പൊയിനാച്ചി : ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരായവർ ഉൾപ്പെടെയുള്ളവർക്ക് സ്പെഷ്യാലിറ്റി ചികിത്സ ലഭിക്കുന്ന രീതിയിൽ തെക്കിലിലെ ടാറ്റ ട്രസ്റ്റ് ഗവ. ആസ്പത്രിയെ മാറ്റാനാകുമോയെന്ന് സർക്കാർ ഗൗരവമായി പരിശോധിക്കുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. നിയമസഭയിൽ സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ. അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി.
സ്പെഷ്യാലിറ്റി ചികിത്സ ഒരുക്കാൻ പുതിയ കെട്ടിടം ആവശ്യമാണ്. 50 കിടക്കകളുള്ള ക്രിട്ടിക്കൽ കെയർ ബ്ലോക്ക് നിർമിക്കാനുള്ള ശുപാർശ പരിഗണനയിലുണ്ട്. സി.ടി., എം.ആർ.ഐ. സ്കാനിങ് ഉൾപ്പെടെയുള്ള അത്യാവശ്യ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനുള്ള ഫണ്ട് ലഭ്യമാക്കാനും ശ്രമിക്കുന്നുണ്ട്. കോവിഡ് രോഗികൾ ഇല്ലാതായെങ്കിലും ആസ്പത്രിയിൽ രോഗികൾക്ക് ജനറൽ ഒ.പി. സേവനത്തിന് തടസ്സമില്ലെന്ന് മന്ത്രി വ്യക്തമാക്കി.
സ്ഥലം ആരോഗ്യവകുപ്പിന് കൈമാറിക്കിട്ടാൻ നടപടി
:ജില്ലയുടെ ആരോഗ്യ മേഖലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കോവിഡ് കാലത്താണ് ടാറ്റ കമ്പനിയുടെ സി.എസ്.ആർ. ഫണ്ടിൽ ഉൾപ്പെടുത്തി തെക്കിൽ വില്ലേജിൽ 4.12 ഏക്കറിൽ 81,000 ചതുരശ്ര അടി വിസ്തൃതിയിൽ ആസ്പത്രി സ്ഥാപിച്ചത്. 2020 ഒക്ടോബറിലാണ് ഇവിടെ കോവിഡ് ചികിത്സ തുടങ്ങിയത്.
ആറ് ബ്ലോക്കുകളിലായി 128 പ്രീ-ഫാബ്രിക്കേറ്റഡ് സ്ട്രക്ചറിലുള്ള കൺടെയ്നറുകളിൽ നിർമാണം നടത്തിയിട്ടുള്ള ഈ ആസ്പത്രിയുടെ നിലവിലെ സംവിധാനം ദീർഘകാലാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ കഴിയില്ല.
ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി മാനസിക വെല്ലുവിളികൾ നേരിടുന്ന രോഗികളുടെ പുനരധിവാസത്തിനും ദിനപരിചരണത്തിനുമായുള്ള (ഡേകെയർ) പകൽവീട് ഇവിടെ പ്രവർത്തിക്കുന്നുണ്ട്. പകൽ വീട്ടിൽ 28 രോഗികളുണ്ട്.
പൂട്ടാൻ പോകുന്നുവെന്നത് ശരിയല്ല - എം.എൽ.എ.
:ടാറ്റ ആസ്പത്രി പൂട്ടാൻ പോകുന്നുവെന്ന് വ്യാജ വാർത്ത സൃഷ്ടിച്ച് ജില്ലയിലെ പാവപ്പെട്ടവരെ ആശങ്കയിലാക്കുകയാണെന്ന് സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ. ആരോപിച്ചു. നിയമസഭയിൽ അവതരിപ്പിച്ച സബ്മിഷനിലാണ് ഈ പരാമർശം. കോവിഡ് വ്യാപനം കുറഞ്ഞ സ്ഥിതിയിൽ സി കാറ്റഗറിയിൽ പ്രവർത്തിക്കുന്ന ആസ്പത്രിയിൽ രോഗികൾ കുറഞ്ഞു. ഡോക്ടർമാരെയും മറ്റു ജീവനക്കാരെയും ജില്ലയിൽ പുനർവിന്യസിച്ചു. ചിലർ ഉന്നതതലത്തിൽ ബന്ധപ്പെട്ട് തസ്തികയടക്കം മറ്റു ജില്ലകളിലേക്ക് മാറ്റാൻ തന്ത്രപരമായ നീക്കം നടത്തിയെന്നും എം.എൽ.എ. ആരോപിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..