ചെർക്കള-കല്ലടുക്ക റോഡ് നവീകരണം; കരാർ റദ്ദാക്കാൻ നടപടി


പൊയിനാച്ചി : കരാറുകാരൻ പ്രവൃത്തി തുടരാൻ തയ്യാറാകാത്ത സാഹചര്യത്തിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട ചെർക്കള-കല്ലടുക്ക റോഡ് നവീകരണ കരാർ റദ്ദാക്കാൻ നടപടി തുടങ്ങി. ഇതിന്റെ മുന്നോടിയായി ഒന്നാം നോട്ടീസ് നൽകിയതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ.യെ അറിയിച്ചു.

2018 ജൂലായ് 12-ന് ടെൻഡർ ചെയ്ത പ്രവൃത്തിയുടെ കരാറിൽ ഒപ്പുവെച്ചത് 2018 ഒക്ടോബർ 10-നായിരുന്നു. 2019 ഒക്ടോബർ 24 ആയിരുന്നു നവീകരണ കാലാവധി. പ്രവൃത്തിയുടെ ആകെ നീളം 19.194 കിലോമീറ്ററാണ്. യഥാസമയം പ്രവൃത്തി തീർക്കാത്തതിനാൽ പലതവണ കരാർ കാലാവധി നീട്ടിനൽകിയിരുന്നു. ഇക്കഴിഞ്ഞ നവംബർ 30 ആയിരുന്നു ഒടുവിലത്തെ കാലാവധി. നിർമാണത്തിലെ അപാകം ചൂണ്ടിക്കാട്ടി കഴിഞ്ഞ മാർച്ചിൽ കിഫ്ബി കരാറുകാരന് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു.

പിന്നീട് പദ്ധതിസ്ഥലത്തെ പ്രത്യേക സാഹചര്യവും ജനങ്ങളുടെ അസൗകര്യവും കണക്കിലെടുത്ത് ഒരവസരം കൂടി നൽകുകയായിരുന്നു. 35,68,01,761 രൂപയാണ് കരാർ തുക. ഇതിൽ 27,87,11193 രൂപയുടെ ബില്ലുകൾ കരാറുകാരന് മാറിനൽകിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഇതുവരെ 78 ശതമാനം പ്രവൃത്തി പൂർത്തിയാക്കിയിട്ടുണ്ട്. റോഡിന്റെ ഡി.ബി.എം. പ്രവൃത്തി മുഴുവനായും പൂർത്തിയായിട്ടുണ്ട്. സെക്കൻഡ് ലെയർ ആയ ബി.സി.യും അനുബന്ധ പ്രവൃത്തികളുമാണ് ഇനി ബാക്കിയുള്ളത്. ഫസ്റ്റ് ലെയർ ടാറിങ് ചെയ്തതിനുശേഷം സെക്കൻഡ് ലെയർ തുടങ്ങാനുള്ള സമയപരിധി 48 മണിക്കൂറാണെന്നിരിക്കെയാണ് പണി അനിശ്ചിതമായി മുടങ്ങിയത്. രണ്ടാംലെയർ ടാറിങ് ഉടൻ തുടങ്ങിയില്ലെങ്കിൽ ആദ്യഘട്ട ടാറിങ് അടർന്ന് റോഡ് പൂർണമായി തകരാൻ ഇടയാക്കുമെന്ന് എം.എൽ.എ. ചൂണ്ടിക്കാട്ടി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..