സ്നേഹാലയത്തിൽ സേവനം ചെയ്യുന്ന മരുത്തുവർ സമുദായ സംരക്ഷണസമിതി പ്രവർത്തകർ
കാഞ്ഞങ്ങാട്: വ്യത്യസ്തനായ ബാർബറുടെ കഥ കണ്ടും കേട്ടും സുപരിചിതമായ കാലത്ത് ഇവിടെ മറുനാട്ടുകാരായ 16 ബാർബർ തൊഴിലാളികൾ നിശ്ശബ്ദസേവനത്തിലൂടെ വ്യത്യസ്തരാവുകയാണ്. 200-ഓളം അഗതികൾ പാർക്കുന്ന അമ്പലത്തറ മൂന്നാംമൈൽ സ്നേഹാലയത്തിനാണ് ബാർബർത്തൊഴിലാളികളുടെ സൗജന്യസേവനം.
മരുത്തുവർ സമുദായ സംരക്ഷണസമിതി ജില്ലാ കമ്മിറ്റി അംഗങ്ങളായ ബാർബർത്തൊഴിലാളികളാണ് മുടക്കം കൂടാതെ സ്നേഹാലയത്തിലെത്തി സേവനം ചെയ്യുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ബാർബർ ഷോപ്പ് നടത്തുന്നവരാണ് ഇവരെല്ലാം.
'ഇനിയും മുന്നോട്ട്’ കൂട്ടായ്മയിലൂടെ പരസ്പരം വിവരം കൈമാറി ഇവർ സംഘമായാണ് സ്നേഹാലയത്തിൽ എത്തുക. സേവനത്തിനു പുറമേ പലപ്പോഴും സ്നേഹാലയത്തിലേക്കുള്ള പലവ്യഞ്ജനങ്ങളും പച്ചക്കറികളും വസ്ത്രങ്ങളും സമിതി അംഗങ്ങളുടെ കൈയിലുണ്ടാകും. അഞ്ചുമണിക്കൂർകൊണ്ട് മുഴുവൻ അന്തേവാസികളുടെയും മുടിവെട്ടിലും ഷേവിങ്ങും നടത്തിയാണ് മടക്കമെന്ന് സ്നേഹാലയ ചുമതല വഹിക്കുന്ന ഫാ. ഈശോദാസ് പറഞ്ഞു. സമിതിയുടെ സേവനം ഏറെ വിലപ്പെട്ട ജീവകാരുണ്യപ്രവൃത്തിയാണെന്ന് ഫാദർ കൂട്ടിച്ചേർത്തു.
വർഷങ്ങൾക്കു മുൻപ് തമിഴ്നാട്ടിൽനിന്ന് കുടിയേറി കുടുംബമായി ജീവിക്കുന്നവരാണ് സമിതി അംഗങ്ങളെല്ലാം. പള്ളിക്കര പാക്കത്തെ ബി. വിജയനാണ് സംഘത്തിന് നേതൃത്വം വഹിക്കുന്നത്. എം. ഗോപി, രാഘവൻ, കെ. ഗോപി, മനോജ്, സെന്തിൽ, ശിവം, ശങ്കർ, രാജ്കുമാർ, സിലമ്പരസൻ, കാളിദാസ്, മോഹൻദാസ്, മൂർത്തി, സെന്തിൽകുമാർ, അരുൺകുമാർ, അദൈകാലം എന്നിവരാണ് സേവനത്തിനെത്തുന്ന മറ്റ് അംഗങ്ങൾ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..