Caption
ദേലംപാടി : പൊതുവിദ്യാഭ്യാസ സംരക്ഷണം കൊട്ടിഘോഷിക്കുമ്പോഴും അവഗണനയിൽ ഒരു സർക്കാർ വിദ്യാലയം. ദേലംപാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളാണ് പരിമിതികളിൽ വീർപ്പുമുട്ടുന്നത്.
കർണാടക അതിർത്തി പ്രദേശമായതിനാലും ഭാഷാ ന്യൂനപക്ഷ പ്രദേശമായതിനാലും ഭരണകർത്താക്കളുടെയും ഉദ്യോഗസ്ഥരുടെയും ശ്രദ്ധ ഇവിടെ പതിയാറില്ല. സ്കൂളിൽ 710 വിദ്യാർഥികളാണ് പഠിക്കുന്നത്. ആവശ്യത്തിന് കെട്ടിടമോ അധ്യാപകരോ ഇല്ല. പകുതിയിലധികം അധ്യാപകരും താത്കാലികക്കാരാണ്.
പ്രൈമറിവിഭാഗം പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ കഴുക്കോൽ ദ്രവിച്ച് പൊട്ടി ഓടുകൾ ഇളകി വീണിട്ട് നാളുകളായി. കാലപ്പഴക്കംകൊണ്ടാണ് അഞ്ചുക്ലാസുകൾ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ മേൽക്കൂര തകർന്നത്.
അപകടാവസ്ഥയിലായതിനാൽ ഈ അധ്യയനവർഷം കെട്ടിടത്തിൽ ക്ലാസുകൾ നടത്തിയില്ല. തൊട്ടടുത്തുള്ള ലാബ്, ലൈബ്രറി എന്നിവിടങ്ങളിലാണ് ക്ലാസ് നടന്നത്. 50 വർഷത്തെ പഴക്കമുണ്ട് കെട്ടിടത്തിന്. വർഷങ്ങളായി അറ്റകുറ്റപ്പണി നടത്തിയില്ല.
പുതുക്കാൻ അടങ്കൽ തയ്യാറാക്കി; പരിഗണിച്ചില്ല
:കെട്ടിടം ഇരുമ്പു മേൽക്കൂരയിൽ പുതുക്കിപ്പണിയാൻ 15 ലക്ഷം രൂപയുടെ അടങ്കൽ തയ്യാറാക്കി ജില്ലാ പഞ്ചായത്തിന് സമർപ്പിച്ചിരുന്നെങ്കിലും അംഗീകരിച്ചില്ല.
അടിസ്ഥാന സൗകര്യങ്ങളേറെയുള്ള മറ്റു സ്കൂളുകൾക്ക് പണം മാറ്റിവെച്ചപ്പോഴും ദേലംപാടി സ്കൂളിനെ തഴയുകയായിരുന്നെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു.
അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാൽ പല രക്ഷിതാക്കളും മക്കളെ കർണാടകയിലെ സ്കൂളുകളിൽ ചേർക്കുകയാണ്.
അധികൃതർ അവഗണിക്കുന്നുസ്കൂളിന്റെ ശോച്യാവസ്ഥ പലതവണ ജില്ലാ പഞ്ചായത്ത് ഭരണസമിതിയിൽ ഉന്നയിച്ചതാണ്. 15 ലക്ഷം രൂപയുടെ അടങ്കൽ സമർപ്പിച്ചിട്ടും കെട്ടിടം പുതുക്കിപ്പണിയാൽ ഭരണസമിതി ഫണ്ട് വകയിരുത്തിയില്ല. പട്ടികവർഗ, ഭാഷാ ന്യൂനപക്ഷ വിദ്യാർഥികൾ കൂടുതലുള്ള മേഖലയാണ്..
പി.ബി. ഷെഫീഖ്, ജില്ലാ പഞ്ചായത്തംഗം.
അടിസ്ഥാന സൗകര്യങ്ങളില്ല ആവശ്യത്തിന് ക്ലാസ് മുറികൾ, അസംബ്ലി ഹാൾ, ചുറ്റുമതിൽ, യാത്രാസൗകര്യം എന്നിവ ഇല്ലാത്തതിനാൽ പ്രയാസമുണ്ട്. കെട്ടിടം തകർന്നതോടെ പ്രൈമറി ക്ലാസുകൾ ലാബ്, ലൈബ്രറി, പെൺകുട്ടികളുടെ വിശ്രമമുറി എന്നിവയിലേക്കും മറ്റു കെട്ടിടങ്ങളുടെ ചായ്പിലേക്കും മാറ്റേണ്ടിവന്നു. അധികൃതർ ഇടപെട്ട് ഉടൻ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കണം.
കെ. ഖാലിദ്, പി.ടി.എ. പ്രസിഡന്റ്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..