അഴിത്തലയിലെ ‘ജലനിധി’ വെള്ളത്തിലായിട്ട് ഏഴ് വർഷം


കുടിക്കാൻ കുപ്പിവെള്ളം വാങ്ങേണ്ട ഗതികേടിൽ തീരം

Caption

നീലേശ്വരം : ഉപ്പുവെള്ളം ശുദ്ധീകരിക്കാൻ അഴിത്തലയിൽ നിർമിച്ച ജലനിധി പദ്ധതി ‘വെള്ളത്തിലായിട്ട്’ ഏഴ് വർഷം കഴിഞ്ഞു. 90 ലക്ഷം രൂപ മുടക്കി നിർമിച്ച പദ്ധതിയുടെ പ്രയോജനം ഒരുവർഷം പോലും തികച്ച് അനുഭവിക്കാൻ പ്രദേശവാസികൾക്കായില്ല. ഇതോടെ വേനലിലും മഴക്കാലത്തും കുപ്പിവെള്ളമാണ് കടലിനോട് അടുത്തുള്ളവരുടെ ആശ്രയം.

നീലേശ്വരത്തിന്റെ തീരദേശമേഖലയായ തൈക്കടപ്പുറം അഴിത്തലയിൽ ഉപ്പുവെള്ളം മാത്രം ലഭിച്ചിരുന്ന 140 കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാനാണ് 2015 മേയ് 23-ന് ജലനിധി ഗ്രാമീണ പദ്ധതി ആരംഭിച്ചത്. പ്രദേശവാസി നൽകിയ മൂന്ന് സെന്റ് സ്ഥലത്താണ് കിണർ കുഴിച്ചതും യന്ത്രസാമഗ്രികളും ജലസംഭരണിയും സ്ഥാപിച്ചത്.

അന്ന് പ്രദേശം പടന്ന പഞ്ചായത്തിന്റെ ഭാഗമായിരുന്നു. തുടങ്ങി ഒരുവർഷം തികയും മുന്നെ പദ്ധതി പണി മുടക്കി. ഇടയ്ക്കിടെയുണ്ടാകുന്ന യന്ത്രത്തകരാർ പരിഹരിക്കാൻ ചെന്നൈയിൽനിന്ന് ആളെത്തേണ്ട അവസ്ഥയായി. യന്ത്രത്തകരാർ പതിവായതോടെ പദ്ധതി പൂർണമായി നിലച്ചു. ഇതിനിടെ നഗരസഭയ്ക്ക് പദ്ധതി കൈമാറിയെങ്കിലും പമ്പ് ഹൗസ് പരിസരവും ടാങ്കും കാട് മൂടി.

ആശ്വാസമാകേണ്ടിയിരുന്ന പദ്ധതി നിലച്ചതോടെ കുപ്പിവെള്ളം വാങ്ങേണ്ട ഗതികേടിലാണ് കടൽത്തീരത്തുള്ളവർ. കുടിവെള്ളക്ഷാമം രൂക്ഷമായ അഴിത്തലയിൽ വേനൽ കടുക്കുമ്പോൾ നഗരസഭ വെള്ളം ലോറിയിലെത്തിക്കുകയാണ്. കുടിവെള്ളപ്രശ്നം പരിഹരിക്കാൻ ഇനിയും വൈകരുതെന്നാണ് ജനങ്ങളുടെ ആവശ്യം.പുതിയ പദ്ധതി വരും ജലനിധി പദ്ധതി തുടരാൻ സാധിക്കുന്ന അവസ്ഥയിലല്ല. പ്രദേശത്തിന്റെ കുടിവെള്ളപ്രശ്നത്തിന് പരിഹാരം കാണാനായി പുതിയ പദ്ധതി നടപടിയിലാണ്. അമൃതം പദ്ധതിയ്ക്കായി സ്ഥലം ഗുണഭോക്താക്കൾ കണ്ടെത്തേണ്ടിവരും. തുക കേന്ദ്ര, സംസ്ഥാന സർക്കാരും നഗരസഭയും കണ്ടെത്തും. ആദ്യഘട്ടമായി നഗരസഭാതല കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഇനി തീരദേശതല കമ്മിറ്റിയും രൂപവത്കരിക്കും..

പി.കെ. ലത, വാർഡ് കൗൺസിലർ

യന്ത്രങ്ങളുടെ തകരാർ തിരിച്ചടിയായി പദ്ധതി ആരംഭിച്ച് ഒരുവർഷം തികയും മുമ്പേ യന്ത്രങ്ങൾ തകരാറിലായതാണ് പദ്ധതി നിലയ്ക്കാൻ കാരണം. ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിട്ടും ഫലമില്ലായിരുന്നു. ജലനിധിപദ്ധതിയുടെ നടത്തിപ്പിന് നാലുലക്ഷം രൂപ പടന്ന പഞ്ചായത്ത് വകയിരുത്തിയത് ഇപ്പോഴും നഗരസഭയുടെ അധീനതയിലുണ്ട്. അന്നനുവദിച്ച തുക പുതുതായി വരുന്ന അമൃതം പദ്ധതിയിൽ ഉപയോഗപ്പെടുത്തുന്നതിനെപ്പറ്റി അധികൃതരോട് സംസാരിച്ചിട്ടുണ്ട്.

കെ.പി. സുരേഷ്‌ബാബു, ജനകീയ കമ്മിറ്റി കൺവീനർ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..