Caption
തൃക്കരിപ്പൂർ: പ്രിജേഷിന്റെ സംശയാസ്പദമായ മരണത്തിന്റെ ഞെട്ടലിലാണ് മെട്ടമ്മൽ വയലോടിയിലെ നാട്ടുകാർ. ശനിയാഴ്ച രാത്രി ഒൻപതോടെ മത്സ്യവുമായാണ് പ്രിജേഷ് വീട്ടിലെത്തിയത്. ഇപ്പോൾത്തന്നെ കുറച്ചെണ്ണം പൊരിക്കണമെന്ന് പറഞ്ഞ് വീട്ടിലിരിക്കെയാണ് ഒരു ഫോൺ കോൾ വന്നത്. ഫോൺവിളി അവസാനിച്ചശേഷം എനിക്ക് അത്യാവശ്യമായി പയ്യന്നൂരിലേക്ക് പോകണമെന്നും വേഗം തിരിച്ചുവരാമെന്നും പറഞ്ഞാണ് പ്രിജേഷ് പോയതെന്ന് അച്ഛൻ കൃഷ്ണൻ പറഞ്ഞു.
നേരം ഏറെ വൈകിയിട്ടും വരാതായതോടെ അമ്മ അമ്മിണി മകന്റെ ഫോണിലേക്ക് വിളിച്ചുനോക്കി. ഫോൺ റിങ് ചെയ്യുന്നതല്ലാതെ എടുക്കുന്നുണ്ടായിരുന്നില്ല. രാത്രി ഒരുമണി വരെ ഫോൺ റിങ് ചെയ്തിരുന്നു. അത്യാവശ്യങ്ങൾക്കായി രാത്രിയിൽ പോയാൽ രാവിലെ തിരിച്ചുവരാറുണ്ട്. അതിനാൽ വീട്ടുകാർക്ക് സംശയമൊന്നുമുണ്ടായിരുന്നില്ല. പിന്നീട് സ്വിച്ച് ഓഫാകുകയായിരുന്നു. വീടിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള റോഡിലൂടെയാണ് സാധാരണ യുവാവ് ബൈക്കിൽ വീട്ടിലെത്തുക. വടക്കുഭാഗത്തുള്ള വഴിയിലൂടെ വന്നാൽ വീട്ടിലേക്ക് ബൈക്ക് കൊണ്ടുവരാൻ കഴിയില്ല. അവിടെ ഒരു കയറ്റമുണ്ട്. എന്നാൽ മൃതദേഹവും ബൈക്കും കണ്ടത് ആ ഭാഗത്താണ്.
രാവിലെ അച്ഛൻ കൃഷ്ണൻ ആറുമണിക്ക് തന്നെ വീട്ടിൽനിന്ന് ജോലിക്കായി കൈക്കോട്ടുകടവിലേക്ക് പോയിരുന്നു. അവിടെ ഹോട്ടലിൽ ചായ കഴിക്കുന്നതിനിടയിലാണ് സംഭവം അറിയുന്നത്. മരണവാർത്തയറിഞ്ഞ് നാടുമുഴുവൻ വയലോടിയിലേക്കൊഴുകിയെത്തി. ഉച്ചയ്ക്ക് ഒരുമണിക്കണ് ഇൻക്വസ്റ്റ് പൂർത്തിയായത്.
അന്വേഷണം ഊർജിതമാക്കി പോലീസ്
: പ്രിജേഷിന്റെ മരണത്തിൽ ദുരൂഹത കണ്ടെത്തിയ പോലീസ് അന്വേഷണം ഊർജിതമാക്കി. പോലീസ് നായ മൃതദേഹത്തിനടുത്ത് നിർത്തിയിട്ടിരുന്ന മോട്ടോർ ബൈക്കിൽ മണം പിടിച്ച് അവിടെത്തന്നെ ചുറ്റിത്തിരിഞ്ഞ് വീണ്ടും ബൈക്കിനടുത്തെത്തി. ആളുകൾ കൂടിനിന്നതിനാൽ നായക്ക് പുറത്തേക്ക് പോകാനായില്ല. പിന്നീട് നായ ചെറിയ ചാൽ തോടിനു സമീപത്തെ ചതുപ്പ് നിലത്തും ചുറ്റിപ്പറ്റിനിന്നു. സംഭവത്തിലെ പ്രതികളെ സംബന്ധിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. യുവാവിന്റെ കൈയിലുണ്ടായിരുന്ന മൊബൈൽ ഫോൺ കണ്ടെത്താൻ സൈബർ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. മൊബൈൽ കണ്ടെത്തുന്നതോടെ പ്രതികളെ പിടിക്കാൻ കഴിയുമെന്നാണ് പോലീസ് കരുതുന്നത്. തൊട്ടടുത്ത മതിലിനുമുകളിൽ കണ്ടെത്തിയ ഹെൽമെറ്റിലെ വിരലടയാളം പോലീസ് പരിശോധിച്ചിട്ടുണ്ട്. പ്രിജേഷിനെ മർദിച്ച് അവശനാക്കി ബൈക്കിൽ കയറ്റി കൊണ്ടിട്ടതാകാനും സാധ്യതയുണ്ടെന്ന് പോലീസ് കണക്കുകൂട്ടുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..