോളേജിലേക്കും ഉൾപ്പെടെ ജില്ലയിലെ മൊത്തം സർക്കാർ ആതുരാലയങ്ങളിലേക്കും പ്രാണവായു ടാറ്റ ആസ്പത്രിയിലെ സംവിധാനംവഴി എത്തിക്കാനാകും.
അത്യാവശ്യം വേണ്ട ചില മാറ്റങ്ങളും ക്രമീകരണങ്ങളും പ്ലാന്റിൽ ഒരുക്കണമെന്നുമാത്രം. പ്ലാന്റിന്റെ സാധ്യത മറ്റുവിധത്തിൽ പ്രയോജനപ്പെടുത്താനായില്ലെങ്കിൽ യന്ത്രങ്ങൾ തുരുമ്പെടുത്ത് നശിക്കുകയാകും ഫലം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..